വഞ്ചി കമഴ്ത്തിക്കുടഞ്ഞ് യാത്രികരെ താഴെയിറക്കിയ കുട്ടിക്കാലം

ഒരു പഴുത്ത പ്ലാവില. ഒരു അരളിപ്പൂവ്. ഒരീര്‍ക്കില്‍ കഷ്ണം. പ്ലാവില കോണാകൃതിയില്‍ കുത്തിയെടുക്കുന്നു. അത്രയും നീളമുള്ള ഈര്‍ക്കിലിന്റെ ഒരറ്റത്ത് അരളിപ്പൂവ് ഘടിപ്പിച്ച് ഈര്‍ക്കില്‍ പ്ലാവിലയുടെ ഉള്ളിലിടുന്നു. കോണിന്റെ വട്ടം കൂടിയ ഭാഗം ഉള്ളംകൈയില്‍ ചേര്‍ത്ത് അരളിപ്പൂവിലുള്ള ഭാഗം നിലത്തിനു സമാന്തരമായി പിടിച്ചുകൊണ്ട് ഓടുക. പ്ലാവിലയുടെ മുന്നറ്റത്തുള്ള അരളിപ്പൂവ് വിമാനത്തിന്റെ പ്രൊപ്പല്ലര്‍ പോലെ തിരിയാന്‍ തുടങ്ങും. ഓട്ടത്തിന്റെ സ്പീഡ് കുടുന്നതനുസരിച്ച് പൂവിന്റെ തിരിച്ചിലും കൂടുതല്‍ വേഗത്തിലാകും. 

അരളിച്ചക്രവും തിരിച്ചുകൊണ്ട് പറമ്പിലെമ്പാടും, പാടത്തെമ്പാടും, തെളിഞ്ഞ സൂര്യപ്രകാശത്തില്‍ ശുദ്ധവായു ശ്വസിച്ച് ഓടിനടന്ന കുട്ടിക്കാലം. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊരു കുട്ടിക്കഥയായേ തോന്നൂ. സാങ്കല്‍പിക കഥ. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തത്. പക്ഷേ, അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. പ്രകൃതിയും മനുഷ്യരും മറ്റെല്ലാ ജീവജാലങ്ങളും സ്നേഹത്തോടെ, സാഹോദര്യത്തോടെ ജീവിച്ച കാലം. ഇങ്ങിനിവരാത്തവണ്ണം എങ്ങോ മാഞ്ഞുപോയ ആ കാലത്തിന്റെ ഓര്‍മകള്‍ പോലും ഒരു തണലാണ്. കുളിരാണ്. ആശ്വാസവും സാന്ത്വനവുമാണ്. കലഹത്തിന്റെ കാലത്തിന് ഒന്നാന്തരം ഔഷധവും. 

പോയകാലത്തിന്റെ നന്‍മകളും ഇക്കാലത്തും നേടാവുന്ന നന്‍മകളും ഓര്‍മിപ്പിക്കുകയാണ് കെ.വി. രാമനാഥന്‍- തിരഞ്ഞെടുത്ത ബാലസാഹിത്യകഥകളിലൂടെ. ഭാവനയുടെ വിജയമാഘോഷിക്കുന്ന ഈ കഥകള്‍ മലയാളത്തിന്റെ മണ്ണിലാണ് ചവിട്ടിനില്‍ക്കുന്നത്. അവ പകരുന്ന ദര്‍ശനങ്ങളോ സാര്‍വലൗകികവും. മനുഷ്യരോടും സസ്യജന്തുകുലത്തോടും പ്രിയവും സാഹോദര്യവും ജനിപ്പിക്കുന്ന, നന്‍മയുടെ നറുനിലാവും സത്യത്തിന്റെ വെളിച്ചവും പകരുന്ന കഥകള്‍. മനുഷ്യര്‍ക്കൊപ്പം പുല്ലും പുഴുവും പുല്‍ച്ചാടിയും കഥയും കഥാപാത്രങ്ങളുമാകുന്ന കഥകള്‍. 

പ്ലാവിലയും അരളിപ്പൂവുമായി കളിപ്പാട്ടമുണ്ടാക്കി ആഹ്ലാദിച്ചാനന്ദിച്ചു നടന്ന കുട്ടിക്കാലത്തിന് ആഘോഷകാലമാണ് വര്‍ഷകാലം. പാടവും പുഞ്ചയും തോടും നിറഞ്ഞുകവിയുന്ന ചന്നംപിന്നം മഴക്കാലം. വീട്ടുമുറ്റത്തേക്ക് ഇറങ്ങിയാല്‍ മതി; മഴവെള്ളത്തില്‍ കടലാസു വഞ്ചിയുണ്ടാക്കി കളിക്കാം. 

തെങ്ങിന്റെ തടത്തിലായിരുന്നു കടലാസുവഞ്ചിക്കളി. മഴക്കാലത്ത് തെങ്ങിന്റെ തടത്തില്‍ മിക്കപ്പോഴും വെള്ളമുണ്ടാകും. മഴ പെയ്തു മാറിയ ഉടനെ നിറയെ വെള്ളമുണ്ടാകും. തെങ്ങിന്റെ കടയ്ക്കല്‍ ഒറ്റപ്പെട്ടുപോയ ഉറുമ്പുകള്‍ ഇക്കരയ്ക്കു കടക്കാന്‍ ബദ്ധപ്പെടുന്നുണ്ടാകും.. കടലാസുവഞ്ചി തെങ്ങിന്റെ തടത്തിലേക്ക് ഇടും. അതു പതുക്കെ കടയ്ക്കലേക്ക് നീങ്ങും. ഉറുമ്പുകള്‍ ധൃതി പിടിച്ച് വഞ്ചിയിലേക്ക് ചാടിക്കയറും. വഞ്ചി മെല്ലെ ഇക്കരയ്ക്കു നീങ്ങും. തെങ്ങിന്റെ തടത്തില്‍ ഇങ്ങേക്കരയില്‍ വഞ്ചി പതുക്കെപ്പതുക്കെ ആടിയുലഞ്ഞെത്തും. എല്ലാ യാത്രക്കാരും ഉടന്‍ പുറത്തിറങ്ങിയെന്നുവരില്ല. അങ്ങനെ ഇറങ്ങാന്‍ കൂട്ടാക്കാത്തവരെ പിടിച്ചു പുറത്തിടുകയോ വഞ്ചിയെടുത്തു കമഴ്ത്തിക്കുടയുകയോ ചെയ്യേണ്ടിവരാറുണ്ട്.... 

തീര്‍ന്നില്ല, തീരുന്നില്ല കഥകള്‍. തോരാതെ പെയ്യുന്ന വര്‍ഷകാലത്തിലേക്ക് ഒന്നുമാലോചിക്കാതെ ചാടിയിറങ്ങുന്നതുപോലെ കഥകളില്‍ നനയാന്‍, കുളിക്കാന്‍, കുളിച്ചുതോര്‍ത്താന്‍ ഇതാ കഥയുടെ മഴക്കാലം.