പൊള്ളലിനു പേസ്റ്റും തേനും വേണ്ട; ശ്രദ്ധിക്കാം ഈ അപകട കാര്യങ്ങൾ

പ്രഥമ ശുശ്രൂഷകൾ വെറുമൊരു പ്രാഥമിക പരിചരണം മാത്രമല്ല. കൃത്യസമയത്തു ചെയ്യുന്ന പ്രഥമശുശ്രൂഷകൾ ജീവൻ രക്ഷിക്കാൻ തന്നെ സഹായിച്ചുവെന്നു വരും. കൊച്ചുകുഞ്ഞുങ്ങൾ ഉള്ളവരുടെ കാര്യം പറയുകയും വേണ്ട, അപകടം ഏതെന്നു തിരിച്ചറിയാനുള്ള പ്രായം എത്തുന്നതുവരെ എപ്പോഴും അവരുടെമേൽ ഒരു കണ്ണ് വേണം. എത്രയൊക്കെ ശ്രദ്ധിച്ചാലും ചിലപ്പോൾ അപകടങ്ങൾ സംഭവിക്കാം. അത്തരം സാഹചര്യങ്ങളിൽ ആശങ്കപ്പെടാതെ പ്രഥമശുശ്രൂഷ നൽകി ഡോക്ടറെ കണ്ട് വിദഗ്ധ ചികിൽസ തേടുന്നതാണ് നല്ലത്. അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വേണ്ടിവന്നാൽ നൽകേണ്ട പ്രഥമശുശ്രൂഷകളും അടുത്തറിയാം

∙ കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കരുത്.  അപകടകരമല്ലെന്ന്  ഉറപ്പുള്ള സ്ഥലങ്ങളിൽ മാത്രം  കുട്ടികളെ കളിക്കാൻ അനുവദിക്കുക. കളിക്കുമ്പോൾ വീഴ്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുതിർന്ന ഒരാളുടെ മേൽനോട്ടം വേണം.

∙ കുളിമുറിയിൽ വെള്ളം നിറച്ച ബക്കറ്റിനരുകിൽ കുഞ്ഞിനെ  നിർത്തരുത്.

∙ ചെറിയ മുത്തുകൾ,  കല്ലുകൾ, ബട്ടൺസ്, വിത്തുകൾ ഇവ സൂക്ഷിക്കണം

∙ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. വിഴുങ്ങാനോ വീഴാനോ സാധ്യതയുള്ള കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് നൽ‌കരുത്.  ലോഹനിർമിതമായവ ഒഴിവാക്കണം. ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കളിപ്പാട്ടങ്ങൾ  നൽകരുത്.

∙ ടിവി, റേഡിയോ ടേബിൾഫാൻ ഭാരമുള്ള വസ്തുക്കൾ തുടങ്ങിയ കുട്ടികളുടെ കയ്യെത്തും ഉയരത്തിൽ സൂക്ഷിക്കരുത്. മേശവിരിയിൽ പിടിച്ച് ഇത്തരം വസ്തുക്കൾ താഴെയിടാതിരിക്കാനുള്ള മുൻകരുതലെടുക്കണം.

∙ അടുപ്പിന്റെ അരികിൽ  നിന്നു  മാറ്റിനിർത്തണം. ചൂടു വസ്തുക്കൾ പാത്രങ്ങളിലേക്ക് പകർത്തുമ്പോഴും പകർത്തി സൂക്ഷിക്കുമ്പോഴും സൂക്ഷിക്കണം

∙  റോഡിലോ റോഡിനു സമീപത്തോ  ടെറസിലോ കളിക്കാൻ അനുവദിക്കരുത് 

∙ വീടിനു സമീപമുള്ള കുളങ്ങൾക്കും കിണറുകൾക്കും ഉയരമുള്ള സംരക്ഷണ ഭിത്തി കെട്ടുക. കിണറുകൾ ഇരുമ്പുവല കൊണ്ട് മൂടുന്നതാണ് നല്ലത്.

∙ മൂർച്ചയുള്ള ആയുധങ്ങൾ, ചുറ്റിക, ആണി, പിൻ  തുടങ്ങിയ സാധനങ്ങൾ കുട്ടികളുടെ കളിയിടങ്ങളിലോ സമീപത്തോ ഇല്ലെന്ന് ഉറപ്പുവരുത്തണം. കത്തി, ബ്ലേഡ് പോലുള്ളവ കുട്ടികൾക്ക് കളിക്കാൻ നൽകരുത്. 

