തിരക്കഥ വായിക്കാതെ സൗബിൻ തയാറായി; സക്കരിയ അഭിമുഖം

മലയാളിയെ അടുത്തകാലത്ത് ഇത്രയധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തൊരു സിനിമ വേറെയുണ്ടാകില്ല. അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും ജീവവായു നിറച്ച തുകൽപന്ത് പ്രേക്ഷകരുടെ ഇടനെഞ്ചിലേക്കാണ് നവാഗതനായ സക്കരിയ തൊടുത്തുവിടുന്നത്. നമ്മുടെ കാഴ്ചശീലങ്ങളെ അത് നവീകരിക്കുന്നു. മജീദിലെന്ന പോലെ നമ്മുടെ മനസ്സുകളിലും അത് മാറ്റത്തിന്റെ തിരിനാളമാകുന്നു. സ്നേഹിക്കുകയും കരുതുകയും ചേർത്തു പിടിക്കുകയും ചെയ്യുന്ന ഒരു ഉമ്മമനസ്സുണ്ട് ഈ സിനിമയ്ക്ക്. നൈജീരിയക്കാരാൻ സുഡു മലയാളിക്കു പ്രിയപ്പെട്ടവനാകുമ്പോൾ ലോകത്തെവിടെയും സ്നേഹത്തിന് ഒറ്റ ഭാഷയെയുള്ളുവെന്നു നാം തിരിച്ചറിയുന്നു. ലോക സിനിമയിലേക്ക് മലയാളത്തിന്റെ സ്പോട്ട് കിക്കായി മാറുന്നു സുഡാനി ഫ്രം നൈജീരിയ. സംവിധായകൻ സക്കരിയ മനസ്സു തുറക്കുന്നു, സുഡാനിയുടെ അണിയറക്കഥകളിലേക്ക്...

സ്പോർട്സ് ഡ്രാമകളും മലബാറിന്റെ കളിഭ്രാന്തുമൊക്ക പ്രമേയമായ ഒട്ടേറെ ഫുട്ബോൾ സിനിമകൾ വന്നിട്ടുണ്ട്, അതിൽ നിന്നെല്ലാം വഴിമാറി അതിജീവനത്തിന്റെയും സ്നേഹത്തിന്റെയും കഥ പറയാനാണ് സക്കരിയ ശ്രമിക്കുന്നത്

ഫുട്ബോൾ ഉള്ളതുകൊണ്ടു സംഭവിച്ച ഒരു സിനിമയാണെന്ന് ഇതെന്നു പറയുന്നതാകും കൂടുതൽ ശരി. ഇതൊരു സ്പോർട്സ് സിനിമയല്ല, മറിച്ച് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ചില ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഫാമിലി ഡ്രാമയാണ്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ് ഞാൻ. എന്റെ ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലും സെവൻസ് ഫുട്ബോൾ ഒരു ഹരമാണ്. സെവൻസ് ടൂർണമെന്റിൽ കളിക്കാനായി ഇവിടുത്തെ ലോക്കൽ ക്ലബ് മാനേജർമാർ ആഫ്രിക്കയിൽനിന്നു കളിക്കാരെ ഇറക്കുമതി ചെയ്യുന്നത് പതിവാണ്. 

എനിക്ക് ഒരു ക്ലബ് മാനേജർ സുഹൃത്ത് ഉണ്ട്. ഘാന, ലൈബീരിയ, നൈജീരിയ എന്നീങ്ങനെ പല ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ ഇറക്കുമതി ചെയ്യാറുണ്ട്. ആദ്യകാലത്ത് സുഡാനിൽ നിന്നുള്ള കളിക്കാരായിരുന്നു കൂടുതൽ. അതുകൊണ്ടുതന്നെ ഏതു രാജ്യത്തുനിന്നു വന്നാലും നാട്ടുകാർ അവരെ സുഡാനികളെന്നാണ് വിളിക്കുന്നത്. നമ്മുടെ ഗ്രാമങ്ങളിലെ വീടുകൾ വാടകയ്ക്ക് എടുത്താണ് ഈ കളിക്കാരെ പാർപ്പിക്കുന്നത്. ഇവിടെയുള്ളവർക്ക് വളരെ പരിചിതമായ മുഖങ്ങളാണ് അവർ. കളിക്കളത്തിനു പുറത്തുള്ള അവരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചു പിടിക്കാനാണ് സിനിമ ശ്രമിക്കുന്നത്.  ആഫ്രിക്കാരന്റെയോ മലപ്പുറംകാരന്റെയോ അല്ല, മനുഷ്യന്റെ കഥ പറയാനുള്ള എളിയ ശ്രമമാണിത്. 

ഒരു വിദേശതാരത്തെ കേന്ദ്രകഥാപാത്രമാക്കി, വയോധികരായ രണ്ടു ഉമ്മമാരെ നായികസ്ഥാനത്ത് നിർത്തി, നവാഗതനായ സംവിധായകൻ പതിവു കാഴ്ചശീലങ്ങളിൽ നിന്നു മാറി നടക്കുന്ന സിനിമയെടുക്കുന്നു. എട്ടിന്റെ പരീക്ഷണമായിരുന്നില്ലേ സുഡാനി ഫ്രം നൈജീരിയ? 

സത്യത്തിൽ ചെറിയൊരു ബജറ്റിൽ ചെറിയൊരു കാൻവാസിൽ ആൽഫാ ക്യാമറയൊക്കെ ഉപയോഗിച്ച് ഒരു സ്വതന്ത്ര സിനിമയായി ചെയ്യാനായിരുന്നു എന്റെ പദ്ധതി. രാജീവ് രവി സാറിന്റെ ബാനറിൽ ചെയ്യാൻ കഴിയുമോ എന്ന അന്വേഷണമാണ് സത്യത്തിൽ വഴിതിരിവായത്. സ്വതന്ത്രസിനിമയായി ചെറിയ കാൻവാസിൽ ചെയ്യാനുള്ള തീരുമാനത്തെ അദ്ദേഹം നിരുത്സാഹപ്പെടുത്തി. ചിത്രത്തിന്റെ വിതരണക്കാരനായ ഇ ഫോർ എന്റർടെയ്ൻമെന്റിലെ സാരഥിയെ പരിചയപ്പെടുത്തുന്നതും അദ്ദേഹമാണ്. ഹാപ്പി അവേഴ്സിന്റെ ബാനറിൽ സമീർ താഹിറും ഷൈജു ഖാലിദും ചേർന്നു സിനിമ നിര്‍മിക്കാൻ തയാറായി. സത്യത്തിൽ സംവിധായകന്റെ ധൈര്യമല്ല, മറിച്ച് നിർമാതാക്കളും വിതരണക്കാരുമാണ് ഇങ്ങനെയൊരു സിനിമ ചെയ്യാൻ ധൈര്യം കാണിച്ചതും വെല്ലുവിളി ഏറ്റെടുത്തതും. 

കമ്മട്ടിപ്പാടം ഒഴിച്ചു നിർത്തിയാൽ കൊമേഡിയൻ എന്ന ടാഗിൽ പരിമിതപ്പെട്ടു പോയ സൗബിൻ ഷാഹിറിന്റെ കയ്യിൽ മാനേജർ മജീദ് സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നോ?

സൗബിനെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയ തിരക്കഥയല്ല ഇത്. ഇ ഫോർ എന്റർടെയ്ൻമെന്റിലെ സാരഥിയാണ് സൗബിന്റെ പേരു നിർദേശിക്കുന്നത്. രാജീവ് രവി വഴിയാണ് സൗബിനെ ബന്ധപ്പെടുന്നത്. ആ സമയത്ത് അദ്ദേഹം ഹൈദരാബാദിലായിരുന്നു. അദ്ദേഹം  തിരിച്ചെത്തുമ്പോഴേക്കും സിനിമയുടെ നിർമാണ ജോലികൾ തുടങ്ങിയിരുന്നു. തിരക്കഥ പൂർണമായി വായിക്കാൻ സമയം ലഭിച്ചിരുന്നില്ല. ചിത്രത്തിന്റെ വൺലൈൻ മാത്രം കേട്ടിട്ടാണ് അദ്ദേഹം അഭിനയിക്കാൻ തയാറായത്. മലപ്പുറം ഭാഷ പഠിച്ച് അവതരിപ്പിക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അതിൽ നൂറു ശതമാനം വിജയിച്ചിട്ടില്ലെങ്കിലും അഭിനയത്തിലൂടെ ആ കുറവുകളെയൊക്കെ അദ്ദേഹം അപ്രസക്തമാക്കി.

