ഒരു കുട്ടനാടൻ രസതന്ത്രം

കെട്ടുവള്ളത്തിന്റെ രൂപമെങ്കിലും ഹോട്ടൽ മുറിയെ അനുസ്മരിപ്പിക്കുന്ന ആഡംബര നൗക അവരെ തൃപ്തിപ്പെടുത്തിയില്ല. ബോട്ടിന്റെ ചില്ലുകളിലൂടെ പച്ചപ്പു കണ്ടു മതിയാകാതെ അവർ കുട്ടനാടിന്റെ നടവരമ്പുകളിലേക്കിറങ്ങി. നൊബേൽ സമ്മാനജേതാവടക്കം ഒരുപിടി വിദേശ രസതന്ത്രജ്ഞരുടെ ആദ്യ കേരളയാത്രയ്ക്കു ഹരിത ഭംഗി ഏറ്റവും അനുയോജ്യ ബാക്ഗ്രൗണ്ട് ആയിരുന്നു; ഹരിത രസതന്ത്രം എന്ന ഗ്രീൻ കെമിസ്ട്രിയുടെ സാധ്യതകൾ ചർച്ച ചെയ്യാനെത്തിയതാണ് അവർ.

രസതന്ത്രംകൊണ്ടു ഗുണങ്ങൾ ഏറെയുണ്ടെങ്കിലും പ്രകൃതിക്കു ഹാനികരമായ രാസവസ്തുക്കളിലൂടെയുണ്ടാകുന്ന ദോഷങ്ങൾ അതിലേറെയല്ലേ എന്ന ചോദ്യത്തിൽനിന്നാണു ഗ്രീൻ കെമിസ്ട്രി എന്ന ആശയം പിറന്നത്. കുട്ടനാടിന്റെ ദുരിതങ്ങൾ കേട്ടപ്പോൾ, ഗ്രീൻ കെമിസ്ട്രിയുടെ പ്രസക്തി കൂടുതൽ വെളിപ്പെടുകയുമായിരുന്നു.

എന്തൊരു എളിമ...

ആഡംബരനൗകയിൽ യാത്ര ചെയ്യവേ എല്ലാവരുടെയും ശ്രദ്ധ അതികായനായ ഒരു വ്യക്തിയിലായിരുന്നു. 2005ലെ രസതന്ത്ര നൊബേൽ ജേതാവായ റോബർട് ഗ്രബ്സ്. തന്റെ ഉയരക്കൂടുതൽ കാരണം, നൗകയുടെ മച്ചിൽ തലയിടിക്കാതെ നടക്കാൻ അദ്ദേഹം കുറേ പ്രയാസപ്പെട്ടു. ഇടയ്ക്ക് ആർ ബ്ലോക്കിലെ പാടത്തിൽ കാറ്റുകൊള്ളാനിറങ്ങവേ,  ഡോ.തോമസ് കോളാകോട്ടിന്റെ കാൽ കുഴിയിലായി. അദ്ദേഹത്തെ വലിച്ചു കയറ്റിയത ഗ്രബ്സാണ്. കൂടാതെ, ചെളിയിൽ പുതഞ്ഞ ആ ഷൂസ് വലിച്ചെടുത്തുനൽകിയതും അദ്ദേഹം.

നൊബേൽ പുരസ്കാരത്തിന്റെ തലപ്പൊക്കം പോലും തലക്കനമായി മാറരുതെന്നു പെരുമാറ്റത്തിലൂടെ പഠിപ്പിക്കും ഗ്രബ്സ്. ഓരോരുത്തരുടെയും അടുത്തുപോയിരുന്നു കുശലം പറയാനും കാരംസ് കളിക്കാനുമൊക്കെയായി ബോട്ടിൽ നിറഞ്ഞുനിന്നു 76കാരനായ അദ്ദേഹം. കേരളം എങ്ങനെയുണ്ടെന്ന ചോദ്യത്തിനു മറുപടി ഇങ്ങനെ: ബ്യൂട്ടിഫുൾ ലേക്സ്...  ഇവയിൽ മലിനീകരണം രൂക്ഷമാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം പുഞ്ചിരിച്ചു; പിന്നെ ഒരു സന്ന്യാസിയുടെ ഭാവത്തോടെ കുട്ടനാടിന്റെ സൗന്ദര്യത്തിൽ ലയിച്ചു

ഇങ്ങനെയുമൊരു നാടോ?

നൗക ആർബ്ലോക്കിൽ നിർത്തിയിടവേ വള്ളത്തിൽ നിന്നു കായലും പാടവും ഒരുമിച്ചുകണ്ട ചിലർ ചോദിച്ചു:   ‘ഇതെന്താ ഈ പാടം കായലിനേക്കാൾ താഴെയാണല്ലോ’. കൂട്ടത്തിൽ കുട്ടനാടിനെക്കുറിച്ച് അറിവുള്ളവർ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത വിവരിച്ചു കൊടുത്തു. പ്രദേശം കടൽനിരപ്പിനേക്കാൾ താഴെയാണെന്നത‌ും മറ്റും. കുട്ടനാട്ടിൽ പലയിടങ്ങളിൽ സ്ഥിതി ചെയ്യുന്ന ജൈവവും അജൈവവുമായ മാലിന്യക്കൂനകൾ ശാസ്ത്രജ്ഞ സംഘത്തെ ‍ഞെട്ടിച്ചു. ടൂറിസത്തെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതികളൊന്നുമില്ലേ എന്ന് അവർ ആശങ്കപ്പെട്ടു. 

