വീടുകളിൽ പ്രളയദുരിതം; കേരളം കണ്ടുപഠിക്കണം ഈ തായ്‌ലൻഡ് മാതൃക

പെരുമഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. പതിനായിരക്കണക്കിന് വീടുകളാണ് ദുരിതപ്പെയ്ത്തിൽ വെള്ളം കയറിയും തകർന്നു വീണും വാസയോഗ്യമല്ലാതായത്. എന്നാൽ പ്രകൃതി ക്ഷോഭങ്ങൾ നിരന്തര കാഴ്ചയായ തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിൽ വീട് പണിയുന്ന രീതി നമ്മുടെ ശ്രദ്ധയാകർഷിക്കേണ്ടതാണ്.

പ്രളയത്തിൽ മുങ്ങിനിൽക്കുന്ന വീട്

മണ്ണുകൊണ്ടും മരംകൊണ്ടും മുളകൊണ്ടും ഇവിടെ വീടുകൾ നിർമിക്കപ്പെടുന്നു. കളിമണ്ണിൽ തീർത്ത വീടുകൾ പഴയകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് നമ്മുടെ നാട്ടിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ പൂർണമായും മുളകൾ കൊണ്ട് നിർമിച്ച ഒരു വീട് നമുക്ക് അത്ഭുതമായിരിക്കും.

തായ്‌ലൻഡിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഭൂനിരപ്പിൽ നിന്നും ഉയർത്തിയാണ് മുളവീടുകൾ പണിയുന്നത്. വേനൽക്കാലത്തു താഴത്തെ സ്ഥലം ഉപയുക്തമാകാനും സാധിക്കും. പ്രകൃതി ക്ഷോഭങ്ങളിൽ തകർന്നു വീണാലും ഉള്ളിൽ പെട്ടുപോകുന്നവർക്ക് വലിയ ക്ഷതമൊന്നും സംഭവിക്കില്ല എന്ന ഗുണവുമുണ്ട്.

തായ്‌ലൻഡിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം മുളവീടുകൾ അവരുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കാര്യം ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം ഒക്കെ തന്നെ എന്ന് കരുതി മുളകൾ അത്ര നിസ്സാരക്കാരാണ് എന്ന് കരുതണ്ട. കരുത്തിന്റെയും ഈടിന്റെയും കാര്യത്തിൽ മുളകളെ വെല്ലാൻ മറ്റൊന്നുമില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെയാണ് ഫർണിച്ചറുകൾ നിർമിക്കുന്നതിന് മുളകൾ ഉപയോഗിക്കുന്നത്. 

മേൽക്കൂര, മതിലുകൾ, നിലം, കോണിപ്പടികൾ എന്നുവേണ്ട എല്ലായിടത്തും മുളകൾ തന്നെയാണ് ഉപയോഗിക്കുന്നത്. വാതിലുകളും ജനലുകളും എന്തിനേറെ വാഷ്‌ബേസിനുകൾ വരെ മുളകൾ കൊണ്ടാണ് നിർമിക്കുന്നത്. എന്നാൽ ഒറ്റനോട്ടത്തിൽ മുളയാണ് എന്ന് തോന്നിക്കാത്ത വിധത്തിലാണ് നിർമിതി. 

രാകി ചെത്തിയ മുളകൾ കൊണ്ടാണ് മേൽക്കൂര തീർക്കുന്നത്. ഒരേ വലുപ്പത്തിലുള്ള മുളകൾ കൊണ്ട് ഭിത്തികൾ തീർക്കുന്നു. മുളശീലുകൾ കൊണ്ട് ചെറിയ ദ്വാരങ്ങൾ പോലും അടക്കുന്ന രീതിയിലാണ് നിർമ്മിതി. മിനുസപ്പെടുത്തിയെടുത്ത മുളകളിലാണ്‌ നിലം തീർക്കുന്നത്. എന്നാൽ ഇത് വാർണിഷ് ചെയ്ത് ഗ്രിപ്പ് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. സൂര്യപ്രകാശം ഉള്ളിലേക്ക് കടക്കുന്ന രീതിയിലാണ് ഇന്റീരിയർ ഒരുക്കുക. അതിനാൽ ഇവിടെ മാത്രം മേൽക്കൂരയിൽ ദ്വാരങ്ങൾ അതുപോലെതന്നെ വയ്ക്കും. വീടിനു ഭംഗി പകരാൻ ബാംബൂ കർട്ടനുകളും ഉണ്ട്. 

തായ്‌ലൻഡിൽ വിനോദ സഞ്ചാരികളായി എത്തുന്നവർക്ക് എന്നും കൗതുകമാണ് ഇവിടുത്തെ മുളവീടുകൾ. താമസിക്കുമ്പോൾ പ്രകൃതിയുടെ മടിത്തട്ടിലാണ് എന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. മഴപെയ്യുമ്പോൾ തണുപ്പ് അരിച്ചിറങ്ങുന്ന സുഖം ഒന്ന് അനുഭവിച്ചാൽ മാത്രമേ മനസിലാകൂ. 

MORE IN FIRST SHOT