പനിയും സന്ധിവേദനയും അലട്ടുന്നുവോ? എങ്കില്‍ നിങ്ങൾ ഇതിന് അടിമയായേക്കാം

നിങ്ങൾ വിട്ടുമാറാത്ത പനിക്കും സന്ധിവേദനക്കും അടിമയാണോ? എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ റൂമാറ്റിക് വാതപ്പനി നിങ്ങളെ കീഴ്‍പെടുത്തിയിട്ടുണ്ടാകാം. എന്തെല്ലാമാണ് ഇതിന്‍റെ ലക്ഷണങ്ങൾ, എങ്ങിനെ നേരിടാം റൂമാറ്റിക് വാതപ്പനിയെ.  സംശയങ്ങൾക്ക് ഉത്തരവുമായി ഡോ. കെ പി ജോർജ്

ഇരുപത്തി രണ്ടു വയസ്സുള്ള ഒരു യുവതിയാണു ഞാൻ. രണ്ടു വർഷത്തോളമായി എനിക്കു വിട്ടുമാറാത്ത പനിയും സന്ധി വേദനയുമാണ്. ശരീരത്തിൽ എവിടെയെങ്കിലും ചെറുതായി അടിക്കുകയോ മറ്റോ ചെയ്താൽ തടിച്ചു പൊങ്ങുകയും ചൊറിച്ചിലുണ്ടാകുകയും ചെയ്യുന്നു. വിശപ്പില്ല. മുപ്പത്തി ഒൻപതു കിലോ തൂക്കമുണ്ട്. എപ്പോഴും ക്ഷീണമാണ്. മുൻപു രക്തം പരിശോധിച്ചപ്പോൾ എഎസ്ഒ 400 ഉണ്ടായിരുന്നു. ഇപ്പോൾ 200 ൽ താഴെയാണ്. ഇഎസ്ആർ മുപ്പത്തിമൂന്ന് ഉണ്ട്. ഇത് ഒരു അസുഖമല്ലെന്നും ടെൻഷൻ മൂലമുണ്ടാകുന്നതാണെന്നുമാണു ഡോക്ടർ പറയുന്നത് പക്ഷേ, എനിക്കു യാതൊരു ടെൻഷനുമില്ല. ഉറക്കവും നല്ലതുപോലെയുണ്ട്. ഇത് എന്തു രോഗമാണു ഡോക്ടർ? ഇതിനു ചികിൽസ ഉണ്ടോ? ദയവായി ഉപദേശം തന്നു സഹായിക്കണം.

സസ്യഭുക്കായാലും മാംസഭുക്കായാലും നിത്യജീവിത ഊർജത്തിന് ഏവരും ഭോജനപ്രിയരാണ്. അതിനുവേണ്ടി കാണപ്പെടുന്നവയും കാണപ്പെടാത്തവയുമായ പലതുമായും നിത്യേന പല പോരാട്ടങ്ങളും സദാ നടന്നുവരുന്നു. ഇതിനെല്ലാം ശരീരത്തിനു പലതരം പ്രതിരോധശക്തി അത്യന്താപേക്ഷിതമാണ്. പക്ഷേ, അത് അതിരുവിട്ടു പോയാൽ വെളുക്കാൻ തേച്ചതു പാണ്ടായി എന്നു പറഞ്ഞതു മാതിരി ആയിത്തീരും. ഇക്കൂട്ട ത്തിൽ പെടുത്താവുന്ന ഒരു സംഗതിയാണു ചർമത്തിൽ ചൊറിയുമ്പോൾ തടിച്ചു പൊങ്ങി പിന്നീടു വേദനിക്കുന്നത്. ചൊറിച്ചിൽ, തടിപ്പ്, ചുവപ്പ്, നീര് എല്ലാം വന്നു കൂടാം. ഇത്തരം പ്രതിഭാസം എല്ലാവരിലും കാണുന്നില്ല. ദിവസങ്ങൾ കഴിയു ന്തോറും ആളുകളിൽ ഈ പ്രത്യേകതകൾ കൂടുതലായി കണ്ടു വരുന്നതിനാൽ അതിനെ ‘അലർജി’ എന്നു പേരിട്ടു ക്രമേണ നാം അംഗീകരിച്ചു വരുന്നു. 

