84ാം വയസ്സിലും 48ന്റെ ചുറുചുറുക്ക് !

ടാറ്റയുടെ വിമാനം കണ്ണൂരിലിറങ്ങിയ 1935 ലാണ് എ. വി. രാഘവപ്പൊതുവാളിന്റെ ജനനം. ജീവിതത്തിനു വിമാനവുമായി ബന്ധമൊന്നും ഇല്ലെങ്കിലും ഇക്കൊല്ലം വിമാനം ഇറങ്ങുമ്പോൾ അതു കാണാൻ എത്ര കിലോമീറ്ററും കൂളായി സൈക്കിളിൽ ചവിട്ടിപ്പോകുമെന്നു പൊതുവാൾ. ഒരു കോച്ചിങ്ങും ഇല്ലാതെ സൈക്കിൾ ഓടിച്ചു തുടങ്ങിയ തനിക്ക് ഈ 84–ാം വയസ്സിലും കോച്ചിപ്പിടിത്തമൊന്നും വരില്ലെന്നും അദ്ദേഹം.  പയ്യന്നൂരിനടത്തുള്ള അന്നൂരിൽ പൊതുവാളും സൈക്കിളും ഹാപ്പി. 

സൈക്കിൾ ചവിട്ടുന്നതു കൊണ്ടുള്ള മെച്ചം?

നടപ്പു പോലെ തന്നെ. എല്ലാവരെയും കണ്ടു കുശലം പറഞ്ഞ് അങ്ങനെ പോകാം. അത്രതന്നെ.

ജോലിയും സൈക്കിളും ?

ജീവിതം കൊണ്ടു ഗാന്ധിയനാണ്. കേരള സർവോദയ സംഘത്തിൽ 35 വർഷം സേവനം ചെയ്തു. അധിക കാലവും കോഴിക്കോട്ടായിരുന്നു. അന്നു സൈക്കിളിലാണു മാനാഞ്ചിറയും വലിയങ്ങാടിയും ചുറ്റിയത്. നീട്ടിച്ചവിട്ടാൻ ഒരുപാട് ഇടമുണ്ടായിരുന്നു അന്ന്. ഇന്ന് ട്രാഫിക്കും തിരക്കും. അത്ര രസമില്ലെങ്കിലും ചവിട്ടി ഒപ്പിക്കാം. 

സ്വന്തമായി സൈക്കിൾ?: 

ഇപ്പോൾ ഒരെണ്ണം ഉണ്ട്. പണ്ടൊന്നും സ്വന്തമാക്കേണ്ട ആവശ്യമില്ലായിരുന്നു. ഒരണയ്ക്ക് ഒരുമണിക്കൂർ വാടകയ്ക്കു കിട്ടും. ഒരണ എന്നു പറഞ്ഞാൽ 25 പൈസയുടെ നാലിൽ ഒന്ന്! ഇന്ന് സൈക്കിൾ എല്ലാവർക്കും വാങ്ങാം. ഓടിക്കാം. എന്നാൽ പലരും ഓടിക്കുന്നില്ലല്ലോ!

സൈക്കിളിൽ ദീർഘ ദൂരം? :

വർഷങ്ങൾക്കു മുൻപ്. ഒരു സുഹൃത്തിന്റെ കുടുംബക്കാരന് അപകടം പറ്റി. കോഴിക്കോട്ടു നിന്ന് കൊയിലാണ്ടിക്കു പോകണം. 12 മണി കഴിഞ്ഞതിനാൽ സൈക്കിളേ ഉള്ളൂ രക്ഷ. ഞങ്ങൾ രണ്ടു സൈക്കിളുമായി ഇറങ്ങി. കൊയിലാണ്ടിയിൽ ചെന്നു  രാത്രി രണ്ടു മണിക്ക് തിരിച്ചു റൂമിൽ എത്തി സൈക്കിൾ സ്റ്റാൻഡിലിട്ടു. അതായത് ആകെ രണ്ടു മണിക്കൂർ. 

