കൊച്ചി മെട്രോയിൽ ഇനി താമസിക്കാം!

രാത്രി നഗരത്തിലെത്തുന്നവർക്കു  തലചായ്ക്കാനൊരിടം, അധികം പണച്ചെലവില്ലാതെ, സുരക്ഷിതമായി, വൃത്തിയോടെ.... എംജി റോഡ് മെട്രോ സ്റ്റേഷനിൽ ഡോർമെട്രി സംവിധാനം പ്രവർത്തനം തുടങ്ങി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) നൽകിയ സ്ഥലത്തു  പീറ്റേഴ്‌സ് ഇൻ എന്ന പേരിലാണു ഡോർമെട്രിയുടെ പ്രവർത്തനം. 

ഇന്ത്യയിൽ മേട്രോ സ്റ്റേഷൻ കേന്ദ്രമാക്കിയുള്ള  ആദ്യ ഡോർമെട്രിയാണിത്. 200 കിടക്കകളും, 40 ടോയ്‌ലറ്റുകളുമുള്ള പീറ്റേഴ്‌സ് ഇൻ എസി ട്രെയിൻ കമ്പാർട്ട്മെന്റിന്റെ മാതൃകയിലാണു നിർമിച്ചത്. 

മൊബൈൽ ചാർജിങ് പോയിന്റ്, റീഡിങ് ലൈറ്റ് തുടങ്ങിയവ എല്ലാ ബഡ്ഡുകളിലും നൽകിയിട്ടുണ്ട്.  താമസക്കാർക്കു സ്വകാര്യത ഉറപ്പു വരുത്തുന്നു. സ്ത്രീകൾക്കു പ്രത്യേക കമ്പാർട്ട്‌മെന്റ് മുറികളും ലോക്കർ സംവിധാനവും ഉണ്ട്. രാത്രി  ഏഴിനു  ചെക്ക് ഇൻ ചെയുന്ന ഒരാൾക്കു രാവിലെ എട്ടു വരെ ഇവിടെ കഴിയാം. പകൽ സമയ വിശ്രമത്തിനും അവസരമുണ്ട്. ഒരു രാത്രി താമസത്തിന് 395 രൂപയാണു ഫീസ്. കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള കമ്പാർട്ട്‌മെന്റ് മുറികളും ഉണ്ട്.  സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലമാണു പീറ്റേഴ്‌സ് ഇൻ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കുന്ന ഡോർമെട്രികളിൽ നൽകുന്നതെന്നു കമ്പനി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് മുക്കാണിക്കൽ പറഞ്ഞു. ഈ സംവിധാനം മറ്റുള്ള സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് പദ്ധതി. 

വിവാഹ ആവശ്യങ്ങൾക്കും വിനോദ യാത്രകൾക്കും  എത്തുന്നവർക്കു ചെലവു കുറഞ്ഞ രീതിയിൽ ഒന്നിച്ചു താമസിക്കാനുള്ള അവസരമാണ്  ഒരുക്കിയത്.  ഇതിനു പുറമെ,  900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകൾ കാണാനുള്ള അവസരം ഒരുക്കും.

മൂന്നാർ, വാഗമൺ, കുമരകം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കു  യഥാക്രമം 3900, 3100, 2750 രൂപകളിലുള്ള ഡേ ടൂർ പാക്കേജും ഒരുക്കിയിട്ടുണ്ട്. ഇവർക്കു രണ്ടു രാത്രികളിലെ താമസം സൗജന്യം. ഫോൺ: 77366 66181 

ഡൊമിനിക് പ്രസന്റേഷൻ,  എംഎൽഎ മാരായ എസ്. ശർമ, പി.ടി. തോമസ്, വി.ഡി. സതീശൻ, മേയർ സൗമിനി ജയിൻ, കെഎംആർഎൽ  എംഡി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ചേർന്നാണു ഡോർമെട്രി സംവിധാനം തുറന്നുകൊടുത്തത്. അന്ന മറിയ ഏജൻസീസിനാണു നടത്തിപ്പു ചുമതല.

∙ എസി ട്രെയിൻ കമ്പാർട്ട്മെന്റിന്റെ മാതൃക

∙ 200 കിടക്കകളും, 40 ടോയ്‌ലറ്റുകളും

∙ ഒരു രാത്രി താമസത്തിന് 395 രൂപ