രാജാവ് നഗ്നനെന്ന് പറയാൻ ഭയമില്ലാത്തവർ

ഒരു എഴുത്തുകാരൻ എന്തായിരിക്കണം? എങ്ങനെയായിരിക്കണം? അവൻ കൃത്യമായും എല്ലാ വർഷവും പുസ്തകങ്ങൾ ഒന്നിലധികം പുറത്തിറക്കുകയും അതിനെ കുറിച്ച് വിവാദങ്ങൾ ഉണ്ടാക്കുകയും ചർച്ചകൾ നടപ്പാക്കുകയും അതു വിൽക്കാൻ സുഹൃത്തുക്കളെ സമീപിക്കുകയും ചെയ്യുന്നവനായിരിക്കണം എന്ന പോസ്റ്റ്മോഡേൺ എഴുത്തു ചിന്തയെ പാടെ നിരാകരിച്ചു കളഞ്ഞ എഴുത്തുകാരനാണ്‌ രാജേഷ് ചിത്തിര. യഥാർഥ സാഹിത്യവും അയഥാർഥ സാഹിത്യവും തമ്മിലുള്ള ആശയപരമായ ലക്ഷണക്കേടുകൾ കൃത്യമായി മനസ്സിലാക്കിയ ചിത്തിരയുടെ എഴുത്തുകൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ സ്വത്വബോധത്തെ വിവരിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ പുസ്തകം ഉൾപ്പെടെ വായിച്ചു നോക്കുമ്പോൾ അതിലെല്ലാം കാണാൻ കഴിയുന്ന ഭയരഹിതനായ ഒരു എഴുത്തുകാരനുണ്ട്, രാജാവ് നഗ്നനാണെന്ന് ഉറക്കെ പറയാൻ മടിയില്ലാത്ത ഒരു ചങ്കൂറ്റമുള്ള എഴുത്തുകാരൻ. രാജേഷിന്റെ തീർത്തും സ്വതന്ത്രമായ ആശയങ്ങൾ ഇവിടെ സംവദിക്കപ്പെടുന്നു.

എന്താണ് രാജേഷ് ചിത്തിരയ്ക്ക് പുസ്തകമെഴുത്ത്? 

പുസ്തകം എഴുതുക എന്നത് സംഭവിച്ചു പോവുന്നതാണ്. പല കാലങ്ങളില്‍ എഴുതിയ കഥകളുടെയും കവിതകളുടെയും സമാഹാരങ്ങളാണ് പുസ്തകങ്ങളായി ഇതുവരെയുള്ളത്. പുസ്തകങ്ങളില്‍ ഉള്‍പ്പെട്ട കഥകളും കവിതകളും നേരത്തെ വിവിധ മാധ്യമങ്ങളില്‍, അച്ചടിച്ചും അല്ലാതെയും പ്രസിദ്ധീകരിച്ചു വന്നവയാണ്. അവയെ പൊതുസ്വഭാവം നോക്കി ചേര്‍ത്തു വയ്ക്കുന്നു എന്നൊരു പ്രത്യേകത മാത്രമേ പുസ്തകമെഴുത്ത് എന്ന പ്രവൃത്തിയിലുള്ളൂ. ഒരു തരത്തിലുള്ള ക്രോഡീകരണം. വാരികകളിലും ഇലട്രോണിക് മീഡിയകളിലും പ്രസിദ്ധീകരിച്ചവ വീണ്ടും കണ്ടെത്താനുള്ള ബുദ്ധിമുട്ട് പുസ്തകമായി പുറത്ത് വരുമ്പോള്‍ ഇല്ലാതാവുന്നു. പുസ്തകപ്രസാധനം വളരെ സുഗമമായ ഒരു കാലത്താണ് നമ്മള്‍ എഴുതുന്നത്. എഴുതുന്നതും പുസ്തകം പുറത്തിറങ്ങിയ ശേഷമുള്ള വിപണനവും ആണ് ഇപ്പോള്‍ അത്ര ലളിതമല്ലാത്തത്. ആവശ്യമുള്ള വായനക്കാരന്റെ അടുത്തേക്ക് പുസ്തകങ്ങളെ എത്തിക്കുക എന്നതാണ് ഇപ്പോള്‍ നേരിടുന്ന ഒരു പ്രശ്നം. സമാന്തര വിപണനശ്രമങ്ങളും പുതുസാങ്കേതികവിദ്യയുടെ ഉപയോഗവും ഈ പ്രശ്നത്തെ മറികടക്കാന്‍ സഹായകമാവും എന്നു കരുതുന്നു. മാറിയ സാഹചര്യത്തിലും എഴുത്തുകാരനാണ്‌ ഈ മേഖലയില്‍ ചൂഷണത്തിനു വിധേയനാവുന്നത്. പല എഴുത്തുകാരും സ്വയം പ്രസാധകരായി മാറുന്നത് ഈ സാഹചര്യത്തിലാണ്. പുസ്തകങ്ങള്‍ അവശ്യവസ്തുവും വായന ഒഴിവാക്കാന്‍ പറ്റാത്തതുമല്ലാത്ത ഭൂരിപക്ഷത്തിനിടയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട കൃതി പോലും മലയാളത്തില്‍ ഒന്നരലക്ഷം കോപ്പിയാവും വിറ്റഴിക്കപ്പെട്ടിട്ടുണ്ടാവുക. അത് കേരള ജനസംഖ്യയുടെ എത്ര ശതമാനമാണ് എന്നു നോക്കുന്നിടത്താണ് മലയാളസാഹിത്യത്തിന്റെ വാണിജ്യപരമായ നിലനില്‍പ്പ്‌ ബോധ്യമാവുക. 

ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കൃതികളുടെ പ്രത്യേകത നോക്കിയാല്‍ അത് നോവലുകള്‍ ആണെന്ന് കാണാന്‍ കഴിയും. കഥയും കവിതയും ഇഷ്ടപ്പെടുന്ന, വായിക്കുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നാണ് എന്റെ വിശ്വാസം.

കഥാകൃത്താണോ കവിയാണോ. ഏതെങ്കിലും ഒരു അസ്തിത്വത്തിൽ ഉറച്ചു നിൽക്കാനുള്ള ക്ഷമയില്ലാഞ്ഞിട്ടാണോ? 

കഥയും കവിതയും അവയുടെ സങ്കേതങ്ങളും രചനാരീതിയും കൊണ്ട് വ്യത്യസ്തമായി നില്‍ക്കുന്നവയാണ്. ചില വിഷയങ്ങള്‍ കവിതയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നവയല്ല. അത് കഥയുടെ രൂപത്തിലാവും കൂടുതല്‍ വായനക്കാരനുമായി സംവദിക്കുക. മലയാളത്തില്‍ ഇപ്പോള്‍ എഴുതുന്ന പലരും കഥയും കവിതയും നോവലും എഴുതുന്നവരാണ്. കരുണാകരന്‍, മേതില്‍, ആനന്ദ്, ടി.പി. രാജീവന്‍, തുടങ്ങി പലരും കഥയും കവിതയും എഴുതുന്നവരാണ്. മുതിര്‍ന്ന കവി സച്ചിദാനന്ദന്‍ ഈയടുത്ത് കഥകള്‍ എഴുതുന്നുണ്ട്. അതൊരു അസ്തിത്വത്തിന്റെയോ അക്ഷമയുടെയോ പ്രശ്നമല്ല. ചിലര്‍ക്ക് ഒരു മാധ്യമം മാത്രമാവും കൂടുതല്‍ ഇഷ്ടപ്പെടുക.

രാഷ്ട്രീയം സാഹിത്യത്തിൽ ഉപയോഗിക്കുന്നത് സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള സൂത്രപ്പണി ആണോ? 

രാഷ്ട്രീയം എന്ന വാക്കിനെ പറ്റിയുള്ള തെറ്റിദ്ധാരണകൊണ്ടാവും അങ്ങനെ തോന്നുന്നത്. അവസാനപുഴുവിന് വേണ്ടി വരെയുള്ളതാണ് തന്റെ രാഷ്ട്രീയം എന്നു പറഞ്ഞത് മേതില്‍ ആണ്. എഴുത്ത് അഥവാ ഏതു കലയും അതിനു വേണ്ടി തന്നെ എന്നു പറയുന്നിടത്തു നിന്ന് എഴുത്തിന്റെ /കലയുടെ രാഷ്ട്രീയം തുടങ്ങുന്നുണ്ട്. എന്നെ സംബദ്ധിച്ച് സ്വയം ജീവിക്കാനും മറ്റൊരാളെ ജീവിക്കാന്‍ അനുവദിക്കാനുമുള്ള എന്തു ചിന്തയും പ്രവര്‍ത്തിയും രാഷ്ട്രീയമാണ്. അത് ഏതെങ്കിലും പാര്‍ട്ടിയുടെയോ കൊടിയുടെയോ പേരിലല്ല. നേരെ മറിച്ച് മനുഷ്യരാശിയുടെ നിലനിൽപിന്റേതാണ്. ഒച്ചയില്ലാത്തവന്റെ ഒച്ചയാണ്‌. ദുര്‍ബലന്റെ പ്രതികരണമാണ്. എഴുത്തിന്റെ സ്വീകാര്യത വായനക്കാരന്റെ വാക്കാണ്. അയാളുടെ ചേര്‍ന്നു നില്‍ക്കലാണ്. അതിലേക്ക് എഴുത്തിന്റെ ജൈവികത അല്ലാതെ കുറുക്കുവഴികള്‍ ഇല്ല. സ്വീകാര്യത ഉണ്ടാവുന്നത് പറയുന്നതിലെ രാഷ്ട്രീയത്തോടു വായനക്കാരന്‍ പ്രകടിപ്പിക്കുന്ന ചേര്‍ന്നു നില്‍ക്കലാണ്. എഴുതുന്നു എന്നത് കൊണ്ട് ഞാനിവിടെയുണ്ട് എന്നു പറയുന്നതു പോലെ എഴുതുന്നതു കൊണ്ട് അതില്‍ രാഷ്ട്രീയമുണ്ട് എന്നതാണ് ശരി. എഴുത്തിന്റെ രാഷ്ട്രീയം മുദ്രാവാക്യം വിളിയല്ല. എഴുത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ഒന്നാണത്. അത് ഒരു വായനക്കാരന്‍ കണ്ടെത്തുന്നതാണ്. എഴുത്തിന്റെ  പ്രതിബദ്ധാപരമായ ഒരു സംഗതിയാണ് അത്. 

