ഹീറ്റർ പ്രവർത്തിപ്പിച്ച് ഉറങ്ങാൻ കിടക്കുന്നവർക്കൊരു മുന്നറിയിപ്പ്

തണുപ്പുകാലത്ത് വീടുകളില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... കൊടുംതണുപ്പില്‍നിന്ന് ആശ്വാസത്തിനായി ഇലക്ട്രിക് ഹീറ്ററിനു മുന്‍പില്‍ ചൂടുകായാന്‍ ഇരിക്കുന്നത് അത്ര നന്നല്ല.  ശരീരത്തിനു നല്ല സുഖമാണെങ്കിലും ചര്‍മത്തിന് ഒട്ടും ആരോഗ്യകരമല്ല ഇത്. ഹീറ്ററുകള്‍ ശരീരത്തിലെ ഈര്‍പ്പം മുഴുവന്‍ വലിച്ചെടുക്കും. ഒപ്പം അന്തരീക്ഷത്തിലെയും ഈർപ്പം കുറയും. പലരും രാത്രി മുഴുവന്‍ ഹീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഉറങ്ങാന്‍ കിടക്കുന്നവരാണ്. ഇത് വളരെ അപകടകരമാണ് എന്നോര്‍ക്കുക. 

ഹീറ്റര്‍ മണിക്കൂറുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് മുറിക്കുള്ളിലുള്ള ഈര്‍പ്പം മൊത്തം വലിച്ചെടുക്കും. ഇതുമൂലം അന്തരീക്ഷം വരളും. പലരിലും ശ്വാസംമുട്ടലും ശ്വാസകോശരോഗങ്ങളും ഉണ്ടാകുകയും ചെയ്യും. ദീര്‍ഘനേരം ഹീറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മുറിയില്‍ ഒരു ബക്കറ്റ് വെള്ളം വയ്ക്കുക. ഇത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. വെന്‍റിലേഷന്‍ സൗകര്യം ഉറപ്പുവരുത്തുകയും വേണം.

മുറിയിലെ ഊഷ്മാവുമായി നമ്മുടെ ശരീരം പൊരുത്തപ്പെടുകയാണ് സാധാരണ സംഭവിക്കുന്നത്. എന്നാല്‍ ഹീറ്റര്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇതിന്റെ താളംതെറ്റുന്നു. പനിയോ ജലദോഷമോ ഇടയ്ക്കിടെ ഉണ്ടാകാനും ഇതു കാരണമായേക്കാം. അപൂര്‍വമായി ഹീറ്റര്‍ മൂലം പൊള്ളലോ തീപിടുത്തമോ വരെ സംഭവിച്ച കേസുകളുമുണ്ട്. ഹീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഒരു ബക്കറ്റ് വെള്ളം മുറിയില്‍ വയ്ക്കുക. ഒരിക്കലും ഹീറ്ററിനു മുകളില്‍ ഒന്നും വയ്ക്കരുത്. ഹീറ്ററുമായി ഒരകലം എപ്പോഴും സൂക്ഷിക്കുകയും വേണം.