പ്രഖ്യാപനം കേട്ടപ്പോൾ കണ്ണിൽ ഇരുട്ടായി: ഇന്ദ്രൻസ്

കുമാരപുരത്തെ ‘കളിവീട്’ നിറയെ കളിചിരിബഹളങ്ങൾ. അഭിനന്ദനവുമായി എത്തുന്നവരെ ആലിംഗനും ചെയ്തും നന്ദിയറിയിച്ചും ഓടി നടക്കുകയാണു മികച്ച നടൻ‍. ‘ആളൊരുക്ക’ത്തിലൂടെ മികച്ച നടനായ ഇന്ദ്രൻസിന് മുന്നൊരുക്കങ്ങളൊന്നുമില്ല. 

പുരസ്കാരം പ്രതീക്ഷിച്ചോ

സത്യമായിട്ടുമില്ല. കഴിഞ്ഞപ്രാവശ്യമാണെങ്കിൽ ‘പാതി’, ‘പിന്നെയും’ എന്നീ സിനിമകളിലെ അഭിനയത്തിന് എന്തെങ്കിലും കിട്ടുമെന്നു വിചാരിച്ചു. അതിനു മുൻപു ‘മൺറോത്തുരുത്ത്’ എന്ന സിനിമ ഉണ്ടായിരുന്നു. ഇപ്രാവശ്യം തൊണ്ടിമുതലും ദൃക്സാക്ഷിയും പോലുള്ള സിനിമകൾ കിടക്കുകയല്ലേ? എങ്കിലും ‘ആളൊരുക്ക’ത്തിന്റെ കഥയും സംവിധാനവും നിർവഹിച്ച വി.സി.അഭിലാഷ് ഉൾപ്പെടെയുള്ളവർക്കു പുരസ്കാരം ലഭിക്കണേയെന്ന് ആഗ്രഹിച്ചു. 

അവാർ‌ഡ് സൂചന ഉണ്ടായിരുന്നോ

ബുധനാഴ്ച രാത്രി മുതൽ ചെറിയ പേടിതുടങ്ങി. ചാനലുകളിൽ നിന്നുവിളിച്ചിട്ടു നാളെ ഇവിടെ കാണുമോയെന്നൊക്കെ ചോദിച്ചപ്പോൾ... പ്രഖ്യാപനം കേട്ടപ്പോൾ കണ്ണിൽ ഇരുട്ടായി. ങേ! എനിക്കോ? ഫോൺ ബെല്ലടിച്ചുകൊണ്ടിരുന്നു. ഫോൺ പൊട്ടിത്തെറിച്ചാലോയെന്നു വിചാരിച്ച് അതു മോനെ ഏൽപ്പിച്ചു.

സിനിമയിലേക്കു വരുമ്പോൾ പുരസ്കാരം ആഗ്രഹിച്ചിട്ടുണ്ടോ

നടൻ... നടൻ... അതിനപ്പുറം ഒന്നും ചിന്തിച്ചിട്ടില്ല. ഇത് ഇപ്പോൾ അധികമായിപ്പോയി. നമ്മളുടെ രൂപം മനസ്സിലുണ്ടല്ലോ. പുരസ്കാരം ലഭിക്കാനുള്ള രൂപമൊക്കെയുണ്ടോയെന്നു ചിന്തിച്ചിട്ടുണ്ട്. എങ്ങനെയോ എന്റെ നടനിൽ മാറ്റം സംഭവിച്ചു. കഥാവശേഷൻ, ദൃഷ്ടാന്തം, രാമാനം, അടൂരിന്റെ സിനിമകൾ എന്നിവയാണ് എന്നെ മാറ്റിക്കളഞ്ഞത്.

ഗൗരവമേറിയ സിനിമകൾ ചെയ്യുമ്പോൾ

ഇത്തിരി പ്രയാസം തന്നെ. കഥാപാത്രത്തെക്കുറിച്ചു കേൾക്കുമ്പോൾ കണ്ടുപരിചയപ്പെട്ട ആരെയെങ്കിലും മനസ്സ് അന്വേഷിച്ചുകൊണ്ടിരിക്കും. ഒരാളെ കിട്ടിക്കഴിഞ്ഞാൽ പിന്നെ നൂലുപിടിച്ചപോലെ അങ്ങനെ പോകും. കോമഡി സിനിമയാണെങ്കിൽ തുള്ളിച്ചാടി നടക്കാം. പ്രയാസമാണെങ്കിലും സ്വന്തമായി ചെയ്യാനാകും. ഗൗരവവിഷയങ്ങളിൽ അതു പറ്റില്ലല്ലോ.

പുരസ്കാരത്തോടെ വലിയ നടനായില്ലേ

ഏയ് ‍ഞാൻ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോഴല്ലേ വിവരവും പക്വതയുമൊക്കെ വന്നുള്ളൂ. ഇതുവരെ കളിച്ചു നടന്നു. ഇനി അതൊന്നും പറ്റില്ലല്ലോ.