സിഇഒ സ്ഥാനം ഉപേക്ഷിച്ച് മണ്ണിലേക്ക്; ലക്ഷ്യം ആരോഗ്യം മാത്രം

സോഫ്റ്റ് വെയർ രംഗത്ത് ഒന്നിനു പിന്നാലെ ഒന്നായി കമ്പനികളുണ്ടാക്കി, ശ്രീനിവാസ ചൗധരി അല്ലൂരി. തെലങ്കാനയിലെ ടെക് വമ്പനായി അല്ലൂരി പേരെടുക്കുമെന്നു തന്നെ എല്ലാവരും കരുതി. പക്ഷേ, ഗ്രൂപ്പിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞ്, അദ്ദേഹം മണ്ണിലേക്കിറങ്ങി, തനി കർഷകനായി. ‘ഹ്യുമാനിറ്റി ഈസ് അവ്‌ർ ഐഡന്റിറ്റി’ – ‘മാനവികതയാണു നമ്മുടെ സ്വത്വം’ എന്ന മുദ്രാവാക്യവുമായി ‘യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റി’ (യുഎഫ്എച്ച്) രൂപീകരിച്ചു. തെലങ്കാനയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു ചുക്കാൻ പിടിക്കുന്നു, ഈ സർവകലാശാല. മികച്ച ആരോഗ്യ ശൈലി വാർത്തെടുക്കാനുള്ള ശ്രമങ്ങൾ ലോകത്തിനു മുന്നിൽ തെളിയിച്ചു കാണിക്കുകയാണു ശ്രീനിവാസ അല്ലൂരി (46) ഇപ്പോൾ.

തരിശ് പച്ചയുടുത്തപ്പോൾ
2015ൽ തെലങ്കാനയിലെ വനപതി ജില്ലയിൽ 60 ഏക്കർ തരിശുഭൂമി വാങ്ങിയാണു മാനവികത സർവകലാശാല സ്ഥാപിച്ചത്. ഇവിടെ പ്രകൃതി കൃഷി രീതിയിൽ ജൈവവൈവിധ്യങ്ങളുടെ കലവറ ഒരുക്കുന്നു. വിഷമില്ലാത്ത ധാന്യങ്ങളും പച്ചക്കറികളും സ്വന്തമായി ഉൽപാദിപ്പിക്കാനുള്ള ശ്രമം. ഈ ആശയവുമായി ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ 27 ഗ്രാമങ്ങൾ ദത്തെടുത്തും പ്രവർത്തനങ്ങൾ തുടങ്ങി. 2030നകം 500 സുസ്ഥിര ഗ്രാമങ്ങൾ സൃഷ്ടിക്കുകയാണു ലക്ഷ്യം.

3 എച്ച് പോളിസി
ഹെൽത്തി, ഹാപ്പി ആൻഡ് ഹാർമോണിയസ് ലൈഫ്– ആരോഗ്യമുള്ള, സന്തോഷം നിറഞ്ഞ, പ്രകൃതിയുമായി ലയിച്ചുള്ള ജീവിതം, അതാണു തന്റെ നയമെന്നു ശ്രീനിവാസ. ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുമായി 10,000 വൊളന്റിയേഴ്സും അദ്ദേഹത്തിന് ഒപ്പമുണ്ട്. 

തുടക്കം പഠനകാലത്ത്
കോളജ് കാലത്തു  തന്നെ ‘മാനവികത’യുടെ ആശയം മനസ്സിൽ നിറഞ്ഞെന്നു ശ്രീനിവാസ പറയുന്നു. 1991 ൽ ‘മാനവത’ എന്ന പ്രസ്ഥാനത്തിന് ആന്ധ്രയിൽ തുടക്കമിട്ടു. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള പ്രവർത്തനമായിരുന്നു ആദ്യം. എംസിഎ കഴിഞ്ഞു ഹൈദരാബാദ് സത്യം കംപ്യൂട്ടേഴ്സിൽ 1997ൽ ജോലിക്കു ചേർന്നു. ജോലിയുടെ ഭാഗമായി ബ്രിട്ടനിലേക്ക്. അവിടെ ജോലി ചെയ്യുന്നതിനിടെ സന്തത ടെക്നോളജി എന്ന സോഫ്റ്റ്‌വെയർ കമ്പനി തുടങ്ങി. 

പിന്നാലെ ഇതിന്റെ ഫ്രാഞ്ചൈസികൾ ഹൈദരാബാദ്, ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. ലക്ഷ്യത്തിലേക്കിറങ്ങാൻ സമയമായി എന്ന തോന്നൽ ശക്തമായപ്പോഴാണു കമ്പനിയുടെ വഴിവിട്ടതെന്നു ശ്രീനിവാസ. ഹ്യൂമാനിറ്റി യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനു മുൻപായി തന്റെ സന്ദേശം ലോകം മുഴുവൻ അറിയിക്കണമെന്നായി അടുത്ത തീരുമാനം.