ജൈവ മാലിന്യത്തിൽനിന്ന് ഇന്ധനമുണ്ടാക്കാനുള്ള പദ്ധതി യൂറോപ്യൻ രാജ്യമായ നെതർലൻഡ്സിൽ ഗവേഷണഘട്ടത്തിലാണെന്നും അതു കേരളത്തിലും ആലോചിക്കാവുന്നതാണെന്നും ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ അധ്യാപകനും ഗവേഷകനുമായ കോഴിക്കോട് സ്വദേശി ഡോ. ഷിജു രവീന്ദ്രൻ പറഞ്ഞു.  പ്രളയശേഷമുള്ള പുനർനിർമാണത്തിനു കേരളത്തെ ശാസ്ത്രീയമായി സഹായിക്കാൻ നെതർലൻഡ്സിനു കഴിയുമെന്ന് സംസ്ഥാന സർക്കാരിനെ അറിയിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യൻ അംബാഡസർ വേണു രാജാമണി വഴി നടത്തിയിട്ടുണ്ട്.  കുട്ടനാടുമായി വലിയ സാമ്യമുള്ള ഭൂപ്രകൃതിയാണു നെതർലൻഡ്സിന്റേത്. 

ഒതളങ്ങയും ശാസ്ത്രജ്ഞനും

വരമ്പിൽനിന്നു വീഴാതെ ഒരു ചെടിത്തതലപ്പിൽ പിടിച്ചു ബാലൻസ് ചെയ്തപ്പോഴാണ്, കലിഫോർണിയ സർവകലാശാലയിലെ പ്രഫ. ബ്രൂസ് ലിപ്ഷുട്സ് തൊട്ടടുത്ത ഫലവൃക്ഷത്തിൽ ആകൃഷ്ടനായത്. ഓ, മാങ്ങയുടെ ലോക്കൽ വെറൈറ്റി ആണല്ലേ? ‘തൊടല്ലേ, മാംഗോയല്ല സായിപ്പേ, അത് ഒതളങ്ങയാ’. പരീക്ഷയ്ക്കു മാർക്ക് കുറയുന്നതിന്റെ നൈരാശ്യം തീർക്കാൻ പോലും ആളുകൾ ദുരുപയോഗപ്പെടുത്തിയിരുന്ന, വിഷഗുണമുള്ള കായാണ് ഒതളങ്ങയെന്നറിഞ്ഞപ്പോൾ ലിപ്ഷുട്സിനു കൗതുകം ഇരട്ടിച്ചു.  Cerbera Odollam എന്നു ശാസ്ത്രനാമമുള്ള ചെടിയാണിതെന്നു വിക്കിപീഡിയയിൽ കാണിച്ചു ബോധ്യപ്പെടുത്തിയപ്പോൾ ലിപ്ഷുട്സ് പ്രസ്താവനയിറക്കി: ഇറ്റ് ലുക്സ് ലൈക് മാംഗോ, ബട് ഡോൺട് ഈറ്റ്...

രാസ ലായനികളുപയോഗിച്ചു മാത്രം ചെയ്തിരുന്ന പല സങ്കീർണ രാസപ്രവർത്തനങ്ങളിലും രാസ ലായനിക്കു പകരം വെള്ളം ഉപയോഗിക്കുക എന്നതിൽ ഗവേഷണം നടത്തുകയാണു ലിപ്ഷുട്സും സംഘവും. ആദ്യം അദ്ദേഹവും ഒരു പതിവു രസതന്ത്ര ഗവേഷകനായിരുന്നു. ഔഷധ വ്യവസായത്തിനുവേണ്ടിയൊക്കെ പല ഗവേഷണങ്ങൾ. നിങ്ങളുടെയൊക്കെ ലാബുകളിൽ സൃഷ്ടിക്കുന്ന രാസ മാലിന്യങ്ങളെപ്പറ്റി വല്ല ധാരണയുമുണ്ടോ എന്ന് ഒരു സന്ദർശകൻ ഒരിക്കൽ ലിപ്ഷുട്സിനോടു ചോദിച്ചു. അതാണ് ‘ഡോൺട് ക്രിയേറ്റ് വേയ്സ്റ്റ്’ (മാലിന്യം സൃഷ്ടിക്കരുത്) എന്ന ആശയത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. 1998 ൽ ഗ്രീൻ കെമിസ്ട്രിയിൽ അദ്ദേഹത്തിന്റെ ആദ്യ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. രാസ വ്യവസായ രംഗത്തുള്ള ഒരു ഇന്ത്യൻ കമ്പനിക്കാണു തന്റെ ആദ്യ ഹരിത ഗവേഷണം ഏറ്റവും ഉപകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.