വീൽചെയറിൽ കഴിയുന്ന ഈ ചെറുപ്പക്കാരൻ ഇന്ന് രാജ്യത്തിനു മാതൃക

അസാധാരണമായൊരു അമേരിക്കൻ യാത്രയിലാണ് ഇപ്പോൾ പ്രജിത്ത് ജയ്പാൽ. അംഗപരിമിതർക്കായി അവിടെ നടക്കുന്ന 'എബിലിറ്റി എക്സ്പോ 'യിൽ ഇന്ത്യാ ഗവൺമെന്റിന്റെ ഇടപെടലിലൂടെ പങ്കെടുക്കാൻ അവസരം ലഭിച്ച ഒരേയൊരാൾ. ഉന്നത സർക്കാരുദ്യോഗമോ ഉയർന്ന കോർപറേറ്റ് സ്റ്റാറ്റസോ അവകാശപ്പെടാനില്ലാതെ സ്വന്തം വീൽചെയറിന്റെ ഇത്തിരിവട്ടങ്ങളിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞ പ്രജിത്ത് എന്ന കോഴിക്കോട്ടുകാരൻ ഒരു മുഴുവൻ രാജ്യത്തിന്റെ പ്രതിനിധിയായി എങ്ങനെ അമേരിക്കയിലെത്തി? 

അതറിയാൻ ഏഴു വർഷം പിന്നിലേക്ക് പോകണം. 2011 ഏപ്രിൽ 01. അന്നാണ് പ്രജിത്തിന്റെ ജീവിതം രണ്ടായി പകുത്തുകൊണ്ട് വിധിയുടെ ഇടപെടലുണ്ടായത്. അന്നു പുലർച്ചെ കോഴിക്കോട് ബൈപാസിലുണ്ടായ കാറപകടത്തിൽ പ്രജിത്തിന്റെ നട്ടെല്ലിന് സാരമായി പരുക്കേറ്റു. തുടർന്ന് രണ്ടു വർഷം ഒരനക്കവും ഇല്ലാതെ ഒരേ കിടപ്പ്. ആ ശരീരത്തിന് റിക്കവറി അസാധ്യമാണെന്ന് ഡോക്ടർമാർ തീർപ്പുകൽപിച്ചു. എന്നാൽ, ചലിക്കാത്ത ശരീരത്തിനു മുന്നിൽ തോറ്റുകൊടുക്കാൻ പ്രജിത്തിന്റെ മനസ്സ് ഒരുക്കമായിരുന്നില്ല. അടങ്ങാത്ത ആത്മവിശ്വാസവും ചിട്ടയായ ഫിസിയോതെറപ്പിയും ആ കൈകളെ വീണ്ടും ചലിപ്പിച്ചു. അതോടെ കിടക്കയിൽനിന്ന് വീൽചെയറിലേക്കു മാറാനായി. 

കഴുത്തിനു താഴേക്ക് പൂർണമായോ ഭാഗികമായോ ചലനശേഷിയില്ലാത്ത 'ക്വാഡ്രിപ്ലീജിക്' എന്ന ആ രോഗാവസ്ഥയിലും കേവലമൊരു വീൽചെയറിന്റെ കുഞ്ഞുലോകത്തിലേക്ക് പ്രജിത്ത് സ്വന്തം മനസ്സിനെ കെട്ടിയിട്ടില്ല. അപകടത്തിനുമുമ്പ് യാത്രകളും സൗഹൃദങ്ങളും ആ ചെറുപ്പക്കാരന്റെ ഹരമായിരുന്നു. വിവിധ ടെലികോം കമ്പനികളിലായി എട്ടുവർഷത്തെ തിരക്കേറിയ പ്രഫഷനൽ ജീവിതത്തിലും അതിനു മുമ്പുള്ള വിദ്യാർത്ഥിജീവിതത്തിലും ഒപ്പം കൂട്ടിയ ചങ്ങാതിമാരുമായി പ്രജിത്ത് അസംഖ്യം യാത്രകൾ നടത്തി. പട്ടം പോലെ ആസ്വദിച്ചുപറന്ന ആ പഴയ കാലം അപകടത്തിനുശേഷവും അയാളിൽ ശക്തമായി ആവേശിച്ചുകൊണ്ടിരുന്നു. അങ്ങനെ, വീൽചെയറിനെത്താനാവുന്ന സ്വന്തം വീടിന്റെ അകത്തളങ്ങൾ മറികടന്ന്, ദിവസവും തന്നെ കാണാനെത്തിയ കൂട്ടുകാർക്കൊപ്പം പ്രജിത്ത് പുറത്തുപോയിത്തുടങ്ങി. 