റെക്കോർഡ്  യാത്ര
2011ൽ ലണ്ടനിൽ നിന്നു ഡൽഹിയിലേക്കു മാനവികതയുടെ സന്ദേശവുമായി സൈക്കിൾ യാത്ര. ലിംക ബുക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ആ യജ്ഞത്തിൽ ശ്രീനിവാസ താണ്ടിയതു 19 രാജ്യങ്ങളിലായി 20,000 കിലോമീറ്റർ. തുടർച്ചയായി 109 ദിവസം വരെ സൈക്കിളിൽ. വെള്ളവും പഴങ്ങളും മാത്രമായിരുന്നു ഭക്ഷണം. യോഗയും ധ്യാനവും കരുത്തു പകർന്നു. ഓരോയിടത്തും മാനവികതയെക്കുറിച്ചു ബോധവൽകരണം നടത്തി.

ഇറാനിലൂടെ സൈക്കിളിൽ യാത്ര ചെയ്യുമ്പോൾ 50 ഡിഗ്രിയായിരുന്നു ചൂട്. തോക്കില്ലാതെ യാത്ര പോകരുതെന്നു പട്ടാളക്കാർ വിലക്കിയ വഴിയിലൂടെയായിരുന്നു കിഴക്കൻ തുർക്കിയിലെ സ‍ഞ്ചാരം. എത്തിപ്പെട്ടതോ തോക്കു ചൂണ്ടി നിന്ന ഭീകരന്റെ മുന്നിൽ. നിരായുധനാണെന്നും വെടിവച്ചോളൂ എന്നും ശാന്തമായി പറഞ്ഞശേഷം ഭീകരന്റെ കണ്ണുകളിലേക്കു നോക്കി നിന്നു. അൽപ സമയത്തിനു ശേഷം അക്രമി  കടന്നു പോകാൻ അനുമതി നൽകിയെന്നും ശ്രീനിവാസ പറയുന്നു.

പ്രകൃതി കൃഷി സർവകലാശാല
തെലങ്കാന മെഹബൂബ് നഗറിലെ യൂണിവേഴ്സിറ്റി ഫോർ ഹ്യുമാനിറ്റി കർഷകർക്കു വലിയ പാഠശാലയാണ്. കേരളത്തിൽ നിന്നുള്ള കർഷകരും ഇവിടെ സന്ദർശനം നടത്തിയിട്ടുണ്ട്. ആധുനിക യന്ത്രങ്ങളും രാസവളങ്ങളും ഇല്ല. കാളയെകൊണ്ടു നിലം ഉഴുതാണു കൃഷി. അതും ജൈവകൃഷി മാത്രം. രാസവളങ്ങൾ മണ്ണിനെയും ഫലത്തെയും മനസ്സിനെയും ഒരു പോലെ വിഷമയമാക്കുമെന്ന് ശ്രീനിവാസയും സംഘവും വിളിച്ചു പറയുന്നു. 

കേരളത്തിലെ കർഷകർ റബർ മാത്രം കൃഷി ചെയ്യുന്നതിനോട് അദ്ദേഹത്തിനു യോജിപ്പില്ല. അര ഏക്കർ വസ്തുവുള്ള കർഷകനാണെങ്കിൽ 25 സെന്റിൽ മാത്രം റബർ കൃഷി ചെയ്ത ശേഷം ബാക്കി സ്ഥലത്ത് ഫലവൃക്ഷങ്ങൾ നടണമെന്നാണു ശ്രീനിവാസയുടെ നിർദേശം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന പഴങ്ങളിലെ വിഷത്തിന്റെ അളവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ചെറുപ്പക്കാരെ പിടിക്കാൻ ‘മാഹി’
മികച്ച ആരോഗ്യം ചെറുപ്പത്തിലെ വാർത്തെടുക്കാനാണു മാനവത അക്കാദമി ഫോർ ഹ്യുമൻ എക്സലൻസ് (മാഹി) തുടങ്ങിയത്. 

നല്ല ആരോഗ്യ ശീലവും സ്വയം പര്യാപ്തതയും നേടാ‍ൻ കുട്ടികളെ പ്രാപ്തരാക്കുകയാണു ലക്ഷ്യം. പ്രളയ കാലത്ത് മാനവതയുടെ സഹായം ആലപ്പുഴ, എറണാകുളം ജില്ലകളിൽ എത്തിച്ചു. പ്രളയബാധിത സ്ഥലങ്ങളിൽ ഇനി മാഹി സെന്ററുകൾ തുടങ്ങും.

യൂണിവേഴ്സിറ്റിയോടനുബന്ധിച്ചു ശ്രീനിവാസ ആരംഭിച്ച മാനവത ആശ്രമത്തിൽ അനാഥരെയും പാവപ്പെട്ട വിദ്യാർഥികളെയും പാർപ്പിക്കുന്നു. 

ഇതെല്ലാം ചെയ്യാൻ എന്താണു പ്രചോദനം എന്നു ചോദിക്കുമ്പോൾ അദ്ദേഹം പറയുന്നു, ‘ ഒരു മരം അറിയപ്പെടുന്നത് അതിന്റെ ഫലത്തിന്റെ പേരിലാണ്, ഒരു മനുഷ്യൻ അവന്റെ പ്രവൃത്തിയുടെ പേരിലും. ധനവും പദവിയും അധികാരവുമല്ല ആവശ്യം, ഹൃദയ ശുദ്ധിയാണ് എന്ന സ്വാമി വിവേകാനന്ദന്റെ വാക്യം.’