നായ്ക്കൾക്കും ഒാമനപ്പക്ഷികൾക്കും വാർധക്യകാല പരിചരണം

പ്രായമാകുന്നതോടെ നായ്ക്കളിൽരോഗപ്രതിരോധ സംവിധാനത്തിന്റെ കരുത്തു  കുറയും. അതിനാൽ സാംക്രമികരോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും രോഗതീവ്രതയും കൂടും. രോഗപ്രതിരോധ കുത്തിവയ്പുകൾ കണിശതയോടെ കൃത്യസമയത്തു നൽകണം.അവയവങ്ങളുടെ പ്രശ്നം മർമപ്രധാന അവയവങ്ങളായ ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും രോഗങ്ങളും വാർധക്യത്തിൽ നിർണായകമാകുന്നു. ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നു. ചെറിയ ഹൃദ്രോഗബാധ വാർധക്യത്തിൽ പ്രതീക്ഷിക്കാമെങ്കിലും ചെറുപ്പത്തിലേ ഹൃദയപ്രശ്നമുള്ളവയിൽ‌ പ്രായമാകുമ്പോൾ കഠിനമായ ഹൃദ്രോഗബാധയുണ്ടാകാം. എക്സ്–റേ, ഇസിജി എന്നിവ വഴി രോഗനിർണയം നടത്താം. വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട്, ചുമ,  രാത്രികാലങ്ങളിൽ ശരീരഭാരം കുറയൽ, കൂടുതലായി അണയ്ക്കല്‍,  ബോധക്ഷയം എന്നിവ ഹൃദയവാൽവ് പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ശ്വാസകോശങ്ങളുടെ ഇലാസ്തികത കുറയുന്നതോടെ രക്തത്തിലെ ഓക്സിജന്റെ അളവു കുറയുകയും നായ്ക്കൾ പെട്ടെന്ന് ക്ഷീണിക്കുകയും ശ്വസനരോഗങ്ങളുണ്ടാവുകയും ചെയ്യുന്നു.

പ്രായമേറുന്നതോടെ വൃക്കരോഗങ്ങൾക്കും സാധ്യതയേറും.   ഇത് വൃക്കകളുടെ സ്വന്തം പ്രശ്നമോ ഹൃദ്രോഗം പോലുള്ള മറ്റു രോഗങ്ങൾ മൂലമോ ആകാം. അമിതദാഹം, കൂടുതലായി മൂത്രമൊഴിക്കൽ, ഛർ‌ദി, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, തളർച്ച, വിളറിയ മോണ,വയറിളക്കം, ചോര കലർന്ന ഛർദിൽ, കറുത്ത ടാർ നിറത്തിലുള്ള മലം, വായ്നാറ്റം, വായിലെ വ്രണങ്ങൾ, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണെങ്കിലും പലപ്പോഴും എഴുപതുശതമാനം നാശം വൃക്കകൾക്കുണ്ടാകുമ്പോഴാകും പല ലക്ഷണങ്ങളും കാണിച്ചുതുടങ്ങുക, അതിനാൽ നേരത്തേ രക്തം, മൂത്രം എന്നിവ പരിശോധിച്ച് രോഗം നിർണയിക്കുന്നതു പ്രധാനം.  വൃക്ക തകരാറിലായാൽ‌ ഭക്ഷണം, മരുന്നുകൾ ഇവയുടെ അളവിൽ വ്യത്യാസം വരുത്തണം. മൂത്രാശയക്കല്ലുകൾ‌, മൂത്രവിസർജനം നിയന്ത്രിക്കാനാവാതെ അസ്ഥാനത്ത് മൂത്രമൊഴിക്കുക തുടങ്ങിയ പ്രശ്നങ്ങൾ വയസ്സുകാലത്ത് വിശേഷിച്ച്, വന്ധ്യംകരണം നടത്തിയ പെൺപട്ടികളിൽ കാണപ്പെടാം. വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും ചെറിയ അളവിൽ മൂത്രം പോകുന്നത് ഇതിന്റെ ലക്ഷണമാണ്. വർഷങ്ങളോളം ശീലിച്ചതിൽ‌നിന്നു വ്യത്യസ്തമായി അസ്ഥാനത്തും അസമയത്തും മലമൂത്രവിസർ‌ജനം നടത്തുന്നത് വാർധക്യത്തിന്റെ ശാപമാണ്.

