ഉണങ്ങിത്തുടങ്ങുന്നു; നെൽകൃഷിയാകെ

പത്തിരിപ്പാല ∙ ഭാരതപ്പുഴയോരത്തെ ഞാവളിൻ കടവിനു സമീപത്തെ നെൽക്കൃഷി വ്യാപകമായി ഉണങ്ങാൻ തുടങ്ങി. മലമ്പുഴ കനാൽ വെള്ളം ലഭ്യമാകാത്തതാണ് അതിർകാട് പാടശേഖര സമിതിയിലെ 30 ഏക്കർ കൃഷിക്ക് ഉണക്കം ബാധിക്കാൻ കാരണമെന്നു കർഷകർ പറഞ്ഞു. പുഴയിൽ ധാരാളം വെള്ളം ഉണ്ടെങ്കിലും ജലസേചന സൗകര്യമില്ലാത്തതിനാൽ ഇൗ പാടശേഖര സമിതിയിലെ കർഷകർ ആശ്രയിക്കുന്നത് 40 കിലോമീറ്റർ ദൂരെയുള്ള മലമ്പുഴ ഡാമിനെയാണ്. സബ് കനാലുകൾ തകർന്നു കിടക്കുന്നതാണ് കർഷകർ നേരിടുന്ന വെല്ലുവിളി.

കനാൽ നവികരിക്കണമെന്ന കർഷകരുടെ വർഷങ്ങളായുള്ള ആവശ്യം അധികൃതർ അവഗണിക്കുന്നതായി കർഷകർ ആരോപിച്ചു. സബ് കനാൽ തകർന്നതോടെ കനാൽ വെള്ളം റബർ തോട്ടങ്ങളിലൂടെയും പറമ്പുകളിലും ഒഴുകിയാണു കൃഷിയിടത്തിലെത്തുന്നത്. പമ്പിങ് സൗകര്യമില്ലാതെ കർഷകരുടെ നെല്ല് ഉണങ്ങുമെന്ന ആശങ്കയിലാണ്.

തൊഴിലാളി ക്ഷാമത്തെ തുടർന്ന് അന്യസംസ്ഥാനക്കാരെ ഉപയോഗിച്ചാണ് ഇൗ പ്രദേശത്ത് രണ്ടാം വിള കൃഷിയിറക്കിയിരുന്നത്. 80 ദിവസം പ്രായമായ നെൽച്ചെടികളാണ് ഉണങ്ങി നശിക്കുന്നത്. സത്യഭാമ, വേലാപ്പു, സുകുമാരൻ, മുരളീധരൻ, ചന്ദ്രൻ, പങ്കുണ്ണി, രാമചന്ദ്രൻ, പഴണൻകുട്ടി എന്നീ കർഷകരുടെ വിളയാണ് ഉണക്കം ബാധിച്ചിരിക്കുന്നത്. ഏക്കറിന് 15000 രൂപ ചെലവഴിച്ചതായി കർഷകർ പറഞ്ഞു. കനാൽ വെള്ളം ലഭ്യമാക്കണമെന്നു കർഷകർ പറഞ്ഞു.