ആഹാരം നന്നായി ചവച്ചരച്ചു കഴിക്കുക, ഇല്ലെങ്കില്‍ ഈ രോഗങ്ങള്‍ പിന്നാലെ

ആഹാരം നന്നായി രുചിച്ചു കഴിക്കണമെന്നു നമുക്കറിയാം. എന്നാല്‍ ആഹാരം നല്ലതു പോലെ ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ എന്തുസംഭവിക്കുമെന്നറിയാമോ? പലവിധ ആരോഗ്യപ്രശ്നങ്ങളും നിങ്ങളെ തേടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദന്താരോഗ്യത്തെ മാത്രമല്ല, നമ്മുടെ ദഹനവ്യവസ്ഥയെത്തന്നെ ഇതു ബാധിക്കും. ആഹാരം നന്നായി ചവച്ചരച്ചു കഴിച്ചില്ലെങ്കില്‍ ബാധിക്കുന്ന ചില അവസ്ഥകളെക്കുറിച്ച് അറിയാം.

ദഹനപ്രശ്നങ്ങള്‍: 
നെഞ്ചെരിച്ചില്‍, മലബന്ധം, പുളിച്ചുതികട്ടല്‍ തുടങ്ങി പല പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ആഹാരം നന്നായി ബ്രേക്ക്‌ഡൗണ്‍ ചെയ്യുക എന്ന പ്രക്രിയയാണ് ദഹനത്തിന്റെ ആദ്യപടി. അതു ശരിയായി നടന്നില്ലെങ്കില്‍ പിന്നെ എല്ലാം തകിടം മറിയും. നന്നായി ചവയ്ക്കാത്ത ആഹാരം വയറ്റിലെത്തുമ്പോള്‍ വയറിനു പിന്നെയും ജോലിഭാരം വര്‍ധിക്കുകയാണ്. ഇത് ശരീരത്തിന്റെ കൂടുതല്‍ ഊര്‍ജം കവര്‍ന്നെടുക്കും.

പോഷകങ്ങള്‍ എത്തുന്നത് കുറയും:
നന്നായി ചവച്ചരയ്ക്കാത്ത ആഹാരത്തിൽനിന്നു ശരീരത്തിന് പോഷകങ്ങൾ പൂർണമായും വലിച്ചെടുക്കാനാവില്ല. ഇതുമൂലം പോഷകങ്ങളുടെ കുറവു സംഭവിക്കും.

ഭഷ്യവിഷബാധ:
നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകാം.

മൂഡ്‌ സ്വിങ്സ്:
ആഹാരവും മനസ്സും തമ്മില്‍ ബന്ധമില്ല എന്നു കരുതിയെങ്കില്‍ തെറ്റി. ആഹാരം ശരിയായല്ല നമ്മുടെ വയറ്റില്‍ എത്തുന്നതെങ്കില്‍ അത് വയറ്റില്‍ ഗ്യാസ് നിറയാന്‍ കാരണമാകും. ഇതു നമ്മെ മൊത്തത്തില്‍ ബാധിക്കും.

ഭാരം കൂടും:
ആഹാരം കഴിക്കുന്ന രീതിയും ഭാരവര്‍ധനവും തമ്മില്‍ വലിയ ബന്ധമുണ്ട്. നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കിലോ വേഗത്തില്‍ ആഹാരം കഴിച്ചാലോ ഒക്കെ  പലപ്പോഴും അമിതവണ്ണമായാകും ശരീരം പ്രതികരിക്കുക. ധാരാളം സമയമെടുത്തു സാവധാനം വേണം ആഹാരം കഴിക്കാന്‍.

Read More : Health tips