തലച്ചുമടായി കൊണ്ട് നടന്നും എന്റെ പുസ്തകം ഞാൻ വിൽക്കും: അഖിൽ പി. ധർമ്മജൻ

നവ പ്രസാധകരും പുതുമുഖ എഴുത്തുകാരും നേരിടേണ്ടി വരുന്ന ഏറ്റവും വലിയ കടമ്പയെന്താവും? തീർച്ചയായും പുസ്തകങ്ങൾ മറ്റുള്ളവരിൽ എത്തിക്കുക എന്നത് തന്നെ. എത്ര വായനാ മൂല്യമുള്ള പുസ്തകമാണെങ്കിൽ പോലും വിപണിയുടെ അരക്ഷിതാവസ്ഥകൾ മൂലം പലപ്പോഴും എത്തേണ്ടവരിൽ പോലും പുസ്തകമെത്താത്ത അവസ്ഥയുമുണ്ട്. ഇത്തരം ഒരവസ്ഥയിലാണ് പണ്ട് ചങ്ങമ്പുഴ വീടുകളിൽ തന്റെ കവിതകൾ കൊണ്ട്നടന്ന് വിറ്റിരുന്ന അതേ മാർഗ്ഗത്തെ കുറിച്ച് ആലോചിക്കേണ്ടി വരിക. ഒരു ശതാബ്ദത്തിനു മുൻപ് വരെ ഇത്തരത്തിൽ വീടുകളിൽ പുസ്തകം വിൽക്കാൻ വരുന്ന എഴുത്തുകാരുണ്ടായിരുന്നു, ഇന്നത് കൂണുകൾ പോലെ മുളച്ച് പൊന്തുന്ന പ്രസാധകരും ഓൺലൈൻ മാർക്കറ്റിങ് വിപണികളും കൂടി പിടിച്ചെടുത്തു. പക്ഷെ അപ്പോഴും ഇവിടെയൊരു എഴുത്തുകാരൻ ആ പഴയ കാലത്തിലേക്ക് തിരികെ പോക്ക് നടത്തുകയാണ്. 

അഖിൽ പി ധർമജൻ ആദ്യം വാർത്തകളിൽ ഇടം പിടിച്ചത് അഖിലിന്റെ ആദ്യ ഹൊറർ നോവൽ ഓജോബോർഡ് ഓൺലൈൻ വിപണിയായ ആമസോണിൽ ടോപ് ലിസ്റ്റിൽ ഒന്നാമത് വന്നു എന്നതുകൊണ്ടായിരുന്നു. മാത്രവുമല്ല ചുടുകാട്ടിൽ വച്ചായിരുന്നു ഓജോബോർഡിന്റെ പ്രകാശനവും. രണ്ടാമത്തെ പുസ്തകം മെർക്കുറി ഐലൻഡ് പ്രകാശനം നടത്തിയത് ആലപ്പുഴയിലെ ദ്വീപായ പാതിരാമണലിൽ വച്ചും. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള അഖിലിന്റെ അച്ചടിയിലേക്കുള്ള വഴി തന്നെ ഒരു കഥയ്ക്കുള്ളതുണ്ട്.

