എന്റെ ഭാഷ തിരിച്ചുപിടിക്കണം: എം. മുകുന്ദൻ

സാഹിത്യത്തിന്  സർക്കാർ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ എഴുത്തച്ഛന്‍ പുരസ്കാരം മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദന്. സാഹിത്യത്തിലെ സമഗ്രസംഭാവന വിലയിരുത്തി കേരള സർക്കാർ 1993 മുതൽ നൽകിവരുന്ന പരമോന്നതസാഹിത്യപുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. 

മയ്യഴിയുടെ ഭാഷയെ കുറിച്ച് മുകുന്ദന് ഏറെ പറയാനുണ്ട്. ഭാഷയെയും എഴുത്തിനെയും കുറിച്ച് എം. മുകുന്ദൻ മനോരമ ഓൺലൈനോട് മനസ്സു തുറന്നപ്പോൾ...

ഞാനിപ്പോൾ എഴുതുന്നത് എന്റെ ഭാഷയിലാണ്

‘‘ഞാനിപ്പോൾ എഴുതുന്നത് എന്റെ ഭാഷയിലാണ്. എന്റെ നാടിന്റെ ഭാഷയിൽ’’ മയ്യഴിയുടെ കഥാകാരൻ സംസാരിക്കുകയാണ്. ‘അപ്പന്റെ ബ്രാണ്ടിക്കുപ്പി’ എന്ന പുതിയ കഥ ഏറെ ചർച്ചയായതിന്റെ സന്തോഷത്തിലാണ് എം. മുകുന്ദൻ. 

‘‘ കഥ വായിച്ച് ഏറെപേർ വിളിച്ചു. കോഴിക്കോട്ടുനിന്ന് സ്കൂളിലെ പ്രധാനാധ്യാപകൻ വിളിച്ചു. അദ്ദേഹം സ്കൂളിലെ എല്ലാ കുട്ടികളോടും കഥ വായിക്കാൻ പറഞ്ഞു. അപ്പന്റെ ബ്രാണ്ടിക്കുപ്പി സ്കൂളിൽ ചർച്ച ചെയ്യണമെന്നുണ്ട്. അതിനാണ് വിളിച്ചത്. 

അവസാനമായി എഴുതിയ മൂന്നുകഥകളും നന്നായി വായിക്കപ്പെട്ടു. അച്ഛൻ, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്നിവയ്ക്കു നൽകിയ സ്വീകാര്യത എന്നിലെ എഴുത്തുകാരനെ പ്രചോദിപ്പിക്കുകയാണ്, വീണ്ടും എഴുതാൻ.

നാടൻ ഭാഷ

വടക്കൻ കേരളത്തിന് ഒരു വാമൊഴി ഭാഷയുണ്ട്. അത് ഞാനടക്കമുള്ള ഇവിടുത്തെ എഴുത്തുകാർ വേണ്ടത്ര ഉപയോഗിച്ചിരുന്നില്ല. മയ്യഴിയിൽ നിന്നു ഡൽഹിയിൽ പോയി, അവിടെ നിന്നു തിരിച്ചെത്തിയിട്ടും ഞാൻ മയ്യഴിയുടെ ഭാഷ അത്രയധികം ഉപയോഗിച്ചിരുന്നില്ല. കുട നന്നാക്കുന്ന ചോയി എന്ന നോവലിലാണ് എന്റെ നാട്ടിലെ ഭാഷ കൂടുതൽ ഉപയോഗിച്ചത്. ആ നോവലിന്റെ വിജയത്തിന്റെ വലിയൊരു ഘടകവും ഭാഷയായിരുന്നു.

അടുത്തിടെ തൃശൂരിൽ നിന്നൊരു സ്ത്രീ വിളിച്ചു. കുട നന്നാക്കുന്ന ചോയിയിലെ ‘ലാച്ചാറ്’ എന്ന വാക്ക് വായിച്ചപ്പോൾ അവർക്ക് വല്ലാതെ ഇഷ്ടപ്പെട്ടത്രെ. ഇപ്പോൾ സംസാരത്തിൽ അവർ ലാച്ചാറ് എന്നുപയോഗിക്കാറുണ്ടെന്നും പറഞ്ഞു. (ലാച്ചാറ് എന്നാൽ ദാരിദ്ര്യം എന്നർഥം).

