ഇടംകൈകൊണ്ട് വരയുടെ പൂരം തീർക്കുന്ന മുഹമ്മദ്

മലപ്പുറത്തുകാർ മാട്ടി മുഹമ്മദ് എന്നു സ്നേഹത്തോടെ വിളിക്കുന്ന ചിത്രകാരൻ ആറാട്ട്തൊടി മുഹമ്മദ്. വലതുകൈ മുട്ടിനു താഴെ ജന്മനാ ഇല്ലെങ്കിലും വരകളുടെ പൂരം തീർത്ത് ഇടംകൈ ഉഷാർ. വരയാണു മുഹമ്മദിന്റെ സന്തോഷം. വരകളിൽ നിറയുന്നതോ, രാത്രിയുടെ സൗന്ദര്യം. ‘രാത്രിക്ക് ഇത്ര ഭംഗിയോ’ എന്നു ചോദിച്ചുപോകുന്നത്ര മനോഹരമായ സൃഷ്ടികൾ. കയ്യില്ലാത്ത തന്നെ കൂട്ടുകാർ ഒറ്റപ്പെടുത്തിയപ്പോഴാണു വരകളിൽ സന്തോഷം തേടിയതെന്നു മുഹമ്മദ്. പിന്നീട് സ്കൂളിലും കോളജിലുമെല്ലാം ചിത്രരചനയിൽ സമ്മാനങ്ങളായി; അതും വര പഠിക്കാതെ തന്നെ. പ്രീഡിഗ്രിക്കു ശേഷം കോഴിക്കോട് യൂണിവേഴ്സൽ ഫൈൻ ആർട്സ് കോളജിൽ നിന്ന് ചിത്രരചനയിൽ ബിരുദം നേടി. 

പരസ്യത്തിലൂടെ കലാരംഗത്തേക്ക്

മലപ്പുറത്ത് മാട്ടി എന്ന പരസ്യക്കമ്പനിക്കു തുടക്കമിട്ടു. ചുമരെഴുത്തും ഹോർഡിങ്സും പത്രങ്ങളിലെ പരസ്യവുമെല്ലാമായി തിരക്ക്. ഇതിനിടെ, മികച്ച പരസ്യക്കമ്പനിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം. 2013ൽ വേങ്ങര പഞ്ചായത്തിൽ ക്ലാർക്കിന്റെ ജോലി ലഭിച്ചതോടെ  കമ്പനി സുഹൃത്തിനു കൈമാറി. കുറെക്കഴിഞ്ഞപ്പോൾ എന്തോ ഒരു ശൂന്യത. വീട്ടിൽ ഇക്കാര്യം പറയുന്നതിനിടെ ഇളയ മകൾ റിയ ചോദിച്ചു, ‘‘ ഉപ്പയ്ക്ക് ചിത്രം  വരച്ചൂടേ’’.  ശരിയാണല്ലോ, ചിത്രങ്ങളുടെ ലോകത്തു നിന്നു മാറാൻ എങ്ങനെ സാധിക്കും. അങ്ങനെ വീണ്ടും ചിത്രരചനയിലേക്കു പൂർണമായും മുഴുകാനുറച്ചു. സുഹൃത്ത് പാണക്കാട് മൊയീൻ അലി തങ്ങൾ പറഞ്ഞതനുസരിച്ചാണു പ്രത്യേക ലൈറ്റിങ്ങിൽ ഊന്നിയുള്ള ചിത്രങ്ങളിൽ ശ്രദ്ധിച്ചത്. പിന്നെ രാത്രിയുടെ സൗന്ദര്യം എന്നതായി വിഷയം. ഓരോ സ്ഥലത്തെയും രാത്രി വരകളിലൂടെ ആവിഷ്ക്കരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ ‘അടയാളം’ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ അഞ്ച് രാഷ്ട്രീയ നേതാക്കൾക്കു വരച്ചു കൊടുത്തത് ഒരേ ചിത്രത്തിന്റെ പല വർണ വൈവിധ്യങ്ങൾ. രാത്രിയിലെ ഭയം എന്നതാണ് അടുത്ത വിഷയമെന്നു മുഹമ്മദ്. മുംതാസ് ആണ് ഭാര്യ. വിദ്യാർഥികളായ മുർഷിദ, സഫ്‍വാൻ, റിയ എന്നിവർ മക്കളും.