തകർപ്പൻ ക്യാംപസുമായി ഫെയ്സ്ബുക് വീണ്ടും

കലിഫോർണിയയിലെ മെൻലോ പാർക്കിലുള്ള ഫെയ്‌സ്ബുക് ആസ്ഥാനത്ത് പുതിയൊരു കെട്ടിടം കൂട്ടിച്ചേർത്തിരിക്കുകയാണ്. ഫെയ്സ്ബുക് സി ഒ ഒ ഷെറിൽ സാൻഡ്ബർഗ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുതിയ കെട്ടിടത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. എം പി കെ 21 എന്നാണ് കെട്ടിടത്തിന്റെ പേര്. 22.7 ഏക്കറിൽ 523000 ചതുരശ്രയടിയിലാണ് നിർമാണം. വിഖ്യാത ആർക്കിടെക്ട് ഫ്രാങ്ക് ഗ്രിഗറിയാണ് ശിൽപി. അതീവ പരിസ്ഥിതി സൗഹൃദ മാതൃകയിലാണ് രൂപകൽപന. 

ജീവനക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ നൽകുന്നതിലൂടെ പ്രവർത്തനശേഷി എങ്ങനെ വർധിപ്പിക്കാമെന്നും ഫെയ്‌സ്ബുക്കിനെ നോക്കിപ്പഠിക്കണമെന്നു വിദഗ്ധർ പറയുന്നത് വെറുതെയല്ല. മെൻലോ പാർക്കിലെ പ്രധാന ഓഫിസ് പോലെതന്നെ, സാമ്പ്രദായിക ഓഫിസ് ശൈലികളെ പൊളിച്ചെഴുതുന്ന വിധത്തിലാണ് പുതിയ കെട്ടിടത്തിന്റെയും രൂപഘടന. ക്യാബിനുകൾ ഇല്ലാതെ തുറന്ന ഓഫിസ്. ആർക്കും എവിടെയിരുന്നും ജോലി ചെയ്യാം. നിയതമായ തൊഴിൽ സമയമില്ല. ഓഫിസിൽ തന്നെ താമസിക്കാനും സൗകര്യമുണ്ട്. വർണാഭമായ ചുവരുകളാണ് ഓഫിസിനെ അടയാളപ്പെടുത്തുന്നത്. ജോലിക്കാർക്കു ക്യാംപസിൽ സഞ്ചരിക്കാൻ നൽകിയിരിക്കുന്ന സൈക്കിളുകൾ പാർക്ക് ചെയ്യാൻ വെർട്ടിക്കൽ സ്റ്റാൻഡുകളും ഭിത്തിയിൽ കാണാം. 

ഗ്ലാസ് പാനലുകൾ കൊണ്ടാണ് ചുവരുകൾ. ഇതിലൂടെ സ്വാഭാവിക പ്രകാശം സമൃദ്ധമായി അകത്തേക്കെത്തുന്നു. ജലം, ഊർജം എന്നിവ പുനരുപയോഗിക്കാവുന്ന വിധമാണ് കെട്ടിടത്തിന്റെ നിർമാണം. ഇതിലൂടെ പ്രതിവർഷം 17 മില്യൻ ഗ്യാലൻ ജലം സംരക്ഷിക്കാമെന്നാണ് ഷെറിൽ സാൻഡ്ബർഗ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അവകാശപ്പെടുന്നത്. എന്തായാലും എം പി കെ 21 കൂടിയെത്തിയതോടെ ഫെയ്സ്ബുക് ആസ്ഥാനത്തിന്റെ പ്രൗഢി ഒന്നുകൂടി വർധിച്ചിരിക്കുകയാണ്.