വളരെ മോശം അവസ്ഥയാണു പാർവതി നേരിട്ടത്: നസ്രിയ

ക്യാമറക്കു മുന്നിൽ നിന്നു മാറിനിന്ന നാലു വർഷത്തിനിപ്പുറവും  തന്നെ സ്നേഹിച്ചവരെല്ലാം  ഹൃദയം നൽകി കൂടെ തന്നെയുണ്ടെന്ന് അറിയുന്നതിന്റെ അത്യാനന്ദത്തിലാണു നസ്രിയ. ‘കൂടെ’യിലെ ജെന്നിയിലൂടെ മാറ്റമില്ലാത്ത കുസൃതികാറ്റായി നസ്രിയ വീണ്ടും  മലയാള സിനിമയിലെ തരംഗമാവുന്നു. വൻ തരംഗങ്ങൾ പലതുണ്ടായിട്ടും നാലു വർഷം സിനിമക്കു പുറത്തു നിന്ന നസ്രിയ തന്നെയാണ് ഇപ്പോഴും ഫെയ്സ്ബുക്കിൽ ഏറ്റവും കൂടുതൽപ്പേർ പിന്തുടരുന്ന മലയാളി അഭിനേതാവ്!  ‘കൂടെ’ വിജയിച്ചതിന്റെ  സന്തോഷത്തിൽ നസ്രിയ സംസാരിക്കുന്നു. 

ഫഹദും ദുൽഖറും പറഞ്ഞത് 

എന്നോടുള്ള ഇഷ്ടം കൊണ്ടാണോ എന്നറിയില്ല, കൂടെയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. ഇത്രയും നാൾക്കു ശേഷം വീണ്ടും സ്ക്രീനിൽ കാണാൻ കഴിഞ്ഞതിലുളള സന്തോഷമാണ്  ദുൽഖർ അടക്കം സിനിമ കണ്ട കൂടുതൽപ്പേരും പറഞ്ഞത്. 

ഞാൻ കഴിഞ്ഞ ദിവസം കൊച്ചിയിലെ മൾട്ടിപ്ലക്സിൽ പോയി കണ്ടു. എല്ലാവരും നന്നായി ആസ്വദിക്കുന്നുണ്ട്. ഷൂട്ടിന്റെ തിരക്കായതിനാൽ ഫഹദ് ഇതുവരെ കണ്ടിട്ടില്ല. 

നാലു വർഷത്തെ ഇടവേള പ്ലാൻ ചെയ്തതല്ല. കല്യാണത്തിനു ശേഷമുള്ള ജീവിതത്തിൽ സെറ്റിൽ ചെയ്യാൻ വേണ്ടിയുള്ള  ഇടവേള മാത്രമായിരുന്നു അത്. അതു ത്യാഗമൊന്നുമല്ല, വെറുതെയിരുന്നും  എനിക്ക് ഇഷ്ടമുള്ള മറ്റ് കാര്യങ്ങൾ ചെയ്തുമെല്ലാം ആസ്വദിച്ചു തന്നെയാണ് കടന്നു പോയത്. എനിക്ക് കംഫർട്ടായിട്ടുള്ളവർക്കൊപ്പം  സിനിമ ചെയ്യണമെന്നു തന്നെയായിരുന്നു ഫഹദ് പറഞ്ഞത്. പല സിനിമ ഓഫറുകളും വന്നിരുന്നു. പക്ഷേ അന്നേരമെല്ലാം മറ്റൊരു ജീവിതത്തിന്റെ  തിരക്കുകളിലായിരുന്നു. 

അദ്യമായി തിരക്കഥ വായിച്ചു 

ഏറ്റവും അടുത്ത സുഹൃത്തു കൂടിയാണ് അഞ്ജലി ചേച്ചി(സംവിധായിക അഞ്ജലി മേനോൻ). ബാംഗ്ലൂർ ഡേയ്സിനു  ശേഷം എന്നെപ്പോലെ ചേച്ചിയും മറ്റു സിനിമകളൊന്നും ചെയ്തിരിരുന്നില്ല. പുതിയ സിനിമയുടെ എഴുത്ത് ആരംഭിച്ചപ്പോൾ  എനിക്ക് റോൾ ഉള്ള കാര്യം പറഞ്ഞിരുന്നു. 