മലയാളത്തില്‍ ഈ അടുത്ത് വന്ന നോവലുകളില്‍ ഭൂരിഭാഗത്തിന്‍റെയും ന്യൂനത എന്നല്ല ഏകതാനത എന്നു തോന്നിയത് അവയിലുള്ള സമാനമായ രാഷ്ട്രീയ പരിസരമാണ്. അതു കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. എഴുത്തുകാരന്‍ ഭാവനയ്ക്കു പകരം ഏറെ സേഫ് സോണായ ചരിത്രവുമായി തന്റെ കഥയെയോ കഥാപരിസരത്തെയോ ബന്ധിപ്പിച്ച് തന്റെ എഴുത്തിനെ ആയാസരഹിതമാക്കുകയും വില്‍പനയുടെ ഗ്യാരണ്ടി ഉറപ്പുവരുത്തുകയുമാണ്‌. ഇത് ഒരു നല്ല പ്രവണതയായി തോന്നുന്നില്ല. എന്തു കൊണ്ട് മലയാളത്തില്‍ നിന്നു ലോകസാഹിത്യവുമായി ചേര്‍ന്നു നിൽക്കുന്ന രചനകള്‍ ഉണ്ടാവുന്നില്ല എന്നതിന്റെ ഒരു കാരണം ഈ സേഫ് സോണ്‍ പ്ലേ ആവും. ഒരു സോഷ്യല്‍ ഡെമോക്രാറ്റ് എന്നാണ് എന്റെ രാഷ്ട്രീയം. വര്‍ഷങ്ങൾക്കു മുൻപ്, ബംഗാള്‍ താമസക്കാലത്ത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അനിവാര്യ പതനത്തെ പറ്റി ഒരു കവിത എഴുതിയിരുന്നു. പാര്‍ട്ടി ഗ്രാമം എന്ന പേരില്‍. ഇപ്പോള്‍ ഫാസിസ്റ്റ് വിരുദ്ധ, അധികാരരാഷ്ട്രീയ വിരുദ്ധ കവിത എഴുതുന്നതും ഇതേ പോലെയുള്ള പ്രതികരണമാണ്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ സമൂഹത്തോടുള്ള ചേര്‍ന്ന് നില്‍ക്കലാണ് അത്.

രതിയെ എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നത് സാഹിത്യത്തിൽ?

രതി എഴുതുന്ന വിഷയത്തിന്റെ ഭാഗമാവുമ്പോഴാണ് ഒരാള്‍ അത് ഉപയോഗിക്കുന്നത്. രതി ഒരു ബിംബമായി രാഷ്ട്രീയം പോലും പറയാം. ഒരു എഴുത്തുകാരന്റെ മനോധര്‍മ്മമാണ് രതിയെ എത്രത്തോളം എക്സ്പ്ലോര്‍ ചെയ്യണമെന്നത്. അയാള്‍ കരുതിവയ്ക്കുന്ന വായനക്കാരന്റെ മാനസികാവസ്ഥയും രതിയുടെ വര്‍ണ്ണനയില്‍ പ്രസക്തമാണ്. വെണ്‍മണി കവിതകളിലെ ശൃംഗാര വര്‍ണ്ണനയാവില്ല മറ്റൊരാളുടെ കൃതിയില്‍. പലപ്പോഴും അത് എഴുത്തുകാരന്റെ ബുദ്ധിയുമായി കൂടി ബന്ധപ്പെട്ട ഒന്നായി തോന്നാറുണ്ട്.

പ്രണയവും രതിയും തമ്മിലുള്ള ഒരു ചേർച്ചയില്ലായ്മ ഇന്നത്തെ സാഹിത്യത്തെ ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നുണ്ടോ? 

