മഞ്ഞുകാലത്ത് രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ?

കാലാവസ്ഥാമാറ്റങ്ങൾ നിങ്ങളെ ക്ഷീണിതയാക്കുന്നുണ്ടോ? തണുപ്പുകാലങ്ങളിൽ അസുഖങ്ങൾ അലട്ടുന്നുണ്ടോ ? ചിലകാര്യങ്ങളിൽ ശ്രദ്ധ നൽകുകയാണെങ്കിൽ തണുപ്പുകാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിച്ചുകൊണ്ട് അകറ്റി നിർത്താൻ കഴിയും

വൃത്തിയായി കൈ കഴുകുക, കഴിയുന്ന അത്ര തവണ

നിത്യവും നിങ്ങൾ എത്ര ആളുകൾക്ക് കൈകൊടുക്കാറുണ്ട് ? എത്രതവണ പണമിടപാടുകൾ നടത്താറുണ്ട് ? വാതിൽ പിടിയിൽ തൊടാറുണ്ട്? എന്നും ആയിരക്കണക്കിന് അണുക്കളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ശുചിത്വക്കുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിലെത്തിക്കുകയും ഇത് രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും. ആവശ്യത്തിന് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മുതൽ 20 സെക്കൻഡ് നേരം കൈ കഴുകി വൃത്തിയാക്കുക.

ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ വൃത്തിയായി സംരക്ഷിക്കുക

ഇന്ന് എല്ലാവർക്കും ഒഴിച്ചുകുടാൻ കഴിയാത്ത ഒന്നാണ് മൊബൈൽ ഫോണുകളും ടാബ്‌ലറ്റും ലാപ്ടോപ്പുമൊക്കെ. നമ്മൾ നിത്യേന ഉപയോഗിക്കുന്ന ഇത്തരം ഇലക്ട്രോണിക്സ് ഉപകരണങ്ങളും അണുക്കളുടെ പ്രധാന വാഹകരാണ്, അതുകൊണ്ടുതന്നെ അതിലുളള പൊടിപടലങ്ങളൊക്കെ വൃത്തിയാക്കുന്നത് രോഗാണുക്കളെ അകറ്റിനിർത്താന്‍ സഹായിക്കും.

ആരോഗ്യപരമായ ഭക്ഷണ ക്രമീകരണം

മഞ്ഞുകാലത്ത് കഴിക്കുന്ന ഭക്ഷണ കാര്യത്തിലും കുറച്ച് ശ്രദ്ധ കൊടുക്കുന്നത് നല്ലതായിരിക്കും. കൃത്യമായ ആഹാര ക്രമീകരണവും വേണം. കോളിഫ്ലവർ ബ്രൊക്കോളി, വെളുത്തുള്ളി തുടങ്ങിയവ കൂടാതെ പഴങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ചേർക്കുക. ഇവ രോഗങ്ങൾ പരത്തുന്ന അണുക്കളോട് പൊരുതാൻ ആവശ്യമായ ആന്റി ഓക്സൈഡുകൾ നമ്മുടെ ശരീരത്തിന് പ്രദാനം ചെയ്യും.

വെള്ളം കുടിക്കാൻ മടികാണിക്കേണ്ട

പുറത്ത് എത്ര തണുപ്പാണെങ്കിലും ശരീരത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് ജലാംശത്തിന്റെ ആവശ്യം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ വെള്ളംകുടികുന്നതിൽ യാതൊരു കുറവും വരുത്തേണ്ടതില്ല. കൃത്യമായ അളവിൽ ജലാംശം ലഭിക്കുന്നതുമൂലം ശരീരത്തിൽ നിന്നും വിഷാംശം പുറംതള്ളുകയും അതുമുലം ഉന്മേഷവും ഉണർവും വർധിക്കുകയും ചെയ്യുന്നു.

വ്യായാമം വീടിനു പുറത്താക്കുക, ആവശ്യത്തിനു വെയിലു കൊള്ളുക

വിടിനകത്ത് വ്യായാമം ചെയ്യുന്നവർ ഇക്കാലങ്ങളിൽ കൂട്ടുകാരുമൊക്കെയായി വ്യായാമം ഗ്രൗണ്ടിലോ മറ്റു പൊതു സ്ഥലത്തോ ആക്കുവാൻ ശ്രദ്ധിക്കുക. സൈക്ലിങ്, ജോഗിങ് തുടങ്ങിയവ ശരീരത്തിനു കൂടുതൽ ഊർജ്ജം ലഭ്യമാക്കുകയും അതുമൂലം ദൈനംദിന പ്രവർത്തനങ്ങള്‍ കൂടുതൽ കാര്യക്ഷമമാക്കുവാനും സാധിക്കും.

ആവശ്യത്തിന് ഉറക്കം ലഭ്യമാക്കണം

ആരോഗ്യത്തിന്ന് എറ്റവും ആത്യാവശ്യമായി വേണ്ട ഒന്നാണ് ഉറക്കം. തണുപ്പുകാലങ്ങളിൽ ഒരു രാത്രി ചുരുങ്ങിയത് ഏഴു മണിക്കൂർ ഉറക്കം കിട്ടാതെ വന്നാൽ ജലദോഷവും മറ്റും പിടിപെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ നാളുകളിൽ കൂടുതൽ സമയം ഉറക്കത്തിനായി മാറ്റിവയ്ക്കുന്നത് ഉചിതമാണ്. 

അനാവശ്യ ടെന്‍ഷനുകളും സ്ട്രസ്സുകളുമൊക്കെ ഒഴിവാക്കുകയും നമ്മുടെ ചുറ്റുപാടുകൾ കഴിയുന്നത്ര ശുചിത്വപൂർണമാക്കുകയും ചെയ്യുകയാണെങ്കിൽ തീർച്ചയായും ഈ മഞ്ഞുകാലം ഒരു ആരോഗ്യപുർണമായ മാസമാക്കിമാറ്റുവാന്‍ സാധിക്കും.