∙ സ്വിച്ച് ബോർഡുകളും പ്ലഗ് ബോർഡുകളും  കുട്ടികൾ‌ക്ക് കൈ എത്തിപ്പിടിക്കാൻ കഴിയുന്നതാവരുത്.  ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങളിൽ തൊടാതിരിക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുങ്ങൾക്ക് വൈദ്യുതാഘാതമേൽക്കാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പുവരുത്തണം.

∙ തോടുകളും പുഴകളും വീടിന്റെ തൊട്ടടുത്തുണ്ടെങ്കിൽ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം

∙  ടേബിളിനു മുകളിൽ കൊച്ചു കുഞ്ഞുങ്ങളെ തനിയെ ഇരുത്തരുത്. 

∙ കുട്ടികളുള്ള വീട്ടിൽ സൂചി, സേഫ്ടി പിൻ‌ മുതലായവ അലക്ഷ്യമായി ഉപേക്ഷിക്കരുത്.

∙ ഗുളികകൾ, മരുന്നുകൾ, തീപ്പെട്ടി, ലൈറ്റർ, മണ്ണെണ്ണ  തുടങ്ങിയവയും  കൈ എത്താത്ത തരത്തിൽ സൂക്ഷിക്കണം. കീടനാശിനികളോ അവയുടെ കവറോ എടുക്കാൻ ഇടയുള്ളിടത്ത് വയ്ക്കരുത്.

നൽകേണ്ട പ്രഥമ ശുശ്രൂഷകൾ

∙ വീഴ്ച സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത്

സാധാണ കളിക്കിടെ ചെറുതായുള്ള വീഴ്ചയാണെങ്കിൽ കുഞ്ഞു മുറിവുകളോ പോറലുകളോ ഉണ്ടാകാനേ സാധ്യതയുള്ളു. അങ്ങനെയാണെങ്കിൽ ശുദ്ധജലം ഉപയോഗിച്ച് മുറിവ് കഴുകി വൃത്തിയാക്കിയശേഷം മരുന്നുകൾ പുരട്ടിയാൽ മതി. അതല്ല വീഴ്ച ഉയരത്തിൽ നിന്നാണെങ്കിൽ, കുട്ടികൾ ഒന്നു മയങ്ങുകയോ ഛർദിക്കുകയോ ചെയ്യാം. എന്നാൽ രണ്ടിലധികം തവണ തുടരെയുള്ള ഛർദി, ദീർഘനേരത്തെ മയക്കം, ഉദാസീനത, പിടിവാശി, കഠിനമായ തലവേദന അൽപസമയത്തേക്കെങ്കിലുമുള്ള അബോധാവസ്ഥ, അപസ്മാരം, മൂക്കിലോ ചെവിയിലോ നിന്നു രക്തസ്രാവം, കാഴ്ചയ്ക്കുള്ള തകരാറ്, ഓർമ ക്കുറവ്, കൈകാലുകളുടെ ബലക്കുറവ് എന്നിവയൊക്കെ മസ്തിഷ്കത്തിനു ഗുരുതര ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണമേതെങ്കിലുമുണ്ടെങ്കിൽ കുട്ടിക്കു തീർച്ചയായും സിടി സ്കാൻ ചെയ്യണം. ഛർദിയുണ്ടെങ്കിൽ ഒരു വശം ചരിച്ചു കിടത്തേണ്ടതാണ്. നാക്കു പിന്നിലേക്ക് വീണുപോകാതിരിക്കാനാണിത്. തലയിൽ മുറിവുണ്ടായാല്‍ നന്നായി മുറുകെ കെട്ടിവയ്ക്കണം. മുഴച്ചു വന്നിട്ടുണ്ടെങ്കിൽ ഐസ് വയ്ക്കുന്നതു നല്ലതാണ്. മുഴ ശക്തിയായി തിരുമ്മുന്നതു നല്ലതല്ല.

∙ മുത്ത്, ബട്ടൺ, നാണയം പോലുള്ളവ വിഴുങ്ങുകയോ മൂക്കിലിടുകയോ ചെയ്താൽ?

