സോപ്പിലും സൗന്ദര്യവര്‍ധകങ്ങളിലുമുള്ള രാസവസ്തുക്കൾ ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ

സോപ്പിലും സൗന്ദര്യവര്‍ധകവസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ നമ്മെ എങ്ങനെയൊക്കെയാണു ബാധിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ ? അടുത്തിടെ കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തിലാണ് സൗന്ദര്യവര്‍കവസ്തുക്കള്‍, സോപ്പ്, ടൂത്ത്പേസ്റ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കൾ പെണ്‍കുട്ടികളില്‍ വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുന്നതിനു കാരണമായേക്കാമെന്നു കണ്ടെത്തിയത്. 

ഗര്‍ഭം ധരിച്ച സമയത്ത് അമ്മമാരില്‍ ഉയര്‍ന്ന അളവില്‍ Diethyl phthalate, Triclosan എന്നീ  കെമിക്കലുകള്‍ ഉണ്ടെങ്കില്‍ അവരുടെ പെണ്‍മക്കള്‍ക്ക് ചെറുപ്രായത്തില്‍ത്തന്നെ ആര്‍ത്തവം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കോസ്മെറ്റിക്കുകളിലും പെര്‍ഫ്യൂമുകളിലും അടങ്ങിയിരിക്കുന്നവയാണ് Diethyl phthalate. 2017 മുതല്‍ എഫ്ഡിഎ അമേരിക്കയില്‍ നിരോധിച്ച വസ്തുവാണ് Triclosan. ഹാന്‍ഡ്‌വാഷുകളില്‍ ഇതുപയോഗിക്കാറുണ്ട്. ടൂത്ത്പേസ്റ്റുകളില്‍ ഇപ്പോഴും ഇവയുടെ സാന്നിധ്യമുണ്ട്. 

ചർമത്തിൽ നമ്മള്‍ ഉപയോഗിക്കുന്ന പല വസ്തുക്കളും ശരീരത്തിലേക്കും കടക്കുകയും ശരീരത്തെ നേരിട്ടു ബാധിക്കുകയും ചെയ്യും. ശരീരത്തിലെ നാച്ചുറല്‍ ഹോര്‍മോണുകളുമായി ഇവ കൂടിക്കലര്‍ന്ന് ഹോര്‍മോണ്‍ വ്യവസ്ഥയെ താളംതെറ്റിക്കാനുള്ള സാധ്യതയുമുണ്ട്. 

സെന്റര്‍ ഫോര്‍ ഹെല്‍ത്ത്‌ അസ്സെസ്മെന്റ് ഓഫ് മദേഴ്സ് ആന്‍ഡ് ചില്‍ഡ്രന്‍ ഓഫ് സലിനാസ് (CHAMACOS) 1999 മുതൽ ‍2000 വരെ കലിഫോര്‍ണിയയിലെ സലിനാസ് വാലിയില്‍ ഫാമുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ഒരു പഠനം നടത്തിയിരുന്നു. രാസവളത്തിന്റെ ഉപയോഗം എങ്ങനെ കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുമെന്നാണ് പരിശോധിച്ചത്. ഇതിലൂടെ വിവിധ രാസവസ്തുക്കളുടെ സാന്നിധ്യം മനുഷ്യരെ എങ്ങനെയൊക്കെ ബാധിക്കുമെന്നു മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. ഒന്‍പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള 159 ആണ്‍കുട്ടികളിലും 179 പെണ്‍കുട്ടികളിലും ഈ പഠനം നടന്നിരുന്നു. ഇതില്‍ 90 ശതമാനം അമ്മമാരുടെയും പെണ്‍കുട്ടികളുടെയും മൂത്രസാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ രാസവസ്തുസാന്നിധ്യം കണ്ടെത്തിയിരുന്നു, അതും കൂടിയ അളവില്‍. മാത്രമല്ല, ഗര്‍ഭിണിയായ അമ്മയുടെ ശരീരത്തിലെ Diethyl phthalate, Triclosan അളവ് എത്ര കൂടുന്നുവോ അത്രയും അവര്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികളില്‍ നേരത്തെ ആര്‍ത്തവംആരംഭിക്കാനുള്ള സാധ്യതയേറുന്നു. Parabens ന്റെ സാന്നിധ്യം കൂടുന്നതും പെണ്‍കുട്ടികളില്‍ വളരെ നേരത്തെയുള്ള ആര്‍ത്തവ സാധ്യത കൂട്ടുന്നു.