പ്രണയവും രതിയും എല്ലാ കാലത്തും പറഞ്ഞു കൊണ്ടിരിക്കുന്നതും ഒരിക്കലും അവസാനിക്കില്ല എന്നു തോന്നിപ്പിക്കുന്നതുമായ വിഷയങ്ങളാണ്. ചിലര്‍ക്ക് പ്രണയം ഭക്തിയാണ്. ഇല്ലാത്ത ഒന്നിനെകുറിച്ചുള്ള ഇല്യൂഷന്‍ ആണ് അവര്‍ക്ക്. ഒരുതരം ഉന്മാദാവസ്ഥ. അവിടെ രതി പ്രസക്തമല്ല. പുതിയ കാലത്ത് ശരീരം ഇല്ലാത്ത പ്രണയം എന്നൊന്ന് വായനക്കാരന്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നു തോന്നുന്നില്ല. പ്രണയം രണ്ടു മനസുകളുടെ ചേര്‍ച്ചയാണ് എങ്കില്‍ രതി രണ്ടു ശരീരങ്ങളുടെ ചേര്‍ച്ചയാണ്. പ്രണയം ഒരു പാലം കടക്കലാണ് രതിയിലേക്ക്. വണ്‍ നൈറ്റ് സ്റ്റാന്റുകളുടെ കാലത്ത്, അടുത്ത തലമുറയോട് സംവദിക്കുന്ന എഴുത്തില്‍ പ്രണയത്തിനും രതിക്കും ഒക്കെ പുതിയ നിര്‍വചനങ്ങളാണ് കണ്ടെത്തേണ്ടത്. അത്തരം ശ്രമങ്ങളാവും എഴുത്തിന്റെ ഭാവിയെ നിര്‍വചിക്കുക.

രാജാവിന്റെ വരവ് എന്ന സമാഹാരത്തിലെ എല്ലാ കവിതകളും തന്നെ രാജാവ് നഗ്നനാണെന്ന് പറയാൻ മടിയില്ലാത്ത ഒരാളെ വ്യക്തമാക്കുന്നു. മരിക്കാൻ ഭയമില്ലേ? 

ജീവിതത്തില്‍ പലവട്ടം മരിച്ചു ജീവിക്കുകയാണ് നമ്മള്‍ ഓരോരുത്തരും. ജീവിതം കൂടുതല്‍ ദുസ്സഹവും ലോകം കൂടുതല്‍ ഇരുണ്ടതുമാകുന്ന ഒരു കാലത്ത് ലോകത്തിന്റെ നഗ്നതയെപറ്റി പറയാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ശാന്തിയും സമാധാനവും ഒരു സ്വപ്നം മാത്രമായി അവശേഷിക്കാനാണ് സാധ്യത. വികസനം എന്നത് കേവലം ഭൗതികമായ ഒരു അവസ്ഥയായി മാറുകയും അതിനു മനുഷ്യനു ജീവിക്കാനുള്ള അവകാശത്തില്‍ ഒരു പങ്കുമില്ലാതെയാവുകയും ചെയ്യുന്നു. സ്വതന്ത്രമായി ജീവിക്കുക എന്നത് ഏറ്റവും വലിയ സാഹസികത ആയിരിക്കുന്ന ലോകത്ത് മരണം അത്ര ഭയപെടേണ്ട ഒന്നല്ല എന്നതാണ് വിശ്വാസം. കഴിഞ്ഞ നാലു വര്‍ഷത്തെ പ്രത്യേകത എന്തെന്നു ചോദിച്ചാല്‍ ഓരോ ദിവസവും പ്രതിഷേധിക്കേണ്ട അവസരങ്ങള്‍ ഉണ്ടാക്കുന്ന ഒരു ജനാധിപത്യ സംവിധാനം നില നിന്നു എന്നതാണ്. ആ പ്രതിഷേധങ്ങളുടെ ആകെത്തുകയാണ് രാജാവിന്റെ വരവ് എന്ന സമാഹാരം. ഒരു പക്ഷേ ഞാനിതുവരെ എഴുതിയ കവിതകളില്‍ ഏറ്റവും വ്യത്യസ്തങ്ങളായ ചില കവിതകള്‍ അതിലുണ്ട്. 

കവിത ബൗദ്ധിക ജീവികളുടെ മാത്രം ഇടമാണോ? ചിത്തിരയുടെ കവിതകൾ ആ ഒരു ഇടത്തിൽ നിന്നു കൊണ്ട് മാത്രമാണ് വായനക്കാരോട് സംസാരിക്കുന്നത്.