കോഴിക്കോട്– കൊയിലാണ്ടി 25 കിലോമീറ്റർ അപ്പോൾ 40 കീലോമീറ്റർ വേഗത്തിൽ ചവിട്ടിക്കാണുമോ?: 

ആ...അതറിയില്ല. ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല. കാറ്റടിച്ചതു മാത്രം ഓർമയുണ്ട്. 

സൈക്കിളിലെ പിൻസീറ്റ്: 

പിൻസീറ്റ് മിക്കവാറും സാധനങ്ങളാണ്. ഭാര്യ ദാക്ഷായണിയെ കയറ്റാറില്ല. സ്പീഡ് കുറയും. പിന്നെ അവർക്കൊക്കെ എങ്ങനെയും പോകാമല്ലോ. എനിക്കു സൈക്കിളേ പറ്റൂ. 

സൈക്കിളോടിക്കാനും കൂട്ടില്ലല്ലോ?: 

ഡോക്ടർമാർ ഒഴിച്ച് എല്ലാ മേഖലയിലും സുഹൃത്തുകളുണ്ട്. സൈക്കിൾ ഓടിക്കാൻ നിർബന്ധിക്കാൻ കഴിയില്ലല്ലോ. എല്ലാവർക്കും വിയർപ്പിന്റെ പ്രശ്നമല്ലേ. ഞാൻ ഖാദി വസ്ത്രങ്ങളേ ഇടൂ. അപ്പോൾ വിയർപ്പ് പ്രശ്നമല്ല. ഭാര്യയും അങ്ങനെ തന്നെ. 

ഡോക്ടർമാരോട് എന്തെങ്കിലും പ്രശ്നം?:

ഒരു പ്രശ്നവും ഇല്ല. ഏറ്റവും നല്ല ജോലിയല്ലേ? പക്ഷേ അവരെ കാണാറില്ല. എനിക്കു ഷുഗറും പ്രഷറും കൊളസ്ട്രോളുമില്ല. പശു, കൃഷി, നടത്തം, സൈക്കിൾ– 24 മണിക്കൂർ ഇങ്ങനെയങ്ങു തീരും. അസുഖമുണ്ടെന്നു തോന്നിയാലല്ലേ ലാബിലും ആശുപത്രിയിലും ഒക്കെ പോകേണ്ടതുള്ളൂ. കഴിഞ്ഞ വർഷം പക്ഷേ, ഡെങ്കിപ്പനി വന്നു. പരമാവധി പിടിച്ചു നിന്നു. ബോധം പോയപ്പോൾ ആശുപത്രിയിൽ കൊണ്ടു പോയി. അന്നും ഡോക്ടർമാരെ കണ്ട ഓർമയില്ല കേട്ടോ. 

ഭക്ഷണം? 

ഓർമയിൽ ഹോട്ടൽ ഭക്ഷണവും ഇല്ല. താളായാലും മത്തനില ആയാലും വീട്ടിൽ നിന്നു മാത്രം. വല്ലപ്പോഴും ദൂരെ പോയാൽ പരിചയക്കാരുടെ വീട്ടിൽ നിന്ന്.  30 വർഷം കോഴിക്കോട്ട് താമസിച്ചിട്ട് ഒരു ബിരിയാണി പോലും കഴിക്കാത്ത പഹയൻ എന്നു കൂട്ടുകാർ പറയും. 

എല്ലാ ഉത്തരത്തിന്റെയും അവസാനം അത്രതന്നെ, അത്രതന്നെ എന്ന് ആവർത്തിക്കുന്നുണ്ടല്ലോ. എന്താണ് ഇങ്ങനെ?

മിക്കദിവസവും 10–12 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്നതു പോലെ ഓരോരോ ശീലങ്ങൾ. അത്രതന്നെ...!!!