ചെറുപ്പത്തിൽ പനിയും സന്ധിവേദന പല സന്ധികളിലും മാറി മാറി വരുന്നതു റൂമാറ്റിക് വാതപ്പനിയായാണു സൂചിപ്പിക്കുന്നത്. ഇതു ഹൃദയവാൽവിനെക്കൂടി ബാധിക്കുമെന്നതിനാൽ അതിനുള്ള പ്രത്യേക പരിശോധനകളും ആവശ്യമാണ്. ഇതിനു ലക്ഷണങ്ങളായി ചില മാനദണ്ഡങ്ങൾ ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പ്രധാനകാരണമായി വായ്ക്കകത്തു സർവവ്യാപിയായി കൂടുകൂട്ടി താവളമുറപ്പിച്ചിരിക്കുന്ന സ്ട്രെപ്റ്റോ കോക്കസ് ബാക്ടീരിയ ആണ്. ഈ ഇനത്തിൽപ്പെടുന്ന ആയിരക്കണക്കിനു ബാക്ടീരിയകളിൽ അപൂർവം ചിലതു മാത്രമേ ഹൃദയവാൽവിൽ താവളമുറപ്പിച്ച് അതിനു ക്ഷതം വരുത്തുന്നുള്ളൂ. മാത്രമല്ല, ജന്മനാലെ ചെറിയതെങ്കിലും വൈകല്യമുള്ള വാൽവിനെ മത്രമേ ബാധിക്കുകയുള്ളൂ. അതിനാൽ സ്ട്രെപ്റ്റോ കോക്കസ് ബാക്ടീരിയയുടെ മൊത്തത്തിലുള്ള പ്രസരണം (വായിലും ആകാം) സൂചിപ്പിക്കുന്ന എഎസ്ഒ നിങ്ങളിൽ കൂടി നിൽക്കുന്നത്. അതു റുമാറ്റിക് വാതപ്പനിയുടെ നിർണയത്തിന് ഒരു മാനദണ്ഡമായി അംഗീകരിച്ചിട്ടുമില്ല. 

പനി വെറും ‘ഉൾപ്പനി’ മാത്രമല്ലെങ്കിൽ റുമാറ്റിക് വാതപ്പനിയെപ്പറ്റി കൂടുതൽ പരിശോധന വേണ്ടി വരും. ഇസ്ആറും പനിയുള്ളവരിലെല്ലാം തന്നെ കൂടുതലായിരിക്കും. അതു കൂടിയിരിക്കുന്നതു കൊണ്ടു മാത്രം രോഗം നിജപ്പെടുത്താൻ സാധിക്കുകയുമില്ല. രോഗലക്ഷണങ്ങൾ മിക്കതും അലർജി മൂലം വന്നിട്ടുള്ളതാണെന്നു കരുതണം. അലർജി മൂലം രക്ത ത്തിൽ നിക്ഷിപ്തമാകുന്ന ഹിസ്റ്റമിൻ ആണു ലക്ഷണങ്ങൾ മിക്കതും സൃഷ്ടിക്കുന്നത്. അതുകൊണ്ട് ആന്റി ഹിസ്റ്റമിൻ മരുന്ന് ചികിത്സയെ സഹായിക്കും. പക്ഷേ, ആന്റി ഹിസ്റ്റമിൻ മരുന്നുകൾ നമ്മുടെ കൂർമശ്രദ്ധയെ സ്വൽപം മന്ദീഭവിപ്പിച്ചേ ക്കാം. ദീർഘനേരം വണ്ടി ഓടിക്കുന്നവർക്ക് ഇത് ഒരു പ്രശ്നമാ യേക്കാം. നിങ്ങളുടെ രോഗം വ്യക്തമാക്കാൻ കൂടുതൽ പരിശോധന വേണ്ടി വരും. റുമാറ്റിക് വാതപ്പനിയാണെങ്കിൽ പെനിസിലിൻ കുത്തിവയ്പുകൊണ്ട് അതിനു കാരണമാകാറുള്ള സ്ട്രെപ്റ്റോ കോക്കസ് ബാക്ടീരിയയെ നശിപ്പിക്കാൻ സഹായിക്കും. പക്ഷേ, വീണ്ടും വരാതിരിക്കാൻ മൂന്നാഴ്ച തോറും തുടർച്ചയായി മുടങ്ങാതെ പെനിസിലിൻ കുത്തിവയ്പു എടുക്കേണ്ടി വരും.