സാമുവേൽ റോബിൻസനെ മലപ്പുറത്തുകാരുടെ സ്വന്തം സുഡുവാക്കി മാറ്റാനുള്ള ദൗത്യം ശ്രമകരമായിരുന്നോ?

സാമുവേലിനു 19 വയസ്സേ ഉള്ളുവെങ്കിലും അയാൾ വളരെയധിയം ടാലന്റുള്ള സമർഥനായ അഭിനേതാവാണ്. നൈജീരിയിലെ പ്രഫഷനൽ അഭിനേതാവാണ് അദ്ദേഹം. നല്ല ഐക്യു ഉള്ള വ്യക്തിയാണ്. സാമുവേലിനു വളരെ പെട്ടെന്ന് ഈ സിനിമ മനസ്സിലായി എന്നത് ഒരു പ്ലസ് പോയിന്റായി. സിനിമയെ അയാൾ പൂർണമായും ഉൾക്കൊണ്ടു. ഡയലോഗുകൾ ഇംഗ്ലിഷിൽ എഴുതിക്കൊടുത്തിരുന്നു. സൗബിനെക്കുറിച്ച് എടുത്തു പറയാതെ തരമില്ല. അദ്ദേഹത്തിലെ സംവിധായകന്റെ കഴിവും അനുഭവ സമ്പത്തും സിനിമയ്ക്കു ഗുണം ചെയ്തിട്ടുണ്ട്. സെറ്റിലൊരു പോസിറ്റീവ് എനർജിയുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. തമാശകൾ പറഞ്ഞ് ചിരിപ്പിച്ച് ഐസ് ബ്രേക്കിങ് നടത്തി എല്ലാവരെയും കംഫർട്ടബിളാക്കാൻ സൗബിനു കഴിഞ്ഞിട്ടുണ്ട്. അത് സാമുവേലിനെയും സഹായിച്ചിട്ടുണ്ട്. 

സാമുവേൽ സ്വപ്നം കാണുന്നതു പോലെ ഒരു ‘ബെറ്റർ വേൾഡ്’  എല്ലാവരും അർഹിക്കുന്നില്ലേ?

എല്ലാവരും ഒരു ബെറ്റർ വേൾഡ് സ്വപ്നം കാണുന്നവരല്ലേ. നമ്മുടെയൊക്കെ അകത്തു തന്നെയാണ് അങ്ങനെയൊരു മെച്ചപ്പെട്ട ലോകത്തിനു വേണ്ടിയുള്ള സമരം നടക്കുന്നത്. ഇവിടെ സാമുവേൽ മാത്രമല്ല, മാനേജർ മജീദും അതു സ്വപ്നം കാണുന്നുണ്ട്. അതെന്താണെന്നു നിർവചിക്കാൻ അവർക്കു കഴിയുന്നില്ലെന്നു മാത്രം. എല്ലാവരും അതിനു വേണ്ടിയുള്ള തിരച്ചിലാണ്. സത്യത്തിൽ മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ആ മെച്ചപ്പെട്ട ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷയും സ്വപ്നങ്ങളുമല്ലേ. 

ഓരോ കഥാപാത്രവും വളരെ റിയലിസ്റ്റിക്കാണ്. കാസ്റ്റിങ്ങിനായി ഏറെ സമയം ചെലവിട്ടിരുന്നോ? 

അഭിനേതാക്കളെല്ലാം പുതുമുഖങ്ങളായിരിക്കണം എന്നു നിർബന്ധമുണ്ടായിരുന്നു. അതേസമയം കഥാപാത്രത്തിന്റെ ആത്മാവിനെ ഉൾക്കൊണ്ട് തീവ്രത നഷ്ടപ്പെടാതെ സ്ക്രീനിലേക്ക് പകർത്താൻ കഴിവുള്ളവരും ആയിരിക്കണം. എനിക്കു കുറെക്കാലമായി പരിചയമുള്ള കൂട്ടുകാരും അയൽവാസികളും നാടകത്തിൽ ഒപ്പം പ്രവർത്തിച്ചവരുമൊക്കെയാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ആത്മാവായി മാറുന്ന ഉമ്മമാരെ കണ്ടെത്തുക ശ്രമകരമായിരുന്നു. അവരെ കണ്ടെത്താൻ എന്നെ സഹായിച്ചത് സുഹൃത്ത് അബു വളയംകുളമാണ്. അദ്ദേഹത്തോട് ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. അബു സന്തോഷത്തോടെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം ഒരു കാറും എടുത്ത് കോഴിക്കോടുള്ള പഴയകാല നാടകപ്രവർത്തകരുടെ വീടുകൾ കയറി ഇറങ്ങി. 

സാവിത്രി ശ്രീധരന്റെയും സരസ ബാലുശ്ശേരിയുടെയും മൊബൈൽ ഫൂട്ടേജുമായിട്ടാണ് അബു വന്നത്. എന്നാൽ ഇവർ സിനിമയ്ക്ക് അനുയോജ്യരാണെന്ന് പ്രൊഡക്‌ഷൻ ടീമിനെ എനിക്കു ബോധ്യപ്പെടുത്തണമായിരുന്നു. ഇരുവരേയും ഓഡിഷനു വിളിച്ചു. ഞങ്ങൾ നാടകപ്രവർത്തകരാണ് സിനിമ ശരിയാകുമെന്നു തോന്നുന്നില്ല എന്ന മട്ടിൽ ആത്മവിശ്വാസമില്ലാതെയാണ് അവർ സംസാരിച്ചത്. എന്റെ ആത്മവിശ്വാസവും അതോടെ നഷ്ടപ്പെട്ടു. എന്നാൽ അബു ധൈര്യം നൽകി. അവർക്കു തിരക്കഥ വായിക്കാൻ നൽകാൻ പറഞ്ഞു. അവന്റെ ചെറിയ പ്രായം മുതൽ കാണുന്ന നടിമാരാണ്, അവർക്ക് ഈ വേഷങ്ങൾ ഭംഗിയാക്കാൻ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അവൻ തീർത്തു പറഞ്ഞു. പിന്നീട് എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഇരുവരും സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. മിക്ക രംഗങ്ങളും ഒറ്റ ടേക്കിൽ അവർ ഓകെയാക്കി. കൂടെ അഭിനയിച്ചവരുടെ പിഴവു മൂലം മാത്രമാണ് ഒന്നിലേറെ ടേക്കുകൾ പോവേണ്ടി വന്നത്. സിനിമ കണ്ട് ഇറങ്ങുന്നവരും ഉമ്മമാരെ നെഞ്ചോടു ചേർക്കുന്നു. 

ഗരുഡൻ നൃത്തം അവതരിപ്പിക്കാൻ പശുവുമായി എത്തുന്ന നായരും മലപ്പുറത്തെ സംശയത്തോടെ നോക്കുന്ന സ്പെഷൽ ബ്രാഞ്ചുമൊക്കെ  പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്സാണല്ലോ?

ജീവിതത്തിലും സാഹിത്യത്തിലും സിനിമയിലുമൊക്കെ മതനിരപേക്ഷത പറയേണ്ടി വരുന്നതുപോലെയൊരു ഗതികേട് വേറെയില്ല. സിനിമയിൽ പണ്ടുമുതൽ പറഞ്ഞുവയ്ക്കുന്ന മതസൗഹാർദ ക്ലീഷേയിലേക്ക് സിനിമ വീണു പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെയൊരു തോന്നൽ ഉണ്ടെന്നു തോന്നിയ രംഗങ്ങളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. മനുഷ്യരുടെ സ്നേഹത്തെക്കുറിച്ചു പറയാനാണ് ശ്രമിച്ചത്. പരസ്പരം വർത്തമാനം പറഞ്ഞു ജീവിക്കുന്ന മനുഷ്യരുടെ ജീവിതം പകർത്താനാണ് ശ്രമിച്ചത്.