ചെറിയ കുട്ടികൾ മുത്ത്, ബട്ടൺ, നാണയം, പുളിങ്കുരു, മഞ്ചാടി, കപ്പലണ്ടി, കടല തുടങ്ങി ഒട്ടേറെ ചെറിയ സാധനങ്ങൾ മൂക്കിലിടുകയും വായിലിട്ടു കളിക്കുകയും ചെയ്യാറുണ്ട്. മൂക്കിലിടുന്ന വസ്തുക്കൾ തോണ്ടിയെടുക്കാൻ ശ്രമിക്കരുത്. അതു രക്തസ്രാവമുണ്ടാക്കാം. വസ്തു ഉള്ളിലേക്ക് കൂടുതൽ തള്ളിനീങ്ങാനും സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ വെപ്രാളപ്പെട്ടാൽ കുട്ടി ഭയപ്പെടുകയും കരയുകയും ഏങ്ങലടിക്കുകയും ചെയ്യും. അപ്പോൾ മൂക്കിൽ കയറിയ വസ്തു ശ്വാസനാളത്തിലേക്ക് വലിക്കപ്പെടാം. ശ്വാസതടസ്സത്തിനും മരണത്തിനും കാരണമാകും. 

ശാന്തമായി കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കണം. വസ്തുക്കൾ തൊണ്ടയിൽ കുടുങ്ങിയാൽ വിരലിട്ട് എടുക്കുവാനോ ഛർദിപ്പിക്കുവാനോ ശ്രമിക്കരുത്. ഭക്ഷണം കൊടുക്കാതെ ശ്രദ്ധിക്കണം. ആമാശ യത്തിൽ ഭക്ഷണമുണ്ടെങ്കിൽ അത്യാവശ്യം വേണ്ടിവരാവുന്ന ശസ്ത്രക്രിയയ്ക്കതു ബുദ്ധിമുട്ടാകും. ഇറച്ചിക്കഷണമോ, പഴത്തിന്റെ കഷണമോ മറ്റെന്തെങ്കിലും ഭക്ഷ്യവസ്തുക്കളോ ശ്വാസനാളത്തിലേക്കു പ്രവേശിക്കാം. ശ്വാസതടസ്സം സൃഷ്ടിച്ച് ആ വസ്തു അവിടെ നിന്നാൽ ശ്വാസോച്ഛ്വാസം ചെയ്യാനാവാതെ വരാം. 

കുട്ടികളാണെങ്കിൽ കാലിൽ തൂക്കി തല താഴോട്ടാക്കിപ്പിടിച്ചു മുതുകിലും വയറ്റിലും സമ്മർദ്ദം നൽകും വിധം മർദിക്കുക. സമ്മർദത്തിൽ വസ്തു പുറത്തേക്കു പോരേണ്ടതാണ്. വളരെ പെട്ടെന്നുള്ള പരിചരണം ഇത്തരം സന്ദർഭങ്ങളിൽ വേണ്ടതാണ്. എൻഡോസ്കോപ്പി സൗകര്യമുള്ള ആശുപത്രിയിലേക്കാണ് രോഗിയെ എത്തിക്കേണ്ടത്.   

∙ പൊള്ളലേറ്റാൽ? 

എത്രയും വേഗം തീയുമായുള്ള സമ്പർക്കം അകറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. തീ അണഞ്ഞു കഴിഞ്ഞാൽ പെട്ടെന്ന് ധാരാളം വെള്ളമൊഴിച്ചു ചൂടു കുറയ്ക്കണം. ഐസ് ഉപയോഗിക്കുന്നതു നല്ലതല്ല. സാധാരണ താപനിലയുള്ള വെള്ളമാണ് ഉചിതം. കയ്യോ കാലോ പോലെ പരിമിതമായ സ്ഥാനങ്ങളിലേൽക്കുന്ന തീപ്പൊള്ളലിനു ബർണോൾ, സിൽവർ സൽഫാഡയസീൽ തുടങ്ങിയ ഓയിന്റ്മെന്റുകൾ ഉപയോഗിക്കാം. എന്നാൽ ആശു പത്രിയിൽ എത്താറുള്ള പലരും പൊള്ളലേറ്റ ഭാഗങ്ങളിൽ പേസ്റ്റ്, എണ്ണ, നെയ്യ്, തേൻ എന്നിവ തേച്ചു കൊണ്ടുവരാറുണ്ട്. ഇതു ഗുണത്തേക്കാൾ ദോഷം ചെയ്യും. പൊള്ളലേറ്റ് ഭാഗത്ത് ഒട്ടിപ്പിടിച്ച തുണിയും മറ്റു വസ്തുക്കളും വലിച്ചു മാറ്റാൻ ശ്രമിക്കരുത്. 