നീണ്ടകാലത്തെ അനുശീലനമാണ് ഒരു കലാകാരന്‍റെ കലാജീവിതവിജയത്തിന്റെ ഒരു കാരണം. എഴുത്തിലും ഇത്തരം ഒരു അനുശീലനത്തിന്റെ സാധ്യതയുണ്ട്. ഓരോ ദിവസവും അവനവനെ തന്നെ പുതുക്കുന്ന ഒരാളാണ് ശരിയായ എഴുത്തുകാരന്‍ എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതേ അനുശീലനം ഏതു കലയുടെയും ശരിയായ ആസ്വാദകന് ആവശ്യമാണ്‌. എഴുത്തിലും ഇത് ബാധകമാണ് എന്നത് പലപ്പോഴും പലരും മറന്നു പോവുന്നുണ്ട്. പഴയ കാലത്തില്‍ നിന്നു വിഭിന്നമായി തൊഴിലിടങ്ങളില്‍, ജീവിതസാഹചര്യങ്ങളില്‍, സാമൂഹിക പാശ്ചാത്തലത്തില്‍ ഉള്ള വ്യത്യാസം ഒക്കെ സാഹിത്യത്തിലും വൈവിധ്യമുള്ള വിഷയങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. അത് കവിതയില്‍ പ്രത്യേകിച്ചും ജനാധിപത്യവത്ക്കരണത്തിന്റെ തെളിവാണ്. ഒരു കാലത്തും സാഹിത്യം ഒരു ആഘോഷിക്കപ്പെട്ട സംഗതിയായിരുന്നില്ല എന്ന് ഓര്‍ക്കേണ്ടതാണ്. ചുരുക്കം ചില പുസ്തകങ്ങള്‍ മാത്രമാണ് ആഘോഷിക്കപ്പെട്ടത്. അങ്ങനെ വില്‍ക്കപ്പെട്ട പുസ്തകങ്ങള്‍ പോലും എണ്ണത്തില്‍ ജനസംഖ്യയുടെ പത്ത് ശതമാനത്തിനു മേലെ പോവില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ അവനവന്റെ അഭിരുചിക്ക് അനുസരിച്ച എഴുത്തുകള്‍ കണ്ടെത്താന്‍ വായനക്കാരന്‍ ശ്രമിക്കേണ്ടതാണ്. അതിനുള്ള എല്ലാ സാഹചര്യങ്ങളും ഇന്നു നിലവിലുണ്ട്.

മലയാളിയുടെ സംഭാഷണങ്ങളില്‍ ബുദ്ധിജീവി എന്ന വാക്ക് പുച്ഛത്തിന്റേതു കൂടിയാണ്. ഇതേ പോലെ ഉപയോഗിച്ച് അര്‍ഥം തന്നെ മാറിപ്പോയ മറ്റൊരു വാക്ക് അരാജകവാദി (Anarchist) ആണ്. ഒരാളെ തങ്ങളുടെ കൂട്ടത്തില്‍ ഒറ്റപ്പെടുത്തണം എങ്കില്‍ ഈ രണ്ടില്‍ ഒന്നു വിളിച്ചാല്‍ മതി എന്നു ഭൂരിപക്ഷം മലയാളിയും കരുതുന്നു. നിരന്തരം പുതുക്കപ്പെടുന്ന ഏതൊരു സാധാരണക്കാരനും ഒരു ബുദ്ധിജീവിയാണ്‌. അങ്ങനെയെങ്കില്‍ വായനയെ ഗൗരവമായി കാണുന്ന ഏതൊരു വായനക്കാരനും വേണ്ടിയുള്ള കവിതകളാണ് എന്റേതും. എഴുത്തിന്‍റെയും ഭാഷയുടെയും ചില പരീക്ഷണങ്ങള്‍ അവയില്‍ ചിലതിലെങ്കിലും ഉണ്ട് എന്നു വിശ്വസിക്കുന്നു. കേരളത്തില്‍ ജനിച്ചു വളര്‍ന്ന് ഇപ്പോഴും ജീവിക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് എഴുതുന്ന ഒരു എഴുത്തുകാരനില്‍ നിന്നു വ്യത്യസ്തമായി ഒരു കുടിയേറ്റക്കാരനായ മലയാളിയുടെ കാഴ്ചകളാണ് കൂടുതല്‍ കവിതകളിലും കഥകളിലും ഉള്ളത്. അവയുടെ ജൈവികത ഇടം നഷ്ടപ്പെട്ടവന്റേതാണ്. പുറപ്പെട്ടു പോവുകയും എന്നാല്‍ എങ്ങും എത്താതെ പോവുകയും ചെയ്ത ഒരു മാനസികാവസ്ഥ എഴുത്തിന്റെ ഭാഗമാണ്.

വായനക്കാരന്റെ ചങ്കിൽ കൊള്ളുന്ന വാക്കുകളെ സാധാരണ എങ്ങനെയൊക്കെ കണക്കിലെടുക്കാറുണ്ട്? 

നേരത്തെ പറഞ്ഞതു പോലെ എഴുതുന്നത് ഏതെങ്കിലും വായനക്കാരനെ നോവിക്കണം, അവന്റെ ചങ്കില്‍ കൊള്ളണം എന്നോര്‍ത്തു ചെയ്യുന്നതല്ല. അത് ആദ്യം എഴുതുന്ന ആളെ സന്തോഷിപ്പിക്കലാണ്. ആദ്യം എഴുത്ത് പൂര്‍ണ്ണമാവുന്നത് ഉള്ളിലാണ്. അതിനു ശേഷമാണ് അത് മറ്റൊരാളില്‍ എത്തുന്നത്. വാക്കുകള്‍ അവനവനു വേണ്ടി ഹാന്‍ഡ് പിക് ചെയ്യുന്നതാണ്. ഒരു തരത്തില്‍ വാക്കുകളാണ് ഒരാളെക്കൊണ്ട് എഴുതിക്കുന്നത്. ഓരോ വാക്കും തന്റെ എഴുത്തു വേളയില്‍ തങ്ങളുടെ സ്ഥാനത്തെ പറ്റി അവയുടെ ധര്‍മ്മത്തെ പറ്റി ഓർമിപ്പിക്കുന്നുണ്ടാവണം.

