തൃശൂരിന്റെ ‘മുടി’യൻ പുത്രൻ; പുതിയ നായകൻ ചാർലി

തൃശൂർ ∙ ഇടതൂർന്ന നീണ്ട ചുരുളൻ മുടിയും കട്ടത്താടിയും തിളക്കമുള്ള കണ്ണുകളുമായി വെള്ളിത്തിരയിലേക്ക് തൃശൂർ സ്വദേശി ചാർലി രംഗപ്രവേശനം ചെയ്യുകയാണ്. ആരും മോഹിക്കുന്ന ഒരു തുടക്കവുമായി 27ന് ചാർലി കേരളത്തിലെ സിനിമാപ്രേമികൾക്കിടയിലെത്തും. ഒട്ടേറെ പുതുമുഖങ്ങളെ മലയാളിക്കു പരിചയപ്പെടുത്തിയ ബാലചന്ദ്ര മേനോന്റെ പുതിയ ‘എന്നാലും ശരത്’ എന്ന സിനിമയിലെ നായകനാണ് ചാർലി. മുഖ്യകഥാപാത്രമായ ശരത്തിനെ അവതരിപ്പിക്കുന്നത് ചാർലി ജോ എന്ന എൽത്തുരുത്തുകാരനാണ്. ചാർലിയുടെ വിശേഷങ്ങളിലേക്ക്..

മുടി രഹസ്യങ്ങൾ

എന്തിനാ മുടി നീട്ടി വളർത്തിയത് എന്ന് ഇനി ചാർലിയോട് ആരും ചോദിക്കില്ല. കാരണം ചാർലിക്ക് സിനിമാ ഭാഗ്യം കൊണ്ടുവന്നത് മുടിയാണ്. ‘നീണ്ട മുടിയാണ് എനിക്ക് സിനിമയിലേക്ക് അവസരം തന്നതെന്നു പറയാം. നീളമുള്ള മുടി ബാലചന്ദ്രൻ സാറിനും ഇഷ്ടമായി. കഥാപാത്രത്തിന് യോജിച്ച എന്റെ മുടിയും താടിയും എന്നെ തിരഞ്ഞെടുക്കാൻ കാരണമായെന്ന് ഞാൻ‍ വിശ്വസിക്കുന്നു.’ ചാർലി പറയുന്നു.  

‘എന്നാലും ശരത്’ സിനിമയെക്കുറിച്ച് 

ക്യാംപസ് പശ്ചാത്തലത്തിലുള്ള സിനിമയിൽ ശരത്തായിട്ടാണ് എത്തുന്നത്. സിനിമയിലെ ശരത്ത് വയലിനിസ്റ്റാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട സസ്പെൻസ് ത്രില്ലറാണ് സിനിമ. ഓഡിഷനിലൂടെയാണ് ഞാൻ എന്നാലും ശരത്തിലെത്തിയത്. കഴിഞ്ഞ വർഷം നവംബർ അഞ്ചിന് നടന്ന ഓഡിഷനിൽ ഇരുന്നൂറോളം പേർ പങ്കെടുത്തിരുന്നു. 

മറ്റ് സിനിമാ അനുഭവങ്ങൾ

നായകനായി ആദ്യത്തെ ചിത്രമാണ്. മുൻപ് ചില സിനിമകളിലൊക്കെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജൂനിയർ ആർട്ടിസ്റ്റായും അഭിനയിച്ചു. 2008–ൽ മകന്റെ അച്ഛൻ എന്ന സിനിമയിലെ ഓഡിഷനാണ് ആദ്യമായി പോയത്. 10 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയിൽ കലാസംവിധാനത്തിൽ അസിസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെ ചില സീരിയലുകളുടെയും ഭാഗമായിട്ടുണ്ട്. എൻജിനീയറിങ് ബിരുദമുണ്ട്. കിട്ടിയ ജോലി രാജിവച്ച് കഴിഞ്ഞ മൂന്നു വർഷമായി സിനിമയുടെ പിന്നാലെയാണ്. 

സിനിമ തന്നെ ജീവിതം 

സ്കൂളിലൊക്കെ പഠിക്കുമ്പോൾ നാടകം, മോണോ ആക്ട്, പ്രസംഗം തുടങ്ങിയ ഇനങ്ങളിലൊക്കെ പങ്കെടുക്കുമായിരുന്നു. സിനിമയോടുള്ള തീവ്രമായ ഇഷ്ടം തുടങ്ങുന്നത് എൻജിനീയറിങ് പഠനസമയത്താണ്. ഒറ്റയടിക്ക് സിനിമയിലെത്താൻ കഴിയില്ലെന്ന് അറിയാമായിരുന്നു. പിന്നെ ഹ്രസ്വ ചിത്രങ്ങളൊക്കെ ചെയ്തു സജീവമായി. നാടകപ്രവർത്തകനായ അച്ഛൻ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. 

അച്ഛനു ജോലിത്തിരക്കിനിടയിൽ സിനിമയുടെ പിന്നാലെ പോകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എന്നിലൂടെ ആ ആഗ്രഹം നടക്കുമ്പോൾ കുടുംബവും സന്തോഷത്തിലാണ്.

പുതിയ സിനിമാ ലോകത്തെക്കുറിച്ച്

കഴിവ്, ശുപാർശ, ഭാഗ്യം. ഈ മൂന്ന് കാര്യങ്ങൾ കൊണ്ടു സിനിമയിലെത്താൻ കഴിയുമെന്നാണു ഞാൻ വിശ്വസിക്കുന്നത്. ഭാഗ്യം മാത്രം കൊണ്ട് സിനിമയിൽ എത്താൻ പറ്റുമെങ്കിലും അധികനാൾ നിൽക്കാൻ പറ്റില്ല. കഴിവുള്ളവർ നിലനിൽക്കും. കഴിവിന്റെ പരമാവധി ശ്രമിച്ച് ഈ രംഗത്ത് നിൽക്കാൻ തന്നെയാണു തീരുമാനം.

ഈ മുടി മുറിക്കുമോ?

മുടി ജന്മനാ കിട്ടിയതല്ലേ? അതെപ്പോൾ വേണമെങ്കിലും വളരുമല്ലോ. വേറൊരു കഥാപാത്രമാവാൻ ഈ നീട്ടിവളർത്തിയ മുടിയും താടിയുമൊക്കെ മുറിക്കേണ്ടിവന്നാൽ മുറിക്കും. അതിൽ രണ്ടാമത് ആലോചിക്കാനൊന്നുമില്ല. മമ്മൂട്ടിയെ പോലുള്ള നടന്മാർ കഥാപാത്രമാവാൻ വേണ്ടി മൊട്ടയടിച്ചിട്ടില്ലേ? അതിലും വലുതൊന്നുമല്ലല്ലോ!

കുടുംബം

നാടകപ്രവർത്തകനായിരുന്ന എൽത്തുരുത്ത് മേലേത്ത് തണൽ വീട്ടിൽ ജോസിന്റെയും ആനിയുടെയും മകനാണ് ചാർലി. സഹോദരി നീതു ബിനറ്റ്.