നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങിയാൽ ലഭിക്കും ഈ ഗുണങ്ങൾ

രാവിലെ നേരത്തെ എഴുന്നേൽക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? വൈകി എണീക്കുന്നവരെക്കാൾ ആരോഗ്യം നേരത്തെ എഴുന്നേൽക്കുന്നവർക്കാണ്. എന്നാൽ അതിരാവിലെ എഴുന്നേറ്റതുകൊണ്ട് മാത്രമായില്ല, ആരോഗ്യകരമായ തുടക്കവും ഒരു ദിവസത്തിന് ഉണ്ടാകണം. ആദ്യം കഴിക്കുന്നത് എന്ത് എന്നതും പ്രധാനമാണ്. ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളം കുടിച്ച് ഒരു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്തതിശയമാണ് നാരങ്ങാവെള്ളം കാട്ടുന്നതെന്നു നോക്കാം. നാരങ്ങാവെള്ളം കുടിച്ച് ഒരു ദിവസം തുടങ്ങിയാലുള്ള ഗുണങ്ങൾ ഇതാ.

∙ ഭാരം കുറയ്ക്കാൻ സഹായകം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ പ്രഭാതമാണ് അതിനു പറ്റിയ സമയം. ഇളം ചൂടുവെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്തു കുടിക്കുക. ഇത് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്ക്കാൻ കൂടുതൽ കാലറി കത്തിച്ചു കളയേണ്ടതുണ്ട്. ഉപാപചയപ്രവർത്തനങ്ങൾ സാവധാനത്തിലുള്ള ഒരാളെ അപേക്ഷിച്ച് ഉപാപചയം വേഗത്തിലുള്ള ആൾക്ക് ശാരീരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ കാലറി ആവശ്യമായി വരും. ഇത് ഭാരം കുറയ്ക്കാൻ സഹായകമാകും. 

∙ ജീവകം സി എന്ന ആന്റി ഓക്സിഡന്റ്
നാരങ്ങയിൽ ജീവകം സി ധാരാളമുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. രോഗപ്രതിരോധശക്തിയേകുന്നു. ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്ന് ഡിഎൻഎയെ സംരക്ഷിക്കുന്നു. പ്രായമാകൽ സാവധാനത്തിലാക്കുന്നു. ഹൃദ്രോഗം വരാതെ കാക്കുന്നു. 

∙ കിഡ്നി സ്റ്റോൺ
ദിവസവും രാവിലെ വെറും വയറ്റിൽ നാരങ്ങാവെള്ളം കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുമെന്നു പഠനങ്ങളിൽ െതളിഞ്ഞിട്ടുണ്ട്. വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് മൂത്രത്തിലെ കാൽസ്യം ഡെപ്പോസിറ്റ് ആണ്. നാരങ്ങാവെള്ളത്തിലടങ്ങിയ സിട്രിക് ആസിഡ്, കാൽസ്യം ഡെപ്പോസിറ്റുകളെ പുറന്തള്ളാൻ സഹായിക്കുന്നു.  

∙ ദഹനം
നാരങ്ങാവെള്ളത്തിലെ ആസിഡുകള്‍, ശരീരത്തിലെ അനാവശ്യവസ്തുക്കളെയും ടോക്സിനുകളെയും പുറന്തള്ളാൻ സഹായിക്കുന്നു. കരളിനെ കൂടുതൽ പിത്തരസം ഉൽപാദിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഇത് ദഹനത്തെയും ഡീടോക്സിഫിക്കേഷനെയും സഹായിക്കുന്നു. കൂടാതെ നെഞ്ചെരിച്ചിൽ, തികട്ടൽ ഇവയെല്ലാം അകറ്റാനും സഹായിക്കും. 

ദിവസത്തിന്റെ തുടക്കത്തിൽതന്നെ ഒരു ദിവസത്തേക്കുള്ള ഊർജ്ജം ഒരു ഗ്ലാസ്സ് നാരങ്ങാവെള്ളത്തിൽ നിന്നു ലഭിക്കും. നാരങ്ങയുടെ മണംതന്നെ ഉത്കണ്ഠയെയും വിഷാദത്തെയും അകറ്റി മൂഡ് മെച്ചപ്പെടുത്തും. കൂടാതെ ശ്വാസത്തെ ഫ്രഷ് ആക്കാനും നാരങ്ങ സഹായിക്കും. നാരങ്ങാവെള്ളം കുടിച്ചു തന്നെ ഒരു ദിവസം തുടങ്ങാം...