കർഷകൻ കണ്ടെത്തി; അത്യുൽപാദന ശേഷിയുള്ള പുതിയ നെല്ലിനം

ആലപ്പുഴ ∙ ഒരേക്കർ പാടത്തു നിന്നു പരമാവധി എത്ര നെല്ല് കിട്ടും? 10 ടണ്ണെങ്കിലും എന്നാവും തകഴി കുന്നുമ്മ സ്വദേശി സോണൽ നൊറോണ എന്ന കർഷകന്റെ മറുപടി. അത്രയേറെ അരി ലഭിക്കുന്ന അധികം പരിചരണം വേണ്ടാത്ത നെല്ലിനം കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. പുതിയ വിത്ത് ഉൽപാദിപ്പിച്ചു എന്നു പറയുന്നതിനേക്കാൾ അനുഗ്രഹമായി ലഭിച്ചു എന്നു കരുതാനാണ് അദ്ദേഹത്തിനിഷ്ടം. 2013–ൽ ആണ് കഥയുടെ തുടക്കമെന്ന് സോണൽ പറയുന്നു. 

‘ബാക്ടീരിയ മൂലം നെല്ലെല്ലാം നശിച്ചപ്പോൾ അതിലൊന്നു മാത്രം വീഴാതെ നിൽക്കുന്നത് കണ്ടു. ഈ പുതിയ വിത്തിനം കൃഷി ചെയ്തപ്പോൾ പുതിയ 8 ഇനം നെൽച്ചെടികളാണു വിളഞ്ഞത്. അതിലൊന്നു മാറ്റി നട്ടു പരീക്ഷിക്കാൻ ഞാൻ തയാറായി. ആ വിത്തുകൾ ഞാറാക്കിയപ്പോഴാണ് സാമാന്യത്തിലേറെ വലുപ്പമുള്ള ഇനം കണ്ണിൽ പെട്ടത്. അതാണ് ഇപ്പോൾ തത്വത്തിൽ കതിരിന്റെ രാജാവായത്’. സോണൽ പറയുന്നു. 10 സെന്റ് സ്ഥലത്താണ് പുതിയ വിത്തിനം കൃഷി ചെയ്തിരിക്കുന്നത്. 

130 മുതൽ 140 ദിവസം വരെ വേണ്ടി വരുമെന്നാണ് കണക്കു കൂട്ടൽ. ഒരു തവണ മാത്രമാണ് വളമിട്ടത്. കീടനാശിനിയും ബാക്ടീരിയ പ്രയോഗവും കുറച്ചേ നടത്തേണ്ടി വന്നുള്ളൂ. കർണാടകയിൽ സ്ഥലമെടുത്ത് വിത്തു സംഭരിക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം. കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ് അസി. ഡയറക്ടർ ബി.സ്മിത, തൃശൂർ മണലൂർ സ്വദേശിയായ കർഷകൻ തോമസ് തോപ്പിൽ എന്നിവർ ഉപദേശങ്ങളും സാങ്കേതിക സഹായവും നൽകി.

മറ്റു സ്ഥലങ്ങളിലും കാലാവസ്ഥകളിലും ഇതു പരീക്ഷിച്ചു ബോധ്യപ്പെടണം. നിലവിൽ സോണലിന്റെ സ്ഥലത്തു പുതിയ വിത്ത് നല്ല വിളവ് നൽകും. ബി.സ്മിത, അസി. ഡയറക്ടർ കേരള സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റ്