പോയ വർഷം എങ്ങനെ: നടത്താം ഒരു സെൽഫ് ഓഡിറ്റിങ്

ഇനി രണ്ടാഴ്ച കൂടി. അതിനപ്പുറം പുതിയ വർഷം. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയുടെ വാക്കുകൾക്കു കാതോർക്കാം.

ആദ്യം ഈ വർഷത്തെ ജീവിതത്തെ കൃത്യമായി വിലയിരുത്തുക. സെൽഫ് ഓഡിറ്റിങ്. അനാവശ്യമായ എത്രയോ കാര്യങ്ങൾക്കായാണു ടെൻഷനടിച്ചത്, ആശങ്കപ്പെട്ടത്, ദേഷ്യപ്പെട്ടത്. ഒരാളെയെങ്കിലും സഹായിക്കാൻ നമുക്കായോ? ആരോടെങ്കിലും നന്ദി പറഞ്ഞോ– തുടങ്ങിയ ചോദ്യങ്ങൾ മാത്രം പോര, കൃത്യമായ ഉത്തരവും കണ്ടെത്തണം. അതിൽ നിന്നു തുടങ്ങണം, പുതിയ സന്തോഷലക്ഷ്യങ്ങൾ.

സന്തോഷം  റെഡിമെയ്ഡ് അല്ല. നമ്മൾ കണ്ടെത്തുന്നതും  നമ്മുടെ പ്രവർത്തികളുടെ ഫലവുമാണത് എന്നു ദലൈലാമ.  ജീവിതത്തോടു നന്ദിയുള്ളവരായിരിക്കുക. നെഗറ്റീവായ വികാരങ്ങളെ നിയന്ത്രിക്കുക. ഉദാഹരണത്തിന് കാമുകൻ കാമുകിയെ വഞ്ചിച്ചു കടന്നുകളഞ്ഞെന്നിരിക്കട്ടെ. അയാളോടുള്ള ദേഷ്യവും പകയും മാത്രം ഉള്ളിൽ നിറഞ്ഞാൽ പെൺകുട്ടിയുടെ ജീവിതം നശിക്കുകയേ ഉള്ളൂ. പ്രതികാരം ചെയ്യേണ്ടേ എന്നു ചിലർ ചോദിച്ചേക്കാം. ആയിക്കോളൂ, നന്നായി ജീവിച്ചു കാണിക്കുകയാണ് ഏറ്റവും നല്ല പ്രതികാരം. 

എല്ലാമുണ്ടായിട്ടും തൃപ്തിയില്ലാത്തവരെ കണ്ടിട്ടില്ലേ. അതേസമയം, ഒന്നുമില്ലെങ്കിലും സന്തോഷത്തോടെ ജീവിക്കുന്നവരും ഉണ്ട്. സന്തോഷം ഒരു കലയാണ്. നമ്മളെയും അതുപോലെ തന്നെ മറ്റുള്ളവരെയും ഈ ഭൂമിയെയും ജീവജാലങ്ങളെയും സ്നേഹിക്കുമ്പോൾ ഉണരുന്ന കല. 

സന്തോഷത്തിലേക്ക് ഒരു കുറുക്കുവഴിയുണ്ട്– ഒരാളെ മനസ്സറിഞ്ഞു സഹായിക്കൂ. അത്രയേ വേണ്ടൂ.