കുളമ്പുരോഗം: കുത്തിവയ്പ് നിർബന്ധം

പാലക്കാട് ∙ കന്നുകാലി ചന്തകളുടെ പരിസരത്തുള്ള കാലികൾക്കു കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു കർശനമാക്കി മൃഗസംരക്ഷണ വകുപ്പ്. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്താണു നടപടി. മൃഗങ്ങളിലെ സാംക്രമികരോഗ പ്രതിരോധ, നിയന്ത്രണ നിയമ പ്രകാരം പ്രതിരോധ കുത്തിവയ്പുകൾ നിർബന്ധമാണ്.

കാലികൾക്കുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്കും കുത്തിവയ്പെടുക്കണം. രോഗം പടരുന്ന സാഹചര്യത്തിൽ ഇത്തവണ നടപടികൾ കൂടുതൽ കർശനമാക്കും. കുത്തിവയ്പു യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിർവഹിച്ചു. ജില്ലയിൽ 1.79 ലക്ഷം കാലികൾക്കാണു കുത്തിവയ്പെടുക്കേണ്ടത്. 

ഇതിനായി 194 സ്ക്വാഡുകൾ രൂപീകരിച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.ടി.രാജേശ്വരി അറിയിച്ചു. ജോയിന്റ് ഡയറക്ടർ ഡോ.അൻസമ്മ ജോസഫ്, ഡപ്യൂട്ടി ഡയറക്ടർ ഡോ.തോമസ് ഏബ്രഹാം, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.ടി.യു.ഷാഹിന, പിആർഒ ഡോ.ജോജു ഡേവിസ്, ജില്ലാ കോ–ഓർഡിനേറ്റർ ഡോ.സുമ, താലൂക്ക് കോ–ഓർഡിനേറ്റർ ഡോ.ആർ.സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.