അപ്രതീക്ഷിത ആക്രമണം; കുട്ടികളെ കരുത്തരാക്കാൻ ചെയ്യേണ്ടത്

ആറു മാസം മുൻപ് ഒരു ബന്ധു ഞങ്ങളുടെ പതിനാലു വയസ്സുള്ള മകളെ ഉപദ്രവിച്ചു. അതോടെ അവളുടെ പ്രസരിപ്പു നഷ്ടപ്പെട്ടു. പഠിപ്പിലുളള ശ്രദ്ധ കുറഞ്ഞു. വലിയ വിഷാദമാണ് അവൾക്ക്. ഞങ്ങൾ പ്രത്യേക ശ്രദ്ധയും അനുകമ്പയും നൽകുന്നുണ്ട്. ഇവളെ ഒന്നു മാറ്റിയെടുക്കാൻ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?

ഓർക്കാപ്പുറത്തു ചൂഷണം നേരിടുന്ന കുട്ടികൾക്ക് വലിയ മാനസികാഘാതം ഉണ്ടാകാറുണ്ട്.  അടുത്ത ബന്ധുവിൽ നിന്നാകുമ്പോൾ ഇളം മനസ്സിലുണ്ടാകുന്ന വിശ്വാസത്തകർച്ച വേറെയും. 

അയ്യോ പാവമെന്ന അനുകമ്പ അവൾക്ക് കരുത്തേകാൻ ഉതകുമോയെന്നു സംശയമാണ്. സുരക്ഷിതവും വിശ്വസിക്കാവുന്നതുമായ അന്തരീക്ഷത്തിൽ കാര്യങ്ങൾ അവൾ തുറന്നു പറയട്ടെ. കുറ്റപ്പെടുത്തലുകൾ ഇല്ലാതെ എല്ലാം കേൾക്കണം. വിങ്ങിപ്പൊട്ടുമ്പോൾ അവൾക്കൽപ്പം ആശ്വാസം കിട്ടും. മനസ്സിന് ഒരു അയവു വന്നോട്ടെ. ചിലർ അതോടെ തകർന്നു പോകാനിടയുണ്ട്. കുറ്റബോധവും വരാം. പഴിചാരലുണ്ടായാൽ ആത്മാഭിമാനത്തെ ബാധിക്കും. നിസ്സഹായതയുടെ കെണിയിലാകും അവൾ. നാം അവൾക്കു സാന്ത്വനവും പിന്തുണയും നൽകി അവളുടെ മൂല്യത്തിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ഓർമപ്പെടുത്തണം. തല താഴ്ത്തേണ്ടത് അവളല്ല, അവളെ ചൂഷണം ചെയ്തവരല്ലേ?