മൈക്രോവേവ് പോപ്‌കോണിനെ ഭയക്കണം

മൈക്രോവേവ് പോപ്‌കോണ്‍ ഇന്ന് മലയാളികളുടെ ശീലമായി മാറിയിട്ടുണ്ട്. സിനിമയ്ക്കു പോകുമ്പോഴും മാളുകളില്‍ പോകുമ്പോഴുമെല്ലാം വെറുതെ കൊറിക്കാന്‍ ഇവ വാങ്ങുന്നത് മിക്കവരുടെയും ശീലമാണ്. എന്നാല്‍ ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ലെന്ന് അറിയാമോ?

നല്ല മണമുള്ള, വിവിധ രുചികളില്‍ തയറാക്കുന്ന ഇവ കഴിവതും ഒഴിവാക്കുക. കാരണം മൈക്രോവേവ് അവ്നിൽ തയാറാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ കാൻസറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഇവയിലെ ഉപ്പ്‌, എണ്ണ എന്നിവയ്ക്കു പുറമേ ഇതിലുപയോഗിക്കുന്ന മസാല അമിതമായി ചൂടാകുന്നതോടെ അവയില്‍ കാന്‍സറിന് കാരണമാകുന്ന ഘടകങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. 

'പോപ്‌ കോണ്‍ ലങ്സ് ' എന്നാണ് ശാസ്ത്രം ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ടു റിപ്പോര്‍ട്ട് ചെയ്യുന്ന രോഗങ്ങള്‍ക്കു നല്‍കുന്ന പേര്. അടുത്തിടെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ്‌ ഹെല്‍ത്തില്‍ നടത്തിയ പഠനത്തില്‍ പോപ്‌കോണ്‍ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്യുന്ന എട്ടു ജോലിക്കാരില്‍ bronchiolitis obliterans അഥവാ   'പോപ്‌ കോണ്‍ ലങ്ങ്സ് ' കണ്ടെത്തിയിരുന്നു. ഇത് അവര്‍ക്ക് ജോലിസ്ഥലത്തുനിന്നു പിടിപെട്ടതാണെന്നാണ് നിഗമനം. ഇത് മറ്റുള്ളവര്‍ക്കുമൊരു മുന്നറിയിപ്പാണ്. 

പോപ്‌കോണ്‍ ബാഗുകള്‍ ചൂടാകുമ്പോള്‍ Diacetyl എന്ന രാസവസ്തു പുറന്തള്ളുന്നുണ്ട്. പോപ്‌കോണ്‍ പ്രിയമുള്ളവര്‍ കഴിവതും പോപ്‌കോണ്‍ വീട്ടില്‍ തന്നെ തയാറാക്കാന്‍ ശ്രമിക്കുക. ഓര്‍ഗാനിക്ക് പോപ്‌കോണിനൊപ്പം വീട്ടില്‍ തയാറാക്കിയ ബട്ടര്‍ കൂടി ചേര്‍ത്താല്‍ ഭയം വേണ്ട.