പ്രസാധകൻ പറ്റിച്ച ആദ്യ പണി
ആദ്യ പുസ്തകം ഓജോബോർഡിന്റെ കാര്യത്തിൽ ആദ്യം അത് അച്ചടിച്ച പ്രസാധകർ പറ്റിച്ചതുകൊണ്ടാണ് സ്വയം അച്ചടിയും പ്രസാധനവും തുടങ്ങേണ്ടി വന്നത്. ഫെയ്‌സ്ബുക്കിൽ വന്ന ഓജോബോർഡ് പുസ്തകമാക്കാൻ ആവശ്യപ്പെട്ടത് സുഹൃത്തുക്കൾ തന്നെയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതുകൊണ്ട് സുഹൃത്തുക്കൾ തന്നെ ചേർന്ന് സമാഹരിച്ച തുക ഒരു പ്രസാധകർക്ക് നൽകിയാണ് അത് ആദ്യം അച്ചടിക്കാൻ നൽകിയത്. അവർ ആയിരം കോപ്പി അടിച്ചു. പക്ഷെ ഒരു കോപ്പി പോലും ഇന്നേ വരെ എനിക്ക് ലഭിച്ചിട്ടില്ല. ഞാൻ കൊടുത്ത പണത്തിന്റെ പുസ്തകങ്ങളോ, അല്ലെങ്കിൽ ഓഥേഴ്‌സ് കോപ്പിയോ ഒന്നും എനിക്ക് കിട്ടിയില്ല, ചോദിക്കുമ്പോൾ പുസ്തകം പോകുന്നില്ല എന്നാണ് മറുപടി. പക്ഷെ പല പുസ്തക മേളകളിലും ഞാൻ എന്റെ പുസ്തകം കണ്ടു. അങ്ങനെ അത് ഞാൻ പണം കൊടുത്ത് വാങ്ങിയാണ് പലർക്കും അയച്ചു കൊടുത്തത്. അവസാനം സഹി കെട്ടു, കുറെ നാൾ ഒന്നും ചെയ്യാതെ എഴുതുക പോലും ചെയ്യാതെയിരുന്നു. ശരിക്കും ഡൗൺ ആയിപ്പോയി. മറ്റൊരു പ്രസാധകരും ഇതിനു വേണ്ടി അപ്പോൾ വന്നു. പക്ഷെ എല്ലാവർക്കും കമ്മീഷൻ വളരെ കൂടുതലാണ്, അപ്പോഴാണ് എന്തുകൊണ്ട് സ്വന്തമായി ഒരു പ്രസാധന സംരംഭം തുടങ്ങിക്കൂടാ എന്ന ആലോചന വന്നത്. അതിനെ കുറിച്ച് അന്വേഷിച്ച്, അങ്ങനെ കഥ എന്ന പേരിൽ ഒരു പ്രസാധക സംരംഭം സ്വയം തുടങ്ങി. ഏതാണ്ട് ആറു മാസമെടുത്തു അതിന്റെ രജിസ്‌ട്രേഷൻ ഒക്കെ പൂർണമാക്കി കിട്ടാൻ. ബുക്കിനു ഐഎസ്ബിഎൻ നമ്പറും ലഭിച്ചു. പിന്നെ ഒന്നും നോക്കീല്ല, ബാങ്കിൽ നിന്ന് അൻപതിനായിരം രൂപ ലോൺ എടുത്ത് ഓജോബോർഡ് വീണ്ടും അടിച്ചിറക്കി. തനിയെ വിൽക്കാൻ ശ്രമിച്ചു. ഗ്രൂപ്പ് വഴിയും ഓരോ ജില്ലകളിലും ഓരോ സുഹൃത്തുക്കളെ ഏൽപ്പിച്ചും വിട്ടു. അന്ന് ബുക്ക് ഇറക്കാൻ പണം തന്നവർ പോലും കയ്യിൽ നിന്ന് വീണ്ടും പണം മുടക്കിയാണ് പുസ്തകം വാങ്ങിയത്. അങ്ങനെ സ്വയം വിൽപ്പനയുടെ ഭാഗമായിരുന്നു ആമസോണിലും പിന്നീട് ഫ്ളിപ് കാർട്ടിലും അക്കൗണ്ട് എടുത്ത് വിൽപ്പന നടത്തിയത്. 

മെർക്കുറി ഐലൻഡ് നു ശേഷം
ഓജോബോർഡിന് അങ്ങനെ വീണ്ടും എഡിഷനുകളുണ്ടായി. ആദ്യം ഞാൻ എഴുതി തുടങ്ങിയ നോവൽ മെർക്കുറി ഐലൻഡ് ആയിരുന്നു. അതായത് എട്ടു വർഷം മുൻപ് തന്നെ തുടങ്ങിയത്. നീണ്ട കാലം കൊണ്ടാണ് എഴുതി തീർത്തത്. അങ്ങനെ മെർക്കുറിയും സ്വന്തമായി അച്ചടിച്ചു. ഓൺലൈൻ മാർക്കറ്റിങ് നന്നായി പോകുന്നത് കൊണ്ട് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും അത് വിൽപ്പനയ്ക്ക് വച്ചു. പക്ഷെ ഇപ്പോൾ എന്റെ ഫ്ലിപ്പ് കാർട്ട് അക്കൗണ്ട് ആരോ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചിരിക്കുകയാണ്.

പാരകൾ വരുന്ന വഴി  
ആരാണ് ചെയ്തത് എന്നെനിക്ക് അറിയില്ല, പക്ഷെ മനഃപൂർവ്വം എന്നെ ഉന്നമിട്ട് തന്നെ ചെയ്തതാണ്. പല രീതിയിലാണ് അവർ അക്രമം തുടങ്ങിയത്, ചിലർ പുസ്തകം ഫേക് അഡ്രസ്സ് അല്ലെങ്കിൽ ഫോൺ നമ്പർ വച്ചു ആവശ്യപ്പെടും, നമ്മൾ പണം മുടക്കി അയച്ചു കഴിയുമ്പോൾ അഡ്രസ്സ് ശരിയല്ലാതെ തിരികെ വരും. പക്ഷെ പർച്ചേസ് ചെയ്തതായി അക്കൗണ്ടിൽ ഉള്ള അതെ കസ്റ്റമർ തന്നെ വായിക്കാത്ത പുസ്തകത്തിന് നെഗറ്റീവ് കമന്റ് ഇടും. ഈ ഒരാഴ്ച കൊണ്ടാണ് ഇത്ര കടുത്ത ആക്രമണം ഉണ്ടായത്. ചിലർ പുസ്തകം പണം നൽകി വാങ്ങിയ ശേഷം ഒരു പോയിന്റ് ഒക്കെ റിവ്യൂ തരും. അങ്ങനെ അര മണിക്കൂറിൽ ഇരുപത് പേരൊക്കെ റിവ്യൂ ഇടും. അങ്ങനെയാണ് ഇത് ആസൂത്രിതമായ ആക്രമണം ആണെന്ന് മനസ്സിലായത്. ഒടുവിൽ അവർ കുറെ പേര് റിപ്പോർട്ട് ചെയ്ത് എന്റെ സെല്ലെർ അക്കൗണ്ട് പൂട്ടിച്ചു. ഇപ്പോൾ ആമസോണിലും ഇതേ വഴിയിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്. നെഗറ്റീവ് റിവ്യൂ പുസ്തകത്തിന് വന്നുകൊണ്ടിരിക്കുന്നു, ഒപ്പം നിരവധി ഫേക്ക് അക്കൗണ്ടുകൾ വഴി പുസ്തകം ഓർഡർ ചെയ്യുന്നുണ്ട്. അങ്ങനെ പുസ്തകം അയച്ചു എന്റെ കയ്യിലെ പണം ഒരുപാട് നഷ്ടപ്പെടുകയും ചെയ്തു. അതും ഉടനെ പൂട്ടി പോകും. ഫ്ലിപ്പ് കാർട്ടിൽ ഞാൻ വിളിച്ച് സംസാരിച്ചിരുന്നു , അവർക്ക് തെളിവുകൾ ഒക്കെ നൽകിയപ്പോൾ കുറെ നെഗറ്റീവ് അഭിപ്രായങ്ങൾ അവർ നീക്കം ചെയ്തു, പക്ഷെ അതിനപ്പുറം ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ല എന്നറിയിച്ചു. 

എനിക്കറിയില്ല ആരെന്ന് പക്ഷെ...
ഒളിഞ്ഞിരുന്നുള്ള കളിയായതിനാൽ ആരാണ് എനിക്കെതിരെ ഇത്ര രൂക്ഷമായ ആക്രമണം നടത്തുന്നതെന്ന് എനിക്കറിയില്ല. പക്ഷെ മുൻപ് ഓജോബോർഡിന്റെ വിൽപ്പന സമയത്തും എന്റെ ആമസോൺ അക്കൗണ്ട് ഇതുപോലെ ഇതേ രീതിയിൽ പൂട്ടിച്ചിരുന്നു, അതിനു ശേഷം കേരളത്തിലെ ഒരു പ്രശസ്ത പ്രസാധകർ എന്നെ സമീപിച്ച് അവർക്ക് ഇത് വിൽക്കാൻ താൽപ്പര്യമുണ്ട് എന്നും അറിയിച്ചു. അപ്പോഴത്തെ നിവൃത്തിയില്ലായ്മയിൽ എനിക്കത് സമ്മതിക്കേണ്ടിയും വന്നു. ഇത്തവണ അവർ വീണ്ടും സമീപിച്ചപ്പോൾ അൻപത് ശതമാനമാണ് കമ്മീഷൻ പറഞ്ഞത്. എനിക്കത് സ്വീകാര്യമായിരുന്നില്ല. ആ പുസ്തകം അച്ചടിക്കാനും മറ്റു ചിലവുകളും എല്ലാം തന്നെ ആ പുസ്തകത്തിന്റെ വിലയുടെ അൻപത് ശതമാനമായി, അപ്പോൾ ആ വിലയ്ക്ക് കൊടുക്കുമ്പോൾ എനിക്കെന്താണ് അതിൽ നിന്നും കിട്ടാനുള്ളത്. ഇപ്പോൾ ഫ്ലിപ്പ് കാർട്ട് അക്കൗണ്ട് ഇല്ലാതായതിനു ശേഷവും അവർ വിളിക്കുന്നുണ്ട്, ഞാൻ അംഗീകരിക്കാൻ തയാറല്ല ഇനിയും. ഒന്നാമത് അവർ വിൽപ്പനയ്ക്ക് എടുത്താൽ പോലും യാതൊരു വിധ പരസ്യങ്ങളും അവർ നൽകാറില്ല, മാത്രമല്ല അവരുടെ ഷോപ്പുകൾ വഴിയല്ല ആമസോൺ വഴി തന്നെയാണ് അവരും പുസ്തകം വിൽക്കുന്നത്, അത് ഞാൻ നേരിട്ട് നടത്തുന്ന വിൽപ്പനയെ കഴിഞ്ഞ തവണ നന്നായി ബാധിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഇത്തവണ സാധിക്കില്ലെന്ന് പറഞ്ഞപ്പോൾ അവർ ചോദിച്ചത് നിങ്ങൾ പുസ്തകം പിന്നെ തലച്ചുമടായി വീടുകളിൽ കൊണ്ട് നടന്നു വിൽക്കുമോ എന്നായിരുന്നു. 

ഞാൻ പുസ്തകം വിൽക്കുന്നതിങ്ങനെ
ആ പ്രമുഖ പ്രസാധകർ അത്ര പരിഹസിച്ചാണ് നിങ്ങൾ വീടുകളിൽ കയറിനടന്ന് വിൽക്കുമോ എന്ന് ചോദിച്ചത്, അതെ, അത് ചെയ്യണമെങ്കിൽ അതും ഞാൻ ചെയ്യും, എന്നാലും അവർക്ക് നൽകില്ല എന്ന് തന്നെയാണ് പറഞ്ഞത്. പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോൾ എന്റെ പുസ്തകം വിൽക്കുന്നതും. എല്ലാ നഗരങ്ങളിലും ഞാൻ തന്നെ എന്റെ ബുള്ളറ്റിൽ പോയി പുസ്തകം വിൽക്കുന്നു. ഓരോ സ്ഥലത്തു പോകുമ്പോഴും ഫെയ്‌സ്ബുക്കിൽ അറിയിക്കും, അപ്പോൾ അവിടെയുള്ള ആവശ്യക്കാർ വരികയും പുസ്തകം വാങ്ങുകയും ചെയ്യും. ഇനിയും കേരളത്തിലെ എട്ടു ജില്ലകളിൽ കൂടി പോകാനുണ്ട്. ബാംഗളൂരു പോയിരുന്നു, ചെന്നൈയിൽ ഉടൻ പോകുന്നുണ്ട്. മെർക്കുറി ഐലൻഡ് ന്റെ ഒന്നാം പതിപ്പ് ഏകദേശം തീരാറായി. എല്ലാം സുഹൃത്തുക്കൾ കാരണം തന്നെയാണ്. അവർ എന്തിനും ഏതിനും ഒപ്പം നിൽക്കുന്നുണ്ട്. ഇത് വിൽക്കാൻ വേണ്ടി ചില പ്രസാധകരുടെ സ്റ്റാളുകൾ ആവശ്യപ്പെട്ടപ്പോൾ അവരൊക്കെയും നിരാകരിക്കുകയാണ് ചെയ്തത്, ഇത്ര വാർത്താ പ്രാധാന്യം നേടിയ ഒരു പുസ്തകത്തെ നിരാകരിക്കണമെങ്കിൽ അതിനു പിന്നിൽ എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ട്രോളുകളും ആരാധകരും
പുസ്തകത്തിന് നിരവധി ട്രോളുകൾ ഇറങ്ങുന്നുണ്ട്, എല്ലാം കാണുന്നത് വലിയ സന്തോഷമാണ്. സുഹൃത്തുക്കളാണ് ആദ്യം മുതൽ ഒപ്പമുള്ളത്. ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നം ഞാൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു , ഒരുപാട് പേര് വിളിച്ചു, കാര്യങ്ങൾ അന്വേഷിച്ചു. അവർ ഒരു ആർമി രൂപീകരിക്കും എന്നൊക്കെ പറഞ്ഞു. അത് ഞാൻ സമ്മതിച്ചില്ല, പക്ഷെ പലരും എന്നോടും പുസ്തകത്തിനോടും ഒക്കെയുള്ള ഇഷ്ടം കൊണ്ട് സൈറ്റുകളിൽ വന്ന നെഗറ്റീവ് കമന്റ്കൾ  മാസ്സ് റിപ്പോർട്ട് ചെയ്ത് കളഞ്ഞിരുന്നു. അവരെ കൊണ്ട് അത്രയെങ്കിലും ചെയ്യാൻ തോന്നിപ്പിക്കുന്നുണ്ടല്ലോ. എന്തായാലും ഞാൻ തോൽക്കാനൊന്നും പോകുന്നില്ല, മുന്നോട്ടു തന്നെ പോകും. അത് തന്നെയാണ് തീരുമാനം.

ഫ്ലിപ്പ് കാർട്ട് അക്കൗണ്ട് ഉടൻ ലഭിക്കും
ഫ്ലിപ്പ് കാർട്ടിൽ നിന്ന് എന്നെ വിളിച്ചിരുന്നു. നെഗറ്റീവ്, പോസിറ്റീവ് കമന്റ് ഉൾപ്പെടെ നീക്കം ചെയ്ത ശേഷം അക്കൗണ്ട് തിരികെ തരാം എന്നവർ ഇപ്പോൾ പറയുന്നുണ്ട്. എന്ത് തന്നെ ആയാലും തിരികെ ലഭിച്ചാൽ മതിയെന്നാണ് എന്റെ നിലപാട്.