കൂട്ടുകാരായിരുന്നു പ്രജിത്തിന് എല്ലാം. അപകടത്തിനുശേഷവും പ്രിയചങ്ങാതിയുടെ ഇഷ്ടങ്ങളെ അവർ ചേർത്തുപിടിച്ചു. ബീച്ചിലും തിയറ്ററിലും ഷോപ്പിങ് മോളിലുമൊക്കെ പഴയപോലെ പ്രജിത്തിനെയും അവർ ഒപ്പം കൊണ്ടുപോയി. നമ്മുടെ നിരത്തുകളും ആശുപത്രികൾ അടക്കമുള്ള കെട്ടിടങ്ങളും പൊതു യാത്രാസൗകര്യങ്ങളുമൊന്നും ഭിന്നശേഷിക്കാർക്ക് സുഗമമായി ഉപയോഗിക്കാവുന്നതല്ലെന്ന് ആ വീൽചെയർ യാത്രകളിലൂടെ പ്രജിത്ത് തിരിച്ചറിഞ്ഞു. തുടർന്ന്, തന്നെപ്പോലെ മറ്റനേകം പേർക്കായി എന്തെങ്കിലും ചെയ്യണമെന്ന് പ്രജിത്ത് തീരുമാനിച്ചു. 

പ്രജിത്തിന്റെ നിരന്തരമായ ഇടപെടൽ മൂലം കോഴിക്കോട് ബീച്ച് അധികൃതർ 'വീൽചെയർ ഫ്രണ്ട്‌ലി' ആക്കി. തുടർന്ന്, ഇന്ത്യയിൽ മറ്റൊരു ഭിന്നശേഷിക്കാരനും അതുവരെ ചെയ്യാത്ത അപൂർവമായൊരു യാത്രയ്ക്ക് പ്രജിത്ത് പദ്ധതിയിട്ടു. 

ഡ്രൈവ് ടു ഡൽഹി

കോഴിക്കോടുനിന്ന് സ്വയം കാറോടിച്ച് ഡൽഹിയിലേക്ക് - അതായിരുന്നു പദ്ധതി. അതിനായി സ്വന്തം കാർ തനിക്ക് ഓടിക്കാനാവുന്ന രീതിയിൽ പരിഷ്കരിച്ചു. ഒറ്റക്കൈയിൽ ഡ്രൈവിങ് പരിശീലിച്ച് ലൈസൻസ് നേടി.   D2D എന്ന തന്റെ സ്വപ്നത്തിനായി തയാറെടുപ്പുകൾ തുടങ്ങി. എല്ലാറ്റിനും  ഒപ്പംനിൽക്കുന്ന വീട്ടുകാരും കൂട്ടുകാരും പ്രജിത്തിന്റെ ആ സ്വപ്നവും എറ്റെടുത്തു. 

സുഹൃത്തുക്കളുടെയും ജെസിഐ എന്ന സംഘടനയുടെയും പിന്തുണയിൽ, ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന്, തനിക്ക് അപകടം പറ്റിയതിന്റെ ഏഴാം വാർഷികത്തിൽ, രണ്ട് സഹായികൾക്കൊപ്പം പ്രജിത്ത് കോഴിക്കോട്ടുനിന്ന് യാത്ര പുറപ്പെട്ടു. ഡ്രൈവിങ് സീറ്റിൽ ഡൽഹിയിലേക്ക്! 

പൊതുസ്ഥലങ്ങൾ വീൽചെയർ ഫ്രണ്ട്‌ലി ആക്കുക, വീൽചെയറിലായവർക്ക് തൊഴിലവസരങ്ങൾ നൽകുക, വീടിനു വെളിയിലിറങ്ങി സാധാരണ ജീവിതം നയിക്കാൻ അവർക്ക് പ്രചോദനം നൽകുക എന്നിവയായിരുന്നു യാത്രയുടെ ലക്ഷ്യങ്ങൾ. കോഴിക്കോട്ടുനിന്ന് മംഗലാപുരം, മൈസൂർ, ബാംഗ്ലൂർ, ദാവൻഗരെ, ഗോവ, പുനെ, മുംബൈ, സൂറത്ത്, ഉദയ്പൂർ, ജയ്പൂർ എന്നീ സ്ഥലങ്ങൾ പിന്നിട്ട് 23 ദിവസം കൊണ്ട് ഡൽഹിയിലെത്തി. വിവിധ സംസ്ഥാനങ്ങളിലെ ഭിന്നശേഷിക്കാരുമായി അടുത്തിടപഴകിക്കൊണ്ടായിരുന്നു പ്രജിത്തിന്റെ യാത്ര. 

2018 മേയ് മൂന്നിന് അസാധാരണമായൊരു സംഭവമുണ്ടായി. കേരളത്തിൽനിന്നുള്ള ജനപ്രതിനിധികളിൽനിന്നും ആ യാത്രയെക്കുറിച്ച് മനസ്സിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രജിത്തുമായി കൂടിക്കാഴ്ച നടത്തി. തന്റെ മനസ്സിലുള്ള മറ്റൊരു സ്വപ്നപദ്ധതി പ്രജിത്ത് അദ്ദേഹത്തിനുമുന്നിൽ അവതരിപ്പിച്ചു. ഭിന്നശേഷിക്കാർക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ടുള്ള ‘ഗ്ലോബൽ എബിലിറ്റി എക്സ്പോ’ 2020–ൽ ഇന്ത്യയിൽ സംഘടിപ്പിക്കുക എന്നതായിരുന്നു അത്. പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി, ഡിപ്പാർട്ട്മെന്റ് ഓഫ് ഡിസെബിലിറ്റി അഫയേഴ്സിലെ ഒരു ഉന്നതോദ്യോഗസ്ഥനെ പ്രജിത്തിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ നിർദേശപ്രകാരം 2018 നവംബർ–ഡിസംബറിൽ അമേരിക്കയിൽ നടക്കുന്ന ‘എബിലിറ്റി എക്സ്പോ’യിലേക്ക് ഒരു എൻജിഒ പ്രജിത്തിനെ സ്പോൺസർ ചെയ്തു.