തെക്കൻ കേരളത്തിലെയും തൃശൂരിലെയും വള്ളുവനാട്ടിലെയുമൊക്കെ ഭാഷ സാഹിത്യത്തിൽ കൂടുതൽ ഉപയോഗിച്ചിട്ടുണ്ട്. എംടിയൊക്കെ വള്ളുവനാടൻ ഭാഷ നന്നായി ഉപയോഗിച്ചിരുന്നതാണ്. എംടിയുടെ പ്രയോഗം കൊണ്ടു മാത്രം എത്രയോ വള്ളുവനാടൻ പ്രയോഗങ്ങൾ തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും ആളുകൾ സ്ഥിരമായി പ്രയോഗിക്കാറുണ്ട്. അതൊക്കെ ആ ഭാഷയ്ക്കു ലഭിക്കുന്ന സ്വീകാര്യതയാണ്. തൃശൂർ ഭാഷയ്ക്കും അങ്ങനെയൊരു സൗഭാഗ്യമുണ്ടായിരുന്നു.

വടക്കൻ കേരളത്തിൽ ഏറെ രസകരമായ നാടൻ വാക്കുകളും പ്രയോഗങ്ങളുമുണ്ട്. അതിനെ സമർഥമായി ഉപയോഗിക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. പുതിയ കഥയിലും അത്തരം വാക്കുകൾ ധാരാളം ഉപയോഗിച്ചിട്ടുണ്ട്. 

പുതിയ കാലത്തിന്റെ കഥ

അപ്പന്റെ ബ്രാണ്ടിക്കുപ്പി പുതിയ കാലത്തിന്റെ കഥയാണ്. പുതുതലമുറയിലെ അച്ഛനമ്മമാർ ഇപ്പോൾ ഏറെ ആശങ്കപ്പെടുന്നത് മക്കളെക്കൊണ്ടാണ്. പ്രത്യേകിച്ച് ആൺകുട്ടികളെക്കൊണ്ട്. പലർക്കും മക്കളെ പേടിയാണ്. ബ്രാണ്ടിക്കുപ്പിയിൽ പെൺകുട്ടിയാണു പ്രധാന കഥാപാത്രമെന്നേയുള്ളൂ. മക്കളുടെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കേണ്ടി വരുന്ന എത്രയോ അച്ഛനമ്മമാരെ എനക്കറിയാം. അതിലൊരാളാണ് മദനനും സാവിത്രിയും.

പോക്കറ്റ് മണി ലഭിച്ചില്ലെങ്കിൽ തൂങ്ങിച്ചാവുമെന്നു പറയുന്ന പെൺകുട്ടി. ഇതുപോലെ ബൈക്ക് വാങ്ങിക്കൊടുത്തില്ലെങ്കിൽ , മൊബൈൽ വാങ്ങിക്കൊടുത്തില്ലെങ്കിൽ ചാകുമെന്നു പറയുന്ന മക്കൾ ഇന്നു പലരുടെയും സങ്കടമാണ്. അങ്ങനെയൊരു കുടുംബത്തെ കഥയിൽ ആവിഷ്ക്കരിച്ചു എന്നേയുള്ളൂ. എല്ലായിടത്തും ഉള്ള പ്രശ്നമായതിനാൽ കഥ ശ്രദ്ധിക്കപ്പെട്ടു. അതോടൊപ്പം കഥയിലെ ഭാഷയും. കഥയുടെ പേര് ശ്രദ്ധിക്കപ്പെടാൻ കാരണം എന്റെ അപ്പന്റെ ബ്രാണ്ടിക്കുപ്പി എന്ന പാട്ടാണ്. അതൊരു രസത്തിനുപയോഗിച്ചെന്നേയുള്ളൂ.

MORE IN INTERVIEWS