ഒടുവിൽ കൊച്ചിയിൽ വന്നപ്പോൾ കഥയും പറഞ്ഞു കേൾപ്പിച്ചു.  എന്നെക്കൊണ്ട് തിരക്കഥ പൂർണമായി വായിപ്പിച്ചു. ആദ്യമായാണ് ഞാൻ ഒരു സിനിമയുടെ തിരക്കഥ വായിക്കുന്നത്. വൺലൈൻ കേട്ട് ഇഷ്ടപ്പെട്ടാൽ സിനിമ ചെയ്യുന്നതായിരുന്നു എന്റെ രീതി. പിന്നെ ഷൂട്ടിനു ചെല്ലുമ്പോൾ  ഡയലോഗും വായിക്കും.   

ഇടവേളക്കു ശേഷം വീണ്ടും  അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും  ടൈമിങ് ഒക്കെ ശരിയാവുമോ എന്ന ചെറിയ ആശങ്കകളും ഉണ്ടായിരുന്നു. എന്നാൽ ഷൂട്ടിനു മുൻപ് ഊട്ടിയിൽ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരുമെല്ലാം പങ്കെടുത്ത ക്യാംപ് കഴിഞ്ഞതോടെ ആ ചിന്തയൊക്കെ പോയി. ഞാൻ മുൻപ് ചെയ്തപോലുള്ള  കുസൃതിയും രസികത്വവുമൊക്കെയുള്ള  കഥാപാത്രം തന്നെയാണ് ജെനിയും.  

പക്ഷേ ഒരു സസ്പെൻസ് കൂടിയുള്ളതിനാൽ വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതായിരുന്നു. ആ സസ്പെൻസ് സൂക്ഷിക്കാൻ സ്വാഭാവികമായും കൺവിൻസിങ്ങ് ആയും ജെനിയെ അവതരിപ്പിക്കാൻ ആയിരുന്നു തുടക്കം മുതൽ ശ്രദ്ധിച്ചത്. 

അടുത്ത സിനിമ? 

സിനിമയിലും പ്ലാനിങ് ഇല്ലാത്തയാളാണു ഞാൻ. കൂടെ റിലീസ് ആയ ശേഷം പുതിയ ഓഫറൊന്നും വന്നിട്ടില്ല. എന്നാൽ ഫഹദിനൊപ്പം അഭിനയിക്കുന്ന ഒരു സിനിമ പ്രോജക്ടിന്റെ ചർച്ചകൾ നടക്കുന്നുണ്ട്. ഫൈനലൈസ് ചെയ്ത ശേഷമേ കൂടുതൽകാര്യങ്ങൾ പറയാനാവൂ. എനിക്ക് ഇഷ്ടമായ സിനിമകൾ വന്നാൽ അഭിനയിക്കും. 

ഫഹദ് ഉൾപ്പടെ കുടുംബത്തിൽ  എല്ലാവരും സിനിമയുമായി ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ ഈ നാലു വർഷം സിനിമ എന്നത് എന്റെയും ജീവിതത്തിൽ നിന്നു പോയിരുന്നില്ല. ഏറെക്കാലമായി പരിചയമുള്ള അമൽ നീരദേട്ടന്റെ പുതിയ സിനിമയായ വരത്തനിൽ നിർമ്മാണ പങ്കാളിയായതും ഇതിനിടെയാണ്.  അഭിനയമാണ് കൂടുതൽ എളുപ്പമെന്നു മനസിലായത് അപ്പോഴാണ്. 

എങ്കിലും ദിവസവും കണക്കു നോക്കുന്ന, ബജറ്റ് ചുരുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന ഒരു പ്രൊഡ്യൂസറൊന്നുമായിരുന്നില്ല  ഞാൻ. അമലേട്ടനൊപ്പമായതിനാൽ  അക്കാര്യത്തിലും വളരെ കംഫർട്ടബളായിരുന്നു. ഷൂട്ടിങ് കഴിഞ്ഞു. ഓണത്തിന് ചിത്രം റിലീസ് ചെയ്യും. 