സാഹിത്യ ഗ്രൂപ്പുകളിൽ ആക്റ്റീവ് ആണോ? ഇന്നത്തെ വാട്സാപ്പ്, ഫെയ്‌സ്ബുക്ക് സാഹിത്യഗ്രൂപ്പുകളെ കുറിച്ച് ?

ഭാഗ്യവശാല്‍ ഒരു ഗ്രൂപ്പിലും ഇല്ല എന്നത് സന്തോഷമുള്ള കാര്യമാണ്. ഗ്രൂപ്പുകളില്‍ സജീവമായ ചില എഴുത്തുകാര്‍ തങ്ങള്‍ ഇടപെടുന്ന ഗ്രൂപ്പിലുള്ള ലബ്ദപ്രതിഷ്ഠർക്കൊപ്പം തങ്ങളെ ചേര്‍ത്തു വയ്ക്കുന്നത് കാണാറുണ്ട്. വായിച്ച പലതും സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുമ്പോള്‍ ഇവനെന്റെ പ്രീയ ശിഷ്യന്‍ - ഇതാ അഞ്ചു വര്‍ഷത്തിനു ശേഷം മലയാള കഥയിലെ എന്‍.എസ്. മാധവന്‍ എന്നൊക്കെ പരിചയപ്പെടുത്തി കാണുമ്പോള്‍ ചിരി വരാറുണ്ട്. ഒരു എഴുത്തുകാരനെയും സൃഷ്ടിക്കാന്‍ ഒരു ഗ്രൂപ്പിനും കഴിയില്ല എന്നു കരുതുന്നു. അത് ക്ഷമാപൂര്‍വ്വം അവനവന്‍ സ്വയം കണ്ടെത്തേണ്ട ഒന്നാണ്. സാഹിത്യഗ്രൂപ്പുകളിലെ പുറം ചൊറിയലുകളോട് തീരെ താൽപര്യമില്ല. ഗ്രൂപ്പുകള്‍ വഴിയുള്ള താൽക്കാലിക സ്ഥാനങ്ങള്‍ എഴുത്തിന്റെ അവസാനവാക്കായി കാണുന്നുമില്ല. എഴുതി തുടങ്ങിയ പല ചെറുപ്പക്കാരെയും തുടക്കത്തില്‍ തന്നെ പ്രോത്സാഹനവളം കുത്തിവച്ച് അമിത പ്രതീക്ഷയുടെ ഭാരം കയറ്റി വച്ച് ചെറുപ്പത്തില്‍ തന്നെ നശിപ്പിച്ചു കളഞ്ഞത് കണ്ടിട്ടുണ്ട്.

ചില രസകരമായ അനുഭവങ്ങള്‍ ഉണ്ട്. മലയാളത്തില്‍ കവിതകള്‍ക്കായുള്ള ഒരു സൈറ്റ് ഉണ്ട്. ഒരു മുതിര്‍ന്ന കവിയുടെ നേതൃത്വത്തില്‍ ഉള്ള വളരെ നല്ല ഒരു ശ്രമമായിരുന്നു അത്. ബ്ലോഗ്‌ കാലത്ത് അതിലേക്ക് ചില കവിതകള്‍ അയച്ചു. ഒരു മറുപടിയും ഉണ്ടായില്ല. ഒറ്റ കവിത മാത്രം എഴുതിയ പലരുടെയും കവിതകള്‍ ആ സൈറ്റില്‍ കാണാന്‍ കഴിയും. ഇങ്ങനെയൊക്കെയാണ് പല സ്കൂളുകളുടെയും ഗ്രൂപ്പുകളുടെയും കാര്യങ്ങള്‍. കഥയോ കവിതോ അച്ചടിച്ച്‌ വരുമ്പോള്‍, ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യുമ്പോഴോക്കെ ആഘോഷിക്കാന്‍ ഇത്തരം ഗ്രൂപ്പുകള്‍ സഹായകരമാണ്.

അക്ഷമരായി പുറത്തു കാത്തു നിൽക്കുന്ന സന്ദർശകരാണ് ഇന്നത്തെ കാലത്തിൽ എഴുത്തുകാർ എന്നു പേര് ലഭിച്ചിരിക്കുന്നവരെന്ന തോന്നലുണ്ടോ? എങ്ങനെയാണ് ഒരു എഴുത്തുകാരൻ ക്ഷമ പഠിക്കേണ്ടത്‌? 