വൈദ്യുതികൊണ്ടു പൊള്ളലേറ്റ രോഗിയുടെ ഹൃദയതാളവും ശ്വസോച്ഛ്വാസവും നോർമലാണെന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ ഉടൻ ആശുപത്രിയിലെത്തികുക. പൊള്ളിയ ഭാഗത്തെ ത്വക്ക് തിരിച്ചു പിടിപ്പിക്കാൻ കൂടി സൗകര്യമുള്ള ആശുപത്രിയാണ് ഏറ്റവും നല്ലത്. 

∙  മണ്ണെണ്ണ പോലുള്ള ദ്രാവകങ്ങൾ കുടിച്ചാൽ?

പെട്രോൾ, മണ്ണെണ്ണ പോലുള്ള എണ്ണകൾ വേഗത്തിൽ ബാഷ്പീകരിക്കുന്നതിനാൽ വായുവിലൂടെ  ശ്വാസകോശത്തിൽ കടക്കാൻ സാധ്യത കൂടുതലാണ്. കടുത്ത ചുമയും ശ്വാസം മുട്ടലുമാണ് ലക്ഷണങ്ങൾ. കുട്ടിയെ വായുസഞ്ചാരമുള്ള ഭാഗത്തേക്ക് മാറ്റുക. യാതൊരു കാരണവശാലും ഛർദിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തരുത്. സ്വമേധയാ ഛർദിക്കുന്നുണ്ടെങ്കിൽ ചരിച്ചു കിടത്തുക. ഛർദി തിരികെ ശരീരത്തിൽ പ്രവേശി ക്കാതിരിക്കാനാണിത്. ചരിച്ചു കിടത്തുമ്പോൾ വിഷാംശമുള്ള ഛർദി പുറത്തേക്കു പോകും. ഭക്ഷണം കൊടുക്കരുത്. ആശുപത്രിയിലെത്തിക്കുക. 

∙ മൂർച്ചയുള്ള ആയുധങ്ങളിൽ നിന്നു മുറിവ് ഉണ്ടായാൽ?

മുറിവ് സാധാരണ പൈപ്പ് വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കണം. തുടർന്നു വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ചു തുടയ്ക്കണം. ഡെറ്റോൾ, സ്പിരിറ്റ്, അയഡിൻ ലായനി എന്നിവയിലേതെങ്കിലും അണുനാശക ദ്രവ്യങ്ങൾ ഉപയോഗിച്ചു കെട്ടിവയ്ക്കുന്നതു മുറിവു വേഗം ഉണങ്ങാന്‍ സഹായിക്കും. മുറിവുണ്ടായാൽ രക്തസ്രാവം എത്രയും പെട്ടെന്നു നിയന്ത്രി ക്കണം. ചെറിയ രക്തക്കുഴലുകൾ മുറിഞ്ഞ രക്തസ്രാവമാ ണെങ്കിൽ രക്തം തുള്ളിയായി ഊറിവരുന്നതു കാണാം. അൽപസമയം കൊണ്ടതു നിൽക്കും. ഇത്തരം മുറിവുകൾ നന്നായി വൃത്തിയാക്കി കെട്ടിവച്ചാൽ മതി. കുറച്ചു കൂടി വലിയ രക്തസിരകൾ മുറിഞ്ഞുണ്ടാകുന്ന സ്രാവം അപകടകാരിയാണ്. രക്തം ധാരധാരയായി ഒഴുകി പുറത്തേക്കു വരും. ഇത്തരം ഒട്ടേറെ വലിയ രക്തക്കുഴലുകൾ ത്വക്കിനു തൊട്ടുതാഴെയുള്ളതിനാൽ ചെറിയ ക്ഷതങ്ങളിലും ഇവയ്ക്കു മുറിവേൽക്കാം. ഇത്തരം രക്തസ്രാവം നിയന്ത്രി ക്കാൻ മുറിവിന്റെ മേൽ വൃത്തിയുള്ള തുണികൊണ്ടു പത്തു മിനിറ്റു നന്നായി അമർത്തിപ്പിടിക്കുക. ഇതിനിടയിൽ രക്ത സ്രാവം മൂലം തുണി കുതിർന്നാൽ ആ തുണി മാറ്റാതെ അതിന്റെമേൽ കൂടുതൽ തുണികൾ വച്ചു മർദം തുടരണം. മിക്കവാറുമാളുകളിൽ 5 മുതൽ 8 മിനിറ്റുകൊണ്ടു രക്തം കട്ടപിടിച്ച് രക്തസ്രാവം നിൽക്കും. തുടർന്നു മുറിവു വൃത്തി യുള്ള തുണികൊണ്ടു കെട്ടിവയ്ക്കണം. ആശുപത്രിയിലെത്തി ചികിത്സ തേടണം.