വെള്ളം കിട്ടിയില്ല; 15 ഏക്കറോളം നെൽക്കൃഷി ഉണങ്ങിത്തുടങ്ങി

ചിറ്റൂർ∙ കനാൽ വെള്ളം കിട്ടിയില്ല. കർഷകരുടെ നെൽപാടങ്ങൾ വിണ്ടുകീറിത്തുടങ്ങി. മൂലത്തറ റഗുലേറ്ററിന്റെ മൂക്കിൻതുമ്പിലുള്ള പ്രദേശത്ത് 15 ഏക്കർ നെൽക്കൃഷിയാണ് ഉണങ്ങിത്തുടങ്ങിയത്. റഗുലേറ്ററിൽ നിന്ന് 5 കിലോമീറ്റർ പരിധിയിലുള്ള മണൽത്തോട്ടിലാണ് കതിർ നിരക്കാറായ നെൽപാടം ഉണങ്ങിത്തുടങ്ങിയത്. 

ഇത്തവണ രണ്ടാംവിളയ്ക്ക് ഒരിക്കൽപോലും കനാൽ വെള്ളം ലഭിക്കാതായതോടെയാണ് കൃഷിയിടം വിണ്ടുകീറുകയും നെൽച്ചെടികൾ ഉണങ്ങുകയും ചെയ്തത്. മൂലത്തറ റഗുലേറ്ററിൽ നിന്നുള്ള വലതുകര കനാലിന്റെ ബ്രാഞ്ച് കനാൽ പ്രദേശത്തെ കർഷകരാണ് ഇത്തവണ വെള്ളം കിട്ടാതായതോട ദുരിതത്തിലായിരിക്കുന്നത്.

കനാൽ വെള്ളത്തെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്നവരാണ് പ്രദേശത്തെ കർഷകർ. 3 പതിറ്റാണ്ടുകാലം യാതൊരു കുഴപ്പവുമില്ലാതെ കനാൽ വെള്ളം ലഭിക്കുകയും കൃഷി ഉണക്കംകൂടാതെ എടുക്കുകയും ചെയ്യുന്ന കർഷകരാണ് ഇത്തവണ വെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നത്.

പ്രളയത്തിലും തുടർന്നും മൂലത്തറ റഗുലേറ്റർ തകർന്നതിനാലാണ് കനാലിലൂടെ വെള്ളം തുറക്കാത്തതെന്നാണത്രെ അധികൃതർ പറയുന്നത്. പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളായ കുളങ്ങളും വരണ്ടുകിടക്കുകയാണ്.

എന്നാൽ തകർന്ന ഭാഗം പുതുക്കി പണിതിട്ട് ആഴ്ച്ചകൾ പിന്നിട്ടിട്ടും കനാലിലൂടെ വെള്ളം തുറന്നിട്ടില്ലെന്ന ആക്ഷേപവുമുണ്ട്. കൂടാതെ പല ബ്രാഞ്ച് കനാലിലും തൊഴിലുറപ്പ് പ്രവൃത്തികൾ പുരോഗമിക്കുന്നു എന്ന കാരണത്താൽ വെള്ളം തുറന്നുവിടാതിരിക്കുന്ന സ്ഥിതിയുമുണ്ട്.വെള്ളം അത്യാവശ്യമുള്ള സമയത്ത് ഇത്തരത്തിൽ പല കാരണങ്ങൾ പറഞ്ഞ്  തുറക്കാതിരിക്കുന്നത് ശരിയല്ലെന്നും കർഷകർ പറഞ്ഞു.