ഇനി കുടിയന്മാർക്ക് ‘വഴി തെറ്റില്ല!’

ഇനി ‘വഴി തെറ്റില്ല!’ സംസ്ഥാനത്തെ ബവ്റിജസ് കോർപറേഷന്റെ എല്ലാ മദ്യശാലകളും ഒരുപോലെ ചായമടിച്ചു നവീകരിക്കുന്നു. ഓണത്തിനു മുൻപു നവീകരണം പൂർത്തീകരിക്കുന്നതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു. 

ചുവപ്പുനിറത്തിൽ മഞ്ഞയും നീലയും വരകളുള്ളതാണ് പുതിയ ഡിസൈൻ. ബവ്കോ എന്ന എഴുത്തും ലോഗോയും ഒരേ മാതൃകയിൽ എല്ലായിടത്തും ഉണ്ടാകും. രണ്ടു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ ഓരോ മദ്യശാലയ്ക്കും ചെലവാക്കാം. കൂടുതൽ കൗണ്ടറുകൾ, ഗ്ലാസ് വാതിലുകൾ, മേൽക്കൂരയിൽ ഷീറ്റ് വിരിക്കൽ, തറയിൽ ടൈലുകൾ പതിക്കൽ എന്നിവയും നടപ്പാക്കും.

സർക്കാരിനു മികച്ച വരുമാനം നൽകുന്നതാണെങ്കിലും ബവ്റിജസ് മദ്യശാലകൾ പലയിടത്തും ശോച്യാവസ്ഥയിലാണ്. ഇതു പരിഹരിക്കുന്നതിനായി പുതിയ വാടകക്കെട്ടിടങ്ങൾ അന്വേഷിക്കുന്നുണ്ട്. എല്ലാ മദ്യശാലകളിലും യൂണിഫോമിലുള്ള സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിനും നീക്കം തുടങ്ങി. 270 വിദേശമദ്യശാലകളാണ് ബവ്റിജസ് കോർപറേഷനുള്ളത്.