നൈജീരിയയിലേക്കോ ലൈബീരിയയിലേക്കോ അഞ്ചോ ആറോ ഫോൺ കോളുകൾ പോകുമ്പോഴേക്കും ആഫ്രിക്കൻ താരങ്ങളെ പാർപ്പിച്ചിരിക്കുന്ന മാനേജരും വീടുമൊക്കെ സ്പെഷൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലാകുന്നത് പതിവാണ്. എന്നാൽ മലപ്പുറത്തെ മാനേജർമാരെ സംബന്ധിച്ചിടത്തോളം അതൊന്നും ഒരു പ്രശ്നമേയല്ല. കളിയോടുള്ള ആവേശവും ഭ്രാന്തും കാരണം എത്ര റിസ്ക് എടുക്കാനും അവർ തയാറാണ്. വളരെ നിസ്സാരമായിട്ടാണ് അവർ അതിനെ പരിഗണിക്കുന്നത്. അവർക്ക് എല്ലാത്തിലും വലുത് ഫുട്ബോളാണ്. 

സിനിമയുടെ ഭൂമിക പ്രാദേശികമാണെങ്കിലും കൈകാര്യം ചെയ്യുന്ന വിഷയം സാർവലൗകികമാണ്. രാജ്യാന്തരമേളകളിലൂടെയും വിദേശ റിലീസിലൂടെയും ലോകസിനിമയ്ക്കു മുന്നിൽ സുഡാനിയെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമോ?

തീർച്ചയായിട്ടും ഉണ്ടാകും. 2004 മുതൽ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാറുണ്ട്. പല വിദേശ സിനിമകൾ കാണുമ്പോഴും അതിന്റെ ദേശത്തിനും സംസ്കാരത്തിനും അപ്പുറത്ത് അവ സംസാരിക്കുന്നത് ഹൃദയത്തിന്റെ ഭാഷായാണെന്നും പങ്കുവയ്ക്കുന്നത് മനുഷ്യരുടെ പ്രശ്നങ്ങളാണെന്നും തോന്നിയിട്ടുണ്ട്. മറ്റൊരു പ്രദേശത്തു നടക്കുന്ന ഒരു കഥ ഇത്ര കണ്ടു നമ്മളോട് എങ്ങനെ സംവദിക്കുന്നു എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. സുഡാനിയുടെ കഥ ലോകമെമ്പാടുമുള്ള, സിനിമയെ പ്രണയിക്കുന്ന പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിയും എന്നു തന്നെയാണ് പ്രതീക്ഷ. 

2010ൽ മനോരമ ഓൺലൈനിന്റെ മികച്ച മൊബൈൽ മൂവി മത്സരത്തിൽ പുരസ്കാരം സ്വന്തമാക്കിയ സക്കരിയ (ഫയൽ ചിത്രം)

ഭാഷ, ദേശം, ജാതി, മതം... ഇത്തരം സകല അതിർവരമ്പുകളെയും ഒരു തുകൽപന്തു കൊണ്ട് മറികടക്കുകയാണ് സക്കരിയ?

ഞാനൊരു ഫുട്ബോൾ കളിക്കാരനോ ആരാധകനോ അല്ല. ഫുട്ബോളിനോടുള്ള കൗതുകമാണ് എന്നെ സിനിമ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. വല്ലാത്ത സൗന്ദര്യമുള്ള കളിയാണത്. ഞാൻ കളിക്കളത്തിലെ കാര്യം മാത്രമല്ല പറയുന്നത്. ഒരു ഗ്യാലറിയിൽ കുറേ മനുഷ്യർ ഒരുമിച്ചിരുന്നു കളി കാണുന്നു, അടുത്തിരിക്കുന്നവർ പരസ്പരം കപ്പലണ്ടിയും മറ്റും പങ്കുവെക്കുന്നു. എന്തു മനോഹരവും ശക്തവുമായ കാഴ്ചയാണത്. ചില്ലറ അടിപിടികളൊക്കെ ഉണ്ടാകാറുണ്ട്. പരസ്പരം പിരിയുമ്പോഴേക്കും അതും മറക്കും. ഫുട്ബോളാണ് എല്ലാ അതിരുകൾക്കും അതീതമായി അവരെ ഒന്നിപ്പിക്കുന്നത്. ഫുട്ബോളിന്റെ ആ മാന്ത്രികത തന്നെയാണ് ഈ ചിത്രത്തിന്റെ ന്യൂക്ലിയസ്.