എഴുത്തിന്‍റെ വൈവിധ്യവും തങ്ങള്‍ എഴുതുന്നത് ലോകത്തെ കാണിക്കാന്‍ എഴുത്തുകാര്‍ക്കുള്ള അവസരങ്ങളുടെ വൈവിധ്യവും ആണ് സമകാലത്തിന്റെ പ്രത്യേകത. കുറുക്കുവഴികളും ഗിമ്മിക്കുകളും ബന്ധങ്ങളും കൊണ്ട് ഒരാള്‍ക്കു ചില പടികള്‍ വേഗത്തില്‍ കയറിപ്പോവാന്‍ പറ്റിയേക്കും. എന്നാല്‍ അതു നിലനിര്‍ത്തുക പ്രയാസമുള്ള സംഗതിയാണ്. ഏതു നിമിഷവും നിലച്ചു പോകാവുന്ന ഒരു ഉറവയാണ് എഴുത്ത് എന്നു തോന്നിയിട്ടുണ്ട്. അവനവനെ ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് ഓരോ എഴുത്തുകാരനും ശ്രദ്ധിക്കേണ്ട സംഗതി. എഴുത്തുകാരന്‍ അതീവ ക്ഷമയുള്ളവനാണ്. എഴുത്ത് തന്നെ ഏറ്റവും ക്ഷമ വേണ്ട ഒരു പ്രവൃത്തിയാണ്. 

മലയാളത്തില്‍ മുഖ്യധാരയില്‍ അഞ്ചു പ്രസിദ്ധീകരണങ്ങള്‍ ആണ് ഉള്ളത്. അതിലൂടെ ഒരു വർഷം വരാവുന്നത് ഇരുനൂറ്റിഅന്‍പതു കഥകളാണ്. ഇത്രയും ഇടത്തിലേക്ക് അതിന്റെ പത്തിരട്ടി എഴുത്തുകാരുണ്ട്‌. ഇതില്‍ നിന്നു കടന്നു വരാന്‍ കഴിയുന്നവരില്‍ എത്ര പേരുടെ കഥകള്‍ ഒരു വായനക്കാരന്‍ വര്‍ഷാന്ത്യത്തില്‍ ഓര്‍ക്കുന്നു എന്നതാണ് കാര്യം. പത്തു കഥകളില്‍ കൂടുതല്‍ ഓര്‍ക്കുന്നുണ്ടാവില്ല. ഗ്രൂപ്പുകളിലും മറ്റും വായിക്കപ്പെട്ടു പല തവണ തിരുത്തപ്പെട്ട കഥകളില്‍ നിന്നാണ് നമ്മള്‍ ഈ പത്തു കഥകള്‍ മാത്രം ഓര്‍ക്കുന്നത്.

എഴുത്തുകാരനും എഡിറ്ററും തമ്മിലുള്ള ആത്‌മബന്ധം ഏതു തലം വരെ പോകാം എന്നാണ് ഈ കാലത്തു നിൽക്കുമ്പോൾ ചിന്തിക്കുന്നത്? 

മലയാളത്തില്‍ എഡിറ്റര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരിക വാരികകളുടെ എഡിറ്റര്‍ ആണ്. എന്നാല്‍ അത് ഒരു ലിറ്റററി എഡിറ്ററുടെ റോള്‍ അല്ല താനും. മലയാള സാഹിത്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു റോള്‍ ആണ് ഒരു ലിറ്റററി എഡിറ്ററുടേത്. നമ്മുടെ പല കൃതികളുടെയും – പ്രത്യേകിച്ച് നോവല്‍ - നീളം കുറയ്ക്കാനും അവയുടെ ഗുണം കൂട്ടാനും ഒരു എഡിറ്ററുടെ ഇടപെടലിന് കഴിഞ്ഞേക്കുമായിരുന്നു. ചരിത്രപരവും സാങ്കേതികവുമായ തികവിനും വായനക്കാരന്റെ അഭിരുചിയെ തിരിച്ചറിയുന്നതിനും ഒരു ലിറ്റററി എഡിറ്റര്‍ക്ക് കഴിയും. മലയാളം പോലെ വളരെ ചെറിയ നിലയില്‍ പുസ്തകകച്ചവടം നടക്കുന്ന ഒരിടത്ത് ഇത്തരം ഇടപെടലുകള്‍ ഒന്നാം കിട പ്രസാധകനു പോലും ഇല്ലായെന്നതാണ് പല കൃതികളും സൂചിപ്പിക്കുന്നത്.

കാലം കടന്നു നിൽക്കുന്ന എഴുത്തുകൾക്കു വേണ്ടി ഒരു ആമുഖമെഴുതാമോ? 

