മമ്മൂക്ക എന്ന പുണ്യം: രതീഷ് കൃഷ്ണൻ

മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികൾ ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കുമ്പോൾ അതില്‍ പ്രതിനായകനായി എത്തിയ രതീഷ് കൃഷ്ണനും ഇരട്ടിസന്തോഷത്തിലാണ്. ഏറ്റവും ഇഷ്ടപ്പെടുന്ന പ്രിയതാരത്തിനൊപ്പം ഒന്നിച്ചൊരു രംഗത്തിൽ അഭിനയിക്കാനാകുