അത്തരം തലക്കനങ്ങൾ ഒന്നുമില്ലാത്ത ആളാണ് പ്രണവ്: അദിതി രവി

നടി അദിതി രവിയെ കാണുന്നവർക്കെല്ലാം ഒറ്റ ചോദ്യമേയുള്ളു. പ്രണവ് മോഹൻലാൽ ആളെങ്ങനെയാണ്, എല്ലാവരോടും മിണ്ടുമോ? പതിവു ചോദ്യമാണെങ്കിലും ഏറെ സന്തോഷത്തോടെയാണു പ്രണവിനൊപ്പം ആദിയിൽ അഭിനയിച്ചവരെല്ലാം ഈ ചോദ്യത്തെ നേരിടുന്നത്. ഈ ചോദ്യം കേൾക്കാൻ കഴിയുന്നതു ഭാഗ്യമാണെന്ന് അദിതി പറയുന്നു. കാരണം പ്രണവ് രണ്ടാമത്തെ ചിത്രത്തിൽ  അഭിനയിക്കുമ്പോൾ ഇത്തരം ചോദ്യമുയരാൻ സാധ്യത കുറവാണ്. ആദിയിൽ ഏതു ചെറിയ വേഷമായിരുന്നെങ്കിലും അദിതി സ്വീകരിക്കുമായിരുന്നു. മോഹൻലാലിന്റെ മകന്റെ ആദ്യ ചിത്രത്തിൽ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് അദിതിയിപ്പോൾ. 26നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 

പ്രണവ് മോഹൻലാൽ

പ്രണവ് വളരെ സിംപിളാണ്. എല്ലാവരോടും സംസാരിക്കും. മോഹൻലാലിന്റെ മകനാണെന്ന ചിന്ത ആ സെറ്റിലുള്ള എല്ലാവരുടെ മനസ്സിലുണ്ടാകുമെങ്കിലും പ്രണവിന് അങ്ങനെയൊരു തോന്നൽ തീരെയില്ല. അത്തരം തലക്കനങ്ങൾ ഒന്നുമില്ലാത്ത ആളാണ്. ഒപ്പം അഭിനയിക്കാൻ വളരെ കംഫർട്ടബിളാണ്. പുതുമുഖത്തിന്റെ ടെൻഷൻ എനിക്കുണ്ടെങ്കിലും പ്രണവ് നല്ല ആത്മവിശ്വാസത്തോടെയാണ് അഭിനയിക്കുന്നത്. മലയാളം നല്ല പോലെ പറയുമെങ്കിലും പ്രണവിന് മലയാളം വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്. സംശയമുള്ള വാക്കുകൾ പ്രണവ് ചോദിച്ചു മനസ്സിലാക്കും.

നായികയല്ല

ലെന, അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ, സിദ്ദീഖ് എന്നിങ്ങനെ ഒട്ടേറെ താരങ്ങളുള്ള ചിത്രമാണ് ആദി. പ്രണവിന്റെ അമ്മയായാണു ലെന  അഭിനയിക്കുന്നത്. ഞാൻ സുഹൃത്തായും. എല്ലാവർക്കും തുല്യ പ്രാധാന്യമുള്ള വേഷങ്ങളാണു ചിത്രത്തിലുള്ളത്. നായികയാണെന്നു പറയാൻ കഴിയില്ല. സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന അഞ്ജന എന്ന യുവതിയുടെ വേഷമാണു ഞാൻ െചയ്യുന്നത്.

അലമാര 

മിഥുൻ മാനുവൽ തോമസ് സംവിധാനം െചയ്ത അലമാരയാണ് ആദ്യം റിലീസായ ചിത്രം. ചെമ്പരത്തിപ്പൂവാണ് ആദ്യം അഭിനയിച്ച ചിത്രമെങ്കിലും ഇപ്പോളാണു റിലീസായത്. തൃശൂരാണ് സ്വദേശം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ നിന്നു ഡിഗ്രി കഴിഞ്ഞ ശേഷം മോഡലിങ് രംഗത്തേക്കു വന്നു. ഓഡിഷനിൽ പങ്കെടുത്തതോടെയാണ് അലമാരയിലേക്കു വാതിൽ തുറന്നത്. ആദിയുടെയും അലമാരയുടെയും ക്യാമറ ചെയ്തിരിക്കുന്നതു സതീഷ് കുറുപ്പാണ്. ആദിയിലേക്കും ഓഡിഷനുണ്ടായിരുന്നു. കാസ്റ്റിങ് ഡയറക്ടർ നരേഷാണ് ആദിയിലേക്കു വഴിതുറന്നത്. 

കുട്ടനാടൻ മാർപാപ്പ

കുഞ്ചാക്കോയുടെ നായികയായി കുട്ടനാടൻ മാർപാപ്പയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഒരു തമിഴ് ചിത്രത്തിന്റെയും ചർച്ച നടക്കുന്നുണ്ട്. പറയാറായിട്ടില്ല.