അടുത്തകാലത്ത് വായിച്ച കൂടുതല്‍ കൃതികളും കാലം കടക്കില്ല എന്നാണു വിശ്വസിക്കുന്നത്. കാരണം അവ വര്‍ത്തമാനകാലത്തെ വായനക്കാരനെ മുന്നില്‍ കണ്ട് എഴുതിയവയാണ്. ഈ കാലത്തെ അടയാളപ്പെടുത്തുന്ന ഡോക്യുമെന്‍റ് എന്ന നിലയില്‍ മാത്രമാവും അവ അടുത്ത തലമുറയോട് സംവദിക്കുക. നമുക്കൊപ്പമുള്ളവരോടോ നമുക്കു മുൻപേ പോയവരോടോ അല്ല പിന്നാലെ വരാനിരിക്കുന്നവരോട് സംവദിക്കാനാവുന്ന കൃതികളാണ് വരേണ്ടത്. ജീവിതത്തെ അടയാളപ്പെടുത്തുന്നു ഇന്നിന്റെ ജൈവികത തുടങ്ങിയ ആലങ്കാരികതകളാവില്ല കാലം കടക്കുക. ഇപ്പോഴും നമ്മള്‍ പലയാവര്‍ത്തി വായനയ്ക്കു ശേഷവും വായിച്ച് അത്ഭുതപ്പെടുന്ന ചില കൃതികള്‍ ഉണ്ട്. സോര്‍ബ പോലെയുള്ളവ. മലയാളത്തില്‍ ഖസാക്ക്, സുന്ദരന്മാരും സുന്ദരികളും, ആയുസ്സിന്റെ പുസ്തകം ഒക്കെ. അവയുടെ കണ്ണിലൂടെയാണ് നമ്മള്‍ നമ്മുടെ ഭാഷയിലെ എഴുത്തും വായിക്കുന്നത്, ചര്‍ച്ച ചെയ്യുന്നത്.

 ജീവിതം മുഴുവൻ എഴുതും എന്നുറപ്പുണ്ടോ? 

ഇല്ല. ഈ നിമിഷം എഴുത്ത് നിര്‍ത്തുന്നു എന്നു തീരുമാനിക്കുന്നതിലും രാഷ്ട്രീയമുണ്ട്. എഴുതിക്കൊണ്ടേ ഇരിക്കുക എന്നതിലല്ല, എന്ത് എഴുതുന്നില്ല എന്നതിലാണ് കാര്യം. ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാവുന്ന ഒരു ഇടമാണ് ഭാവനയുടെയും അതുമായി ബന്ധപ്പെട്ട ഭാഷയുടെയും. ഈ നിമിഷം വരെയുള്ള എഴുത്തു ജീവിതത്തെ സംതൃപ്തിയോടെ ആണ് കാണുന്നത്. പല നല്ല സൗഹൃദങ്ങളും രൂപപ്പെട്ടു വന്നത് എഴുത്തിലൂടെയാണ്. പുസ്തകം വരുന്നു എന്നു പറയുമ്പോള്‍ കാത്തിരുന്നു വാങ്ങുന്ന ചിലരുണ്ട്. എന്തെങ്കിലും അച്ചടിച്ച്‌ വന്നാല്‍ അതിന്റെ ഫോട്ടോ എടുത്ത് അയച്ചു തരുന്ന ചിലരുണ്ട്. അക്ഷരങ്ങള്‍ കൊണ്ടുള്ള ബന്ധങ്ങളാണ് ഇവയൊക്കെ.

പ്രിയപ്പെട്ട എഴുത്തുകാരൻ? 

എഴുത്തുകാരനോട്‌ അല്ല, അയാള്‍ എഴുതിയവയോടാണ് ഇഷ്ടം. പി.എഫ് തോമസ്‌, തോമസ്‌ ജോസഫ്, കമറുദ്ദിന്‍, കരുണാകരന്‍ തുടങ്ങി പലരുടെയും എഴുത്ത് രീതികള്‍ ഇഷ്ടമാണ്. പുതിയ തലമുറയിലെ അമല്‍, അജിജേഷ്, അബിന്‍ തുടങ്ങി പലരുടെയും കഥകള്‍ ഇഷ്ടമാണ്.

ആത്മരതിയുടെ ഇടത്തിൽ നിന്നു നോക്കുമ്പോൾ സ്വന്തം പുസ്തകങ്ങളെ കുറിച്ച് എന്തു പറയും?

അവയെപ്പറ്റി വായനക്കാരനല്ലേ പറയേണ്ടത്. 

എന്റെ രാഷ്ട്രീയവും ജീവിക്കുന്ന ഇടവുമാണ് എന്റെ എഴുത്ത്. എന്റെ പുസ്തകങ്ങള്‍ പറയുന്നതും പങ്കുവയ്ക്കുന്നതും ജീവിതത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച എന്റെ കാഴ്ചപ്പാടുകള്‍ കൂടിയാണ്.. എഴുതിയതില്‍ അഞ്ചു കവിതകള്‍ എങ്കിലും എന്നെ ഒരു പാട് സന്തോഷിപ്പിച്ചവയാണ്. ബാക്കിയായവയില്‍ ഏറെയും ഭാഷയോടും ഭാവനയോടും ഉള്ള എന്റെ തന്നെ കണ്ണുപൊത്തിക്കളികള്‍ ആണ്.