അറിയുന്നുണ്ടോ, ഈ പ്ലാസ്റ്റിക് ദിവസവും നമ്മളെ രോഗികളാക്കുകയാണ്

പ്രളയം കരയ്ക്കുകൊണ്ടിട്ട ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യം നമ്മൾ എന്തു ചെയ്തു? വീണ്ടും തിരികെ പുഴകളിലേക്കു കമിഴ്ത്തി. അതുകണ്ടു മനസ്സു വെന്തപ്പോൾ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ വാട്സാപ്പിൽ ഒരു വിഡിയോ ക്ലിപ് ഇട്ടു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ നമുക്ക് പോരാടാം, തയാറുള്ളവരുണ്ടോ എന്ന്. 14 ജില്ലകളിൽ നിന്നും ഇതറിഞ്ഞു സന്നദ്ധ പ്രവർത്തകരെത്തി. അങ്ങനെ ഐ ചാലഞ്ച് പ്ലാസ്റ്റിക് ബോട്ടിൽ എന്ന ക്യാംപെയ്നു തുടക്കമായി, സംസ്ഥാനമൊട്ടാകെ. 

ക്യാംപെയ്ന്റെ കോട്ടയത്തെ കോ–ഓർഡിനേറ്റർ ഡോ. ജെൻസി ബ്ലെസൻ (ജ്യുവൽ ഓട്ടിസം സെന്റർ ജോയിന്റ് ഡയറക്ടർ) പറയുന്നതു കേൾക്കാം.

 പ്ലാസ്റ്റിക് ഉണ്ടാക്കുന്ന വിപത്തിനെതിരെ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ പുഴയും തോടും പാടവും മണ്ണുമെല്ലാം നശിക്കും, നാം രോഗികളാകും. ഒന്നു ചിന്തിക്കൂ, ഒരു ദിവസം ഒരു വീട്ടിൽ എത്ര പ്ലാസ്റ്റിക് ക്യാരി ബാഗുകൾ എത്തുന്നുണ്ട്, എത്ര സിഗരറ്റ് കവറുകൾ, എത്ര കുപ്പികൾ, എത്ര പാഴ്സൽ പാത്രങ്ങൾ, എത്ര പാൽ കവറുകൾ.... അങ്ങനെ എത്ര വീടുകൾ, എത്ര കടകൾ. ആദ്യഘട്ടത്തിൽ പ്ലാസ്റ്റിക് കുപ്പികളെ എങ്കിലും ഒഴിവാക്കാം.

 കുട്ടികളിൽ നിന്നു മാറ്റത്തിനു തുടക്കമിടുകയാണ് ഈ ക്യാംപെയ്ൻ. സ്കൂളുകളിലും കോളജുകളിലും പ്ലാസ്റ്റിക് നിയന്ത്രണ പ്രതിജ്ഞയെടുപ്പിക്കുന്നു, നിശ്ചിത ദിവസം പ്ലാസ്റ്റിക് കുപ്പികളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്താൻ നിർദേശിക്കുന്നു. കൂടുതൽ കുപ്പികൾ കൊണ്ടുവന്നവർക്കു സമ്മാനം നൽകുന്നു. ഇങ്ങനെ ശേഖരിച്ച കുപ്പികൾ കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷന് (കെഎസ്എംഎ) പുനരുപയോഗത്തിനായി കൈമാറും.

 പ്ലാസ്റ്റിക് വിപത്തുകളെക്കുറിച്ചു ബോധവൽകരണ ക്ലാസുകളുമുണ്ട്.. പലരും പ്ലാസ്റ്റിക് കുപ്പികളും ചോറ്റുപാത്രങ്ങളും ഒഴിവാക്കി  സ്റ്റീൽ പാത്രങ്ങളിലേക്കു മാറിയതു പ്രധാന ചുവടുവയ്പ്. 

 കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ഫുട്ബോൾ അസോസിയേഷന്റെയും ക്ഷണപ്രകാരം തിരുവനന്തപുരത്ത് ഇന്ത്യയുടെ മാച്ച്, കലൂരിൽ ബ്ലാസ്റ്റേഴ്സ് മാച്ച് എന്നിവയിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി എത്തി. പഞ്ചാബ് സർക്കാരിന്റെ ക്ഷണപ്രകാരം അവിടെയും ക്ലാസുകൾ നടത്തി.

 ഒക്ടോബർ രണ്ടിനു തുടക്കമിട്ട ക്യാംപെയ്ൻ 4 മാസം പിന്നിടുമ്പോൾ കോട്ടയത്തു നിന്നു മാത്രം ശേഖരിച്ചത്  9500 കിലോ പ്ലാസ്റ്റിക് കുപ്പികൾ!

 പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണോ? ഞങ്ങളെ വിളിക്കൂ– സൗജന്യമായി അതു ശേഖരിച്ചു സംസ്കരിക്കും.  ഫോൺ: 83 300 93 437