എല്ലാത്തിലും ഒരംശം ഞാനുണ്ട് 

ഏറെ സിനിമയിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും  ഇതുവരെ ചെയ്ത കഥാപാത്രങ്ങളിലെല്ലാം എന്റെ സ്വഭാവത്തിന്റെ  ചില അംശങ്ങളുണ്ട്. അതുകൊണ്ടാവും ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അതു ചെയ്യാനായത്. എന്നാൽ എന്നെ അടുത്തറിയുന്നവർ  ഏറ്റവും സാദൃശ്യമുണ്ടെന്നു പറഞ്ഞത് ഓം ശാന്തി ഓശാനയിലെ കഥാപാത്രമാണ്. 

ഡബ്ല്യുസിസിയിലേക്കില്ല 

അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ അംഗമാണെങ്കിലും  പ്രവർത്തനങ്ങളിൽ ഒട്ടും സജീവമല്ല. അതുകൊണ്ടു തന്നെ ഡബ്യുസിസി  പോലെ മറ്റൊരു സംഘടനയിൽ കൂടി ചേരുന്നതിലും  കാര്യമില്ല. 

ഡബ്ല്യുസിസിയിലുള്ള  അഞ്ജലി ചേച്ചിയും പാർവതിയും ഉൾപ്പടെയുള്ളവർ ഏറെ അടുപ്പമുള്ളവരായതിനാൽ അവരോടു  കാര്യങ്ങൾ പറയാൻ സംഘടനയുടെ ആവശ്യമുണ്ടെന്നു  തോന്നുന്നില്ല.  ഓരോ വിഷയങ്ങളിലുമുള്ള പിന്തുണയും വിയോജിപ്പുകളുമെല്ലാം അവരോട് പറയാറുണ്ട്. കൂടെയുടെ ഷൂട്ടിനിടെയും ഇത്തരം ഒത്തിരി കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചിട്ടുണ്ടായിരുന്നു. ;'

പക്ഷേ ഡബ്ല്യുസിസി പോലൊരു സംഘടന വളരെ നല്ലതാണ്. എല്ലാവർക്കും അവകാശങ്ങളുണ്ട്. അതു സംരക്ഷിക്കപ്പെടണം. ഡബ്ല്യുസിസിയും അമ്മയുംതമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായ ചർച്ചയിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. സിനിമയെടുക്കുമ്പോൾ  അമ്മ സിനിമ, ഡബ്ല്യസിസി സിനിമ എന്നില്ല. എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടവരാണ്. അതിനാൽ എല്ലാവരുടെയും  വികാരം മാനിച്ചുള്ള പ്രശ്ന പരിഹാരം ഉണ്ടാവുക തന്നെ വേണം. 

സൈബർ ആക്രമണം 

കൂടെയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണു പാർവതിക്കെതിരായ സൈബർ ആക്രമണം രൂക്ഷമാവുന്നത്. വളരെ മോശമായ  ഒരു അവസ്ഥയാണു നേരിടേണ്ടി വന്നത്. പക്ഷേ വളരെ കരുത്തുള്ള ഒരു വ്യക്തിത്വമാണ് പാർവതിയുടേത്. ഒരു പ്രൊഫഷണൽ എന്ന നിലയിൽ ഇതൊന്നും പാർവതിയെ ബാധിച്ചിട്ടേയില്ല. സൈബർ ആക്രമണങ്ങൾ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതല്ല. 

നമ്മളെ നമ്മളാക്കിയ ജനങ്ങളുടെ വാക്കുകളെ തീരെ അവഗണിക്കാനാവില്ല. അവരുടെ അഭിപ്രായങ്ങൾ കേൾക്കേണ്ടി വരും. ചോദ്യങ്ങളെ നേരിടേണ്ടി വരും. പക്ഷേ അഭിപ്രായ-വികാര പ്രകടനങ്ങൾക്കു തീർച്ചയായും അതിരു വേണം. അറിയപ്പെടുന്ന ആളുകളാവുമ്പോൾ നമ്മൾ പറയുന്ന ഒരോ വാക്കും ശ്രദ്ധിക്കപ്പെടും. ആ ജാഗ്രത നമുക്കും ആവശ്യമാണ്.