എന്റെ രൂപം കണ്ട് ഞാൻ മനസ്സില്‍പ്പറഞ്ഞു; ‘ ഈ ലുക്കില്‍ സിനിമയിൽ രക്ഷപ്പെടില്ല’

പത്മരാജന്റെ ‘അപരൻ’ റിലീസായപ്പോൾ സലിംകുമാർ പറവൂരിൽ നിന്ന് ഒരു ട്രക്കർ ബുക്ക് ചെയ്ത് പത്തുപേരുമായാണ് എറണാകുളം കവിതാ തിയറ്ററിൽ സിനിമ കാണാൻ പോയത്. ജയറാമിന്റെ പേരിൽ രാവിലെ അമ്പലത്തിൽ ഒരു പുഷ്പാഞ്ജലിയും കഴിച്ചു. അന്ന് ജയറാമിനു സലിംകുമാറിനെ യാതൊരു പരിചയവുമില്ല. മിമിക്രിയിൽ നിന്നൊരു താരം മലയാള സിനിമയിൽ നായകനായതിന്റെ സന്തോഷത്തിലായിരുന്നു സലിംകുമാർ. 

ജയറാം പിടിച്ചു നിന്നാൽ മിമിക്രിക്കാരോടുള്ള പുച്ഛം കുറയുമെന്നും കൂടുതൽ അവസരം കൈവരുമെന്നും സലിംകുമാർ പ്രതീക്ഷിച്ചു. അപരൻ ഇറങ്ങി 29 വർഷം കഴിഞ്ഞു. മലയാളത്തിന്റെ സ്ക്രീനിലൂടെ എത്രയോ സിനിമകൾ മിന്നിമറഞ്ഞു പോയി. സലിംകുമാർ തിരക്കുള്ള നടനും ദേശീയ അവാർഡ് ജേതാവുമായി. ഇപ്പോഴിതാ സലിംകുമാർ സംവിധാനം ചെയ്യുന്ന ‘ദൈവമേ കൈതൊഴാം K കുമാറാകണം ’ തിയറ്ററിലെത്തുമ്പോൾ ജയറാം അതിൽ നായക വേഷത്തിലെത്തുന്നു. 

ആ പഴയ കാലം 

‘ഞാൻ മിമിക്സ് പരേഡുമായി നടക്കുന്ന കോളജ് കാലം. ആലുവ ശാരികയുടെ നാടക ട്രൂപ്പിലെ കുറച്ചു ചേട്ടൻമാരുണ്ട്. അവർ നാടകത്തിനു പോകുമ്പോൾ എന്നെയും ഒപ്പം കൂട്ടും. അവരെല്ലാം മാർക്സിസ്റ്റ് പാർട്ടി അനുഭാവികളാണ്. എന്നോടു രാഷ്ട്രീയം പറഞ്ഞ് എന്നെ തോൽപ്പിക്കാനാണ് കൊണ്ടുപോകുന്നത്. നാടകത്തിലെ കർട്ടൻ കെട്ടലുകാരനുള്ള ചെറിയൊരു റോൾ മിക്കപ്പോഴും എനിക്ക് തരും. അൻപതു രൂപയും. അത്തരം യാത്രയിലെ അവരുടെ പ്രധാന ചർച്ചയായിരുന്നു മിമിക്രിയെ കളിയാക്കൽ. 

മിമിക്രി ഒരു കലാരൂപമല്ലെന്നും നാടകമാണ് വലിയ കലയെന്നും അവർ വാദിച്ചു. അങ്ങനെയിരിക്കെയാണ് അപരനിൽ ജയറാമിനെ നായകനാക്കി പത്മരാജന്റെ പ്രഖ്യാപനം വരുന്നത്. അന്നത്തെ ട്രൂപ്പ് വണ്ടിയിലെ മുഖ്യ ചർച്ച പത്മരാജനിതെന്തു പറ്റി എന്നതായിരുന്നു. ജീവിതത്തിൽ ഒരിക്കലും പരിചയപ്പെട്ടിട്ടുപോലുമില്ലാത്ത ജയറാമിനു വേണ്ടി ഞാൻ ധീരമായി വാദിച്ചു. ഇതൊരു തുടക്കമാണെന്നും മലയാള സിനിമയിൽ മിമിക്രിക്കാരുടെ കാലമാണ് വരുന്നതെന്നും ഞാൻ തട്ടിവിട്ടു. എന്റെ വാദം ജയിക്കാനായാണ് ഞാൻ ജയറാമിന്റെ സിനിമ ട്രക്കർ വിളിച്ച് നാട്ടുകാരുമായിപ്പോയിക്കണ്ടത് ’’– സലിംകുമാർ പറയന്നു. 

