കുട്ടികളിലെ മൊബൈൽ ഫോൺ അടിമത്തം മാറ്റാം

ഞങ്ങൾ മാതാപിതാക്കൾ മൊബൈൽ ഫോൺ വീട്ടിലെവിടെയെങ്കിലും വച്ചാൽ ഉടനെ 13 വയസ്സുള്ള മകൻ അതെടുക്കും. ഫോണിൽ ഗെയിം കളിക്കാനാണ്. പഠനത്തിന്റെ ഇടയിൽ നിന്ന് ഓടിവന്നും അവൻ ഇതു ചെയ്യും. ആവശ്യത്തിനു തിരിച്ചു തരാൻ പറയുമ്പോൾ അഞ്ചു മിനിറ്റ്, അഞ്ചു മിനിറ്റെന്നു പറഞ്ഞു യാചിക്കും. നിർബന്ധപൂർവം വാങ്ങുമ്പോൾ ഭയങ്കര പിണക്കവും ദേഷ്യവുമാണ്. സ്വന്തമായി ഫോൺ വേണമെന്ന് ആവശ്യപ്പെടുന്നു. എന്താണു ചെയ്യേണ്ടത്?

ഉൾവലിയലിനു സമാനമായി ആധുനിക കാലത്തു സംഭവിക്കുന്ന ഒരു പ്രതിഭാസമാണു മൊബൈൽ വലിയൽ. മുഖാ മുഖമുള്ള ഇടപെടലുകളിൽ നിന്നൊക്കെ വഴുതിമാറി സ്മാർട് ഫോണിലേക്കു ജീവിതത്തെ ചുരുക്കുന്നതാണ് ഇതിന്റെ ലക്ഷണം. കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇതിൽ പെട്ടു പോകാറുണ്ട്. ഇവന്റെ ഈ പെരുമാറ്റങ്ങളും മൊബൈൽ ഫോൺ അടിമത്തത്തിന്റെ സൂചനകളാണ് പഠനം പോലുള്ള ഉത്തരവാദിത്തങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴും അവന്റെ ശ്രദ്ധ മാതാപിതാക്കളുടെ ഫോണിലാണ്. 

അതിൽ പണ്ടു ഗെയിം കളിച്ചതിന്റെ ഹരമാണ് ഉള്ളിൽ തിരതല്ലുന്നത്. അതുകൊണ്ട് അവരത് എവിടെയെങ്കിലും വയ്ക്കുന്നുണ്ടോയെന്ന കാത്തിരിപ്പിലാണ്. അവസരമൊത്തു വരുമ്പോൾ ഫോൺ റാഞ്ചിയെടുക്കുകയാണ്. അനുവാദം ചോദിക്കലൊന്നുമില്ല. കിട്ടിയാൽ ഉടനെ ആവേശത്തോടെ ഗെയിമിലായി. പഠനം പാതിവഴി ഇട്ടേച്ചാകും ഈ ഓട്ടം. സ്വന്തമായി ഒരു ഫോൺ ഇവനു വാങ്ങിക്കൊടുത്താൽ എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ഇത്തരം റാഞ്ചലുകൾക്കു വിലക്കുകൾ വേണം. നിശ്ചയിച്ചുറപ്പിച്ചു നിയന്ത്രിതമായ സമയം പരിധികളോടെ അനുവദിക്കാം. അതും ചുമതലകൾ നിറവേറ്റി യശേഷം മാത്രം. 

കൊച്ചു കുട്ടികളെ ശാന്തരായി ഇരുത്തുവാൻ വേണ്ടി മൊബൈൽ ഫോൺ കൊടുക്കുന്ന അനവധി മാതാപിതാക്കളുണ്ട്. ഗെയിം കളിച്ചാൽ ഒരു ശല്യവുമില്ലാതെ ഒതുങ്ങിക്കോളുമെന്ന ഗുണമുണ്ട്. പക്ഷേ ചെറു പ്രായത്തിൽ തന്നെ അതിന്റെ ഹരം കുത്തിവയ്ക്കുകയാണ്. ഇത് ഒഴിവാക്കണം. സമയത്തിന്റെ ഫലപ്രദമായ വിനിയോഗത്തെക്കുറിച്ചു കൃത്യവും ആരോഗ്യകരവുമായ ഉൾക്കാഴ്ച കുട്ടികളിൽ വളർത്തിയെടുക്കണം. 

സമയപരിധി നിശ്ചയിക്കുന്നതിലെ യുക്തി അപ്പോഴേ മനസ്സിലാകൂ. ബോറടി മാറ്റാനും വെറുതെ നേരം കൊല്ലാനും സ്ക്രീനിൽ വിരലോടിക്കുന്ന ശീലം വേണ്ട. ഫോണുമായി ചെലവഴിക്കുന്ന നേരം കൂടുന്നുവെന്നും ഇപ്പോൾ മിണ്ടാനും മറ്റു കളികൾക്കായും കാണുന്നില്ലെന്നും മറ്റുള്ളവർ ചൂണ്ടി ക്കാണിക്കുമ്പോള്‍ അതു ശ്രദ്ധിക്കണം. മൊബൈല്‍ വലിയൽ കുറയ്ക്കണം.  ഈ ശീലത്തിൽ കുടുങ്ങിപ്പോയ മാതാപിതാക്കളും നിയന്ത്രണം വീണ്ടെടുത്തു കുട്ടികൾക്കു മാതൃകയാകണം.