ഇവിടെയും വിളയിക്കാം ബസുമതി; ആനന്ദ് കൊയ്തെടുത്തത് നൂറുമേനി

പോത്തൻകോട് ∙ ജമ്മുകാശ്മീരിലും പഞ്ചാബിലും സമൃദ്ധമായ ‘ബസുമതി’ അരി സ്വന്തം പറമ്പിൽ വിളയിപ്പിച്ചെടുത്ത് നെൽക്കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് പോത്തൻകോട് കല്ലുവിള അർച്ചനയിൽ ബി. ആനന്ദ്. പരീക്ഷണാർത്ഥം അഞ്ചു സെന്റിലാണ് കരനെൽക്കൃഷിയിറക്കിയത്. ഇതുവരെയുള്ള ചെലവ് 4000 രൂപ. നൂറുമേനി വിളവിൽ 40 കിലോയോളം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ബസുമതി നെൽവിത്തിന് കിലോയ്ക്ക് 750താണ് ഇപ്പോഴത്തെ വില. ‘റബ്ബർ ഹള്ളർ’ പ്ലാന്റിലൂടെ മാത്രമെ അരി വേർപെടുത്താനാകൂ. ഇത് എല്ലായിടത്തും ഇല്ലാത്തതിനാൽ പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. കൃഷി വൻവിജയമായതോടെ അര ഏക്കറിൽ കൃഷിയിറക്കാനും ആവശ്യക്കാർക്ക് വിത്തു നൽകി നെൽകൃഷി വ്യാപിപ്പിക്കണമെന്നുമാണ് ആനന്ദിന്റെ ആഗ്രഹം.  കരസേനയിൽ എൻജിനീയറിങ് വിങിൽ ജോലിയുണ്ടായിരുന്ന ആനന്ദ് വിരമിച്ച ശേഷം കംപ്യൂട്ടർ ഹാർഡ് വെയർ രംഗത്തും പിന്നീട് കൃഷിയിലേക്കും തിരിയുകയായിരുന്നു. 

തെങ്ങ് പ്രദർശന തോട്ടവും ഒരുക്കിയിട്ടുണ്ട്. ബസുമതി സ്വന്തം സ്ഥലത്ത് പരീക്ഷിക്കാനായി 200 വിത്ത് കൊറിയറിൽ വരുത്തുകയായിരുന്നു. ശീതികരിച്ചാണ് വിത്തുകൾ മുളപ്പിച്ചത്.  ഗ്രോബാഗുകളിലാക്കി ഞാറാക്കിയ ശേഷമാണ് നിലമൊരുക്കി കൃഷിയിറക്കിയത്. ആനന്ദിന്റെ ഭാര്യ വി. ബിന്ദുവും, മക്കളായ രേവതിയും, ആദിത്യയും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. 

പോത്തൻകോട് പഞ്ചായത്തു പ്രസിഡന്റ് കെ. വേണുഗോപാലൻനായർ കൊയ്ത്ത് ഉദ്ഘാടനം നടത്തി.  ജില്ലാപഞ്ചായത്തംഗം എസ്. രാധാദേവി, വാർഡംഗം ഗിരിജകുമാരി, മുൻജില്ലാപഞ്ചായത്തംഗം ജി.സതീശൻനായർ, കൃഷിഭവൻസമിതി കൺവീനർ ഡി. ബൈജു, കേരകർഷകസംഘം യൂണിറ്റ് പ്രസിഡന്റ് ആർ. രവീന്ദ്രൻനായർ, എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.