ലോകഭിന്നശേഷി ദിനത്തിൽ പരിചയപ്പെടണം ഈ മകളെയും മാതാപിതാക്കളെയും

സ്വാധീനക്കുറവുള്ള വലതുകയ്യുമായി ജനിച്ച മകൾ – കോട്ടയം സ്വദേശി ജോ ഐക്കരേത്തിന്റെയും ഫ്രഞ്ച് സ്വദേശിനി മ്യൂറിയേൽ ഐക്കരേത്തിന്റെയും മാലാഖ; തിലോത്തമ. അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരി വേണമെന്ന് അവർ ആഗ്രഹിച്ചു. എല്ലാക്കാര്യങ്ങളും ഒറ്റയ്ക്കു ചെയ്യാൻ അവൾ പ്രാപ്തയാകണമെന്നും. അവരുടെ ഈ തീരുമാനവും നിശ്ചയദാർഢ്യവും തിലോത്തമയ്ക്കു മാത്രമല്ല, ഒട്ടേറെ ഭിന്നശേഷിക്കാർക്കാണു ചിരി സമ്മാനിച്ചത്, ‘മൂവ്എബിലിറ്റി’ എന്ന സംരംഭത്തിന്റെ പിറവിക്കു കാരണമായത്.

ഈ യൂണിഫോം മാലാഖമാർക്ക്
തിലോത്തമയുടെ സന്തോഷത്തിനു മറ്റെന്തിനെക്കാളും പ്രാധാന്യം നൽകിയാണു ജോയും മ്യൂറിയേലും അവളെ വളർത്തിയത്. മകൾക്കു സ്കൂളിൽ പോകാനുള്ള പ്രായമെത്തിയപ്പോൾ കയ്യുടെ സ്വാധീനക്കുറവ് അൽപം പ്രശ്നമായിത്തുടങ്ങി. സ്കൂൾ യൂണിഫോം പോലും തനിയെ ധരിക്കാൻ കഴിയുന്നില്ല. ഫാഷൻ ഡിസൈനർ ആയ ജോ മടിച്ചില്ല, മകൾക്ക് എളുപ്പം ഇടാൻ കഴിയുന്ന കുഞ്ഞുയൂണിഫോം ഡിസൈൻ ചെയ്തു.

ഒരു കൈ മാത്രം ഉപയോഗിച്ച് അഞ്ചുവയസ്സുകാരിക്കു തനിയെ ധരിക്കാവുന്ന കുഞ്ഞു പാന്റ്സും ബട്ടണുകൾക്കു പകരം ചെറിയ മാഗ്നെറ്റ് പിടിപ്പിച്ച ഷർട്ടും.

സ്വയം യൂണിഫോം ഇട്ടപ്പോഴുള്ള മകളുടെ സന്തോഷം കണ്ട ആ രക്ഷിതാക്കൾ വീണ്ടും ചിന്തിച്ചു, തിലോത്തമയെപ്പോലുള്ള മറ്റു മാലാഖമാരെക്കുറിച്ച്. അവരിലും ഇതുപോലെ ആത്മവിശ്വാസവും സന്തോഷവും നിറഞ്ഞ ചിരി കാണുന്നതിനെക്കുറിച്ച്. ‘മൂവ്എബിലിറ്റി’ എന്ന ആശയം പിറന്നതങ്ങനെ. 

ഭിന്നശേഷിയുള്ള മറ്റു കുട്ടികൾക്കായും ജോ കു‍ഞ്ഞുടുപ്പുകൾ ഡിസൈൻ ചെയ്തു തുടങ്ങി. പിന്നാലെ, പരസഹായമില്ലാതെ ധരിക്കാവുന്ന വസ്ത്രങ്ങൾ ഭിന്നശേഷിക്കാരായ മുതിർന്നവർക്കായും ഒരുക്കി.

സന്തോഷചലനങ്ങൾ
ഭിന്നശേഷിക്കാർക്കു ശാരീരിക ചലനങ്ങൾ അനായാസമാക്കുന്നതിനുള്ള മൂവ്മെന്റ് തെറപ്പിയും ആരംഭിച്ചു മ്യൂറിയേൽ. കുട്ടികളുടെ കൈവിരലുകൾ ചലിപ്പിക്കുന്നതു മുതൽ പതിയെപ്പതിയെ ഓരോരോ കാര്യങ്ങൾ ചെയ്യുന്നതു വരെ ശീലിപ്പിക്കുന്നു. 

ശാരീരികമായി മാത്രമല്ല, മാനസികമായും ബുദ്ധിപരമായുമൊക്കെ ഏറെ സഹായിക്കുന്നതാണു മൂവ്മെന്റ് തെറപ്പിയെന്നു മ്യൂറിയേൽ പറയുന്നു. സ്വയം പലകാര്യങ്ങൾ ചെയ്യാൻ കഴിയും എന്നു മനസ്സിലാകുമ്പോൾ കുട്ടികളുടെ മുഖത്തുണ്ടാകുന്ന സന്തോഷമാണ് ഏറ്റവും വലിയ അംഗീകാരമെന്നും.

എല്ലാവരിലേക്കും എത്തട്ടെ...
‘ഭിന്നശേഷിക്കാരായ ഓരോരുത്തർക്കുമുള്ള ആരോഗ്യപ്രശ്നങ്ങൾ വ്യത്യസ്തമായിരിക്കും. ഓരോരുത്തരുടെയും പ്രശ്നങ്ങൾ മനസിലാക്കി എളുപ്പത്തിൽ ധരിക്കാവുന്ന വിധത്തിലാണു വസ്ത്രങ്ങൾ തയാറാക്കുക. ഇവിടെയെത്തി അളവുകളെടുത്തും ഇഷ്ടപ്പെട്ട ഡിസൈൻ തിരഞ്ഞെടുത്തും വസ്ത്രങ്ങൾ വാങ്ങിക്കുന്നവരുണ്ട്,’ ജോ ഐക്കരേത്ത് പറയുന്നു. 

മൂവ്എബിലിറ്റി എല്ലാവർക്കും നൽകുന്നത് പുതിയ ഡിസൈനുകളിലും സൗകര്യങ്ങളിലുമുള്ള ഡ്രസുകളാണ്. 4 വർഷം മുൻപാണ് ജോയും മ്യൂറിയേലും മൂവ്എബിലിറ്റിയെ ഒരു ബ്രാൻഡാക്കി മാറ്റുന്നത്. ഇന്നു ഫ്രാൻസ് ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ ഭിന്നശേഷിയുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്കായി മൂവ്എബിലിറ്റി തിരഞ്ഞെടുക്കുന്നു. 

എട്ടാം ക്ലാസ് വരെ കോട്ടയം കളത്തിപ്പടിയിലെ പള്ളിക്കൂടം സ്കൂളിലെ വിദ്യാർഥിനിയായിരുന്ന തിലോത്തമ ഐക്കരേത്ത് ഈ അധ്യയന വർഷം മുതൽ വീട്ടിലിരുന്നുള്ള പഠനരീതിയാണു പിന്തുടരുന്നത്.