ശരീരത്തിലെ ഏറ്റവും അതിജീവനശേഷിയുള്ള കരളിനും വയസ്സാകും. ഛർ‌ദി, വിശപ്പില്ലായ്മ, സ്വഭാവ വ്യതിയാനങ്ങൾ, വിളറിയ മഞ്ഞനിറമുള്ള മോണ എന്നിവലക്ഷണങ്ങളാകും. രക്ത, മൂത്ര പരിശോധനയാണ് പ്രധാനം. കരൾ രോഗമുള്ള നായ്ക്കൾക്കു നൽകുന്ന മരുന്നുകളുടെ അളവിൽ വ്യത്യാസം വരുത്തണം. എട്ടു വയസ്സ് കഴിയുന്നതോടെ വന്ധ്യംകരണം ചെയ്യപ്പെടാത്ത നായ്ക്കളിൽ എൺപതു ശതമാനത്തിനും പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഉണ്ടാകുന്നു. ചില ഗ്രന്ഥികൾ ഹോർമോണുകൾ കൂടുതൽ ഉൽപാദിപ്പിക്കുന്നതും മറ്റുചിലത് ഉൽപാദനം കുറയ്ക്കുന്നതും വാർധക്യ പ്രശ്നങ്ങളാണ്. വയസ്സൻ പൂച്ചകളിൽ ഹൈപ്പർതൈറോയിഡിസം കാണപ്പെടുമ്പോൾ വയസ്സായ ഗോൾഡൻ റിട്രീവർ നായ്ക്കളിൽ ഹൈപ്പോതൈറോയിഡിസം കാണപ്പെടുന്നു. എല്ലുകളിലെ മജ്ജയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തകോശങ്ങളുടെ ഉൽപാദനം കുറയാനും അതുവഴി വിളർച്ചയ്ക്കും കാരണമാകും.

അർബുദം പടിവാതിൽക്കൽശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന, അപ്രത്യക്ഷമാകാതെ, വളരുന്ന മുഴകൾ, ഉണങ്ങാത്ത മുറിവുകൾ, ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ശരീരദ്വാരങ്ങളിൽനിന്നുള്ള രക്തസ്രാവം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ബുദ്ധിമുട്ടിയുള്ള ശ്വസനം, മലമൂത്ര വിസർജനത്തിലെ ബുദ്ധിമുട്ട് എന്നിവ അർബുദ ലക്ഷണങ്ങളാകാം. പെൺപട്ടികളിൽ സ്തനങ്ങൾ പരുക്കനാകുകയും വന്ധ്യംകരണം നടത്താത്തവയിൽ സ്തനാർബുദം കൂടുതലായി കാണുകയും ചെയ്യുന്നു. ഇതു തിരിച്ചറിയാൻ കൃത്യമായ ശരീരപരിശോധന ആവശ്യമാണ്. നഷ്ടമാകുന്ന കാഴ്ച, കേൾവിഒരു കാലത്ത് ഏറ്റവും സൂക്ഷ്മമായിരുന്ന കാഴ്ചയും കേൾവിയും പഴയ പ്രതാപത്തിൽ നിലനിർത്താനാവാതെ വരുന്നത് നായ്ക്കളെ ഏറെ ബാധിക്കുന്നു. ചില നായ്ക്കൾക്ക് കേൾവി പൂർണമായി നഷ്ടപ്പെടാം. ചെറിയ രീതിയിലുള്ള കേൾവിക്കുറവ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പലപ്പോഴും പ്രശ്നം ഉടമ തിരിച്ചറിയുന്നതിനു മുൻപുതന്നെ അത് സങ്കീർണമായിക്കഴിഞ്ഞിരിക്കും. ഉടമ നൽകുന്ന നിർദേശങ്ങൾ അനുസരിക്കാതിരിക്കുക, അക്രമസ്വഭാവം കാണിക്കുക എന്നിവ കേൾവിക്കുറവിന്റെ ലക്ഷണങ്ങളാകാം. നഷ്ടപ്പെട്ട കേൾവിശക്തി തിരിച്ചുകിട്ടാൻപ്രയാസമാണ്. എന്നാൽ ഇതിന്റെ ദോഷഫലങ്ങൾ കുറയ്ക്കാനുള്ള കാര്യങ്ങൾചെയ്യാവുന്നതാണ്. നിർദേശങ്ങൾ നൽകാൻ ശബ്ദത്തിനൊപ്പം കൈമുദ്രകൾ നൽകി ചെറുപ്പത്തിൽതന്നെ പഠിപ്പിക്കാം,കേൾവി നഷ്ടപ്പെട്ടാലും തരംഗങ്ങൾ തിരിച്ചറിയാവുന്നതിനാൽ കൈയടിക്കുന്നതും തറയിൽ ചവിട്ടുന്നതും തിരിച്ചറിയപ്പെട്ടേക്കാം. തിമിരം, ഗ്ലൗക്കോമ, ഡ്രൈ ഐ തുടങ്ങിയ പ്രശ്നങ്ങൾ  വാർധക്യസഹജമാണ്. കണ്ണിന്റെ മൂടൽ, മറ്റു വസ്തുക്കളിൽ പോയി ഇടിക്കുക, സാധനങ്ങൾ തിരിച്ചെടുക്കാൻ കഴിവു കുറയുക, കണ്ണിൽ പീള കെട്ടുക ഇവയൊക്കെലക്ഷണങ്ങളാണ്. കാഴ്ചയിലോ കണ്ണിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പരിശോധിക്കണം.