ഒരു രഹസ്യം 

‘‘എന്റെ ആദ്യ സിനിമയായ ‘ഇഷ്ടമാണ് നൂറുവട്ടം’ ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്നതാണ് സത്യം. അതിന്റെ ഡബ്ബിങ് മദ്രാസിൽ നടക്കുമ്പോൾ എന്റെ രൂപം കണ്ട് ഞാൻ മനസ്സിൽപ്പറഞ്ഞത് ‘നീയൊക്കെ ഈ തല്ലിപ്പൊളി ലുക്കുമായി ഒരു കാലത്തും സിനിമയിൽ രക്ഷപ്പെടില്ല’ എന്നായിരുന്നു. സിനിമ റിലീസായപ്പോൾ സഹോദരിയുടെ മകൻ രാജീവിനെ കാണാൻ വിട്ടു. അവനും വന്നു പറഞ്ഞു. കുഴപ്പമില്ല. പക്ഷേ, ലുക്ക് തീരെയില്ല എന്ന്. 

ജയറാം പറയുന്നത് 

സലിംകുമാറിന് ദേശീയ അവാർഡ് കിട്ടിയപ്പോൾ ജയറാം നേരിട്ടഭിനന്ദിക്കാൻ സലിമിന്റെ വീടായ ലാഫിങ് വില്ലയിലെത്തി. വീട്ടിൽ ചെല്ലുമ്പോൾ രാവിലെ മുതൽ കിട്ടിയ അഭിനന്ദനങ്ങളുടെ നടുവിൽ ചിരിച്ചുകൊണ്ടിരിക്കുകയാണ് സലിം. കയ്യിലൊരു ക്ലാവു പിടിച്ച ഷീൽഡുമുണ്ട്. പലതരം ഉപഹാരങ്ങൾ കണ്ടിട്ടുണ്ട്. ഇതെന്താണ് എന്നായി ജയറാം. 

സലിംകുമാർ സംഗതി വെളിപ്പെടുത്തി. രാവിലെ തന്നെ ഒരു കൂട്ടർ വന്നു. അവർക്ക് വിജയം ആഘോഷിക്കണം. കയ്യിൽ കാശില്ല. രണ്ട് സ്മോൾ അടിക്കാനുള്ള കാശും വേണം. സലിം അതു നൽകി. ബാറിലെത്തിയപ്പോൾ കാശു തികഞ്ഞില്ല. വീണ്ടും സലിമിനെ കാണാനെത്തി. അവർക്ക് ഒരു ഉപഹാരം വാങ്ങി നൽകണം അതിനും കാശു വേണം. അതും നൽകി. ആ ഉപഹാരമാണ് സലിമിന്റെ കയ്യിലിരിക്കുന്നത്. അടിച്ചു ഫിറ്റായപ്പോൾ അടുത്തു കണ്ട ആക്രിക്കടയിൽ നിന്ന് തരപ്പെടുത്തിയ തുരുമ്പിച്ച ഷീൽഡ്. 

വീണ്ടും സലിംകുമാർ 

‘‘എന്നെ മലയാളികൾ എക്കാലത്തും കൊമേഡിയനായാണ് കണ്ടത്. എന്നാൽ കൊമേഡിയനായ ഞാൻ സംവിധാനം ചെയ്ത സിനിമകൾ സീരിയസാകട്ടെ എന്നു തീരുമാനിച്ചു. ഇപ്പോൾ ‘ ദൈവമേ കൈതൊഴാം കെ കുമാറി’ലെത്തുമ്പോൾ ഞാൻ എന്റെ കോമഡികൾ വീണ്ടുംപുറത്തെടുക്കുന്നു. ഈ സിനിമയിൽ നല്ല തമാശയുണ്ടെന്ന് പ്രേക്ഷകർക്ക് വാക്കുകൊടുക്കാം. ഇതിലെ എന്റെ കഥാപാത്രത്തിന് ആരോടെങ്കിലും സാമ്യം തോന്നുന്നുവെങ്കിൽ അത് എന്റെ കുറ്റമല്ല എന്നും അറിയിച്ചു കൊള്ളുന്നു.