വിരലുകളിൽ ബ്രഷ് കെട്ടിവച്ച് സ്വയം വരച്ച ഒരു പെയിന്റിങ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചാണ് ഡൽഹിയിൽനിന്നും പ്രജിത്ത് മടങ്ങിയത്. ആഗ്ര, ലക്നൗ, ഇൻഡോർ, നാഗ്‌പൂർ, ചെന്നൈ, പോണ്ടിച്ചേരി, ചിദംബരം, മധുര, കന്യാകുമാരിയൊക്കെ പിന്നിട്ട് തിരികെ കോഴിക്കോട്ടേക്ക്. പിന്നിട്ട ദൂരം 9864 കിലോമീറ്റർ! ഇത്രയും ദൂരം ഒറ്റക്കൈ കൊണ്ട് കാറോടിച്ച, തന്നെപ്പോലെ ക്വാഡ്രിപ്ലീജിക് ആയ മറ്റാരും ലോകത്തിലുണ്ടാവില്ലെന്ന് പ്രജിത്ത് കരുതുന്നു. ഡ്രൈവിങ് എന്ന സ്വന്തം ‘പാഷൻ’ പരമാവധി ആസ്വദിച്ചുകൊണ്ട്, മറ്റുള്ളവർക്കാവുന്ന പലതും തങ്ങളെപ്പോലുള്ളവർക്കും ചെയ്യാൻ കഴിയുമെന്ന് ആ യാത്രയിലൂടെ പ്രജിത്ത് തെളിയിച്ചു. 

നാട്ടിലെത്തിയ പ്രജിത്ത് ‘ദിവ്യാംഗ് ഫൗണ്ടേഷൻ ട്രസ്റ്റ്’ എന്ന സംഘടനയ്ക്ക് രൂപംകൊടുത്ത് ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങൾ തുടർന്നു. ‘എബിലിറ്റി എക്സ്പോ’യിൽ പങ്കെടുക്കാൻ കഴിഞ്ഞ മാസം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഡൽഹി എയർപോർട്ടിൽനിന്നും ഒറ്റയ്ക്ക് 16 മണിക്കൂർ നീണ്ട യാത്ര. ഒരുപക്ഷേ, ബൈസ്റ്റാൻഡർ ഇല്ലാതെ ക്വാഡ്രിപ്ലീജിക് ആയ മറ്റാരും ഇങ്ങനെയൊരു യാത്രയും നടത്തിക്കാണില്ല. ഭിന്നശേഷിക്കാർക്കായുള്ള വ്യത്യസ്തമായ വീൽചെയറുകളും അനുബന്ധസൗകര്യങ്ങളും നിർമിക്കുന്ന അന്താരാഷ്ട്ര കമ്പനികൾ, അംഗപരിമിതർക്കായുള്ള ഒളിംപിക്സിന്റെ (പാരലിംപിക്സ്) സംഘാടകർ തുടങ്ങിയവർ പങ്കെടുക്കുന്ന എബിലിറ്റി എക്സ്പോയിൽ ഇന്ത്യയുടെ നിറസാന്നിധ്യമാണ് ഇപ്പോൾ പ്രജിത്ത് ജയ്പാൽ. 

വീൽചെയറുകൾ അടക്കമുള്ള എബിലിറ്റി എക്യുപ്മെന്റ്സ്, ആഗോളതലത്തിലുള്ള ഗവേഷകർ, ശാസ്ത്രജ്ഞർ, ഭിന്നശേഷിക്കാർക്കായുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് കമ്പനികൾ തുടങ്ങിയവരെയൊക്കെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് ‘2020 ഗ്ലോബൽ എബിലിറ്റി എക്സ്പോ – ഇന്ത്യ’ എന്ന തന്റെ സ്വപ്നപദ്ധതിയിലൂടെ പ്രജിത്ത് വിഭാവനം ചെയ്യുന്നത്. അതിലേക്ക് ലോകശ്രദ്ധ ക്ഷണിക്കാനായി 2019ൽ ഡൽഹിയിൽനിന്നും സ്വയം കാറോടിച്ച് യൂറോപ്പ് പര്യടനം നടത്തിവരാനും പ്രജിത്ത് ലക്ഷ്യമിടുന്നു. 

എല്ലാമുണ്ടായിട്ടും ഒന്നും ചെയ്യാതെ കാലം കഴിക്കുന്ന പലർക്കും മാതൃകയാണ് പോകുന്നിടത്തെല്ലാം പ്രകാശം പരത്തുന്ന ഈ ചെറുപ്പക്കാരൻ.