സ്വഭാവ വ്യതിയാനങ്ങൾ

പ്രായമേറുന്നതോടെ തലച്ചോറിലെ കോശങ്ങൾ മൃതമാവുകയോ പ്രവർത്തനം കുറയുകയോ ചെയ്യുന്നു. നാഡീകോശങ്ങൾ തമ്മിലുള്ള ആശയവിനിമയവും കുറയുന്നു. ഇത്തരം മാറ്റങ്ങൾ പലപ്പോഴും നായ്ക്കളുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാക്കുന്നു. ആശയക്കുഴപ്പം, പെട്ടെന്നു ക്ഷോഭിക്കുക, അസ്വസ്ഥരാവുക, ശീലങ്ങൾ തെറ്റുക, അസ്ഥാനത്തുള്ള മലമൂത്ര വിസർജനം, സമ്മർദം താങ്ങാൻ കഴിവു കുറയുക, ശബ്ദങ്ങളോടുള്ള കൂടിയ പ്രതികരണം, കൂടുതൽ ഓലിയിടൽ‌, ക്രമരഹിതമായ ചലനം, ആകാംക്ഷ,  വിരഹദുഃഖം, കുറയുന്ന വൃത്തിയും വെടിപ്പും, അലഞ്ഞുതിരിയൽ‌, ഉറക്കത്തിന്റെ ക്രമം നഷ്ടപ്പെടൽ, ബോധക്കുറവ് തുടങ്ങി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥവരെയുള്ള വ്യതിയാനങ്ങൾ സ്വഭാവത്തിലുണ്ടാകും. ഒരു പരിധി വരെ മരുന്നുകളും സ്വഭാവ വ്യതിയാന ചികിത്സാരീതികളും പരീക്ഷിക്കാം. പ്രായമാകുന്നതോടെ ശരീര താപനില ക്രമീകരിക്കാനുള്ള കഴിവു  കുറയുന്നതിനാൽ അന്തരീക്ഷ താപനിലയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടും.

ഒാമനപ്പക്ഷികൾ

ഇനവും ശരീരവലുപ്പവുമനുസരിച്ച് ഇരുപതു മുതൽ എൺപതു വർഷം വരെ ആയുസ്സുള്ളവയാണ് മിക്ക അരുമപ്പക്ഷികളും. പക്ഷിരോഗ ചികിത്സാരീതിയിലുണ്ടായ പുരോഗതി, മെച്ചപ്പെട്ട ആഹാരക്രമം, കൃത്യമായ പരിപാലനം എന്നിവ വഴി അരുമപ്പക്ഷികളുടെ ആയുസ്സില്‍ വൻവർധനയുണ്ടായി. അതിനാൽ അരുമപ്പക്ഷികളിലെ വാർധക്യ പരിചരണവും പ്രാധാന്യമർഹിക്കുന്നു. തിമിരം, അർബുദം, സന്ധിവീക്കം, ഹൃദയ, ധമനീപ്രശ്നങ്ങൾ, അതീറോസ്ക്ലീറോസിസ്, പൾമണറി ഹൈപ്പർ ടെൻഷൻ,  ഹൃദ്രോഗം,  പോഡോ ഡെർ‌മറ്റെറ്റിസ്, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവയാണ് അരുമപ്പക്ഷികളിൽ കാണുന്ന വാർധക്യകാല രോഗങ്ങൾ.ആറു മാസത്തിലൊരിക്കൽ എന്ന വിധത്തിലുള്ള സമ്പൂർ‌ണ വെറ്ററിനറി പരിശോധന, ശാസ്ത്രീയ ഭക്ഷണക്രമം, ശരീരഭാര നിയന്ത്രണം, പരാദനിയന്ത്രണം, ഉചിതമായ വ്യായാമം, പ്രതിരോധ കുത്തിവയ്പുകൾ, മാനസികാരോഗ്യം,ചേരുന്ന പരിസ്ഥിതി, പ്രത്യുൽപാദന പ്രശ്നങ്ങളിലെ ശ്രദ്ധ എന്നിവയിലൂന്നിയ പരിചരണരീതിയിലൂടെ വേണം ജീവിതാവസാനംവരെ കഴിച്ചുകൂട്ടാൻ അരുമകൾക്ക് അവസരമൊരുക്കേണ്ടത്. ഉടമകളുടെ കടമയാണതെന്നു തിരിച്ചറിയണം.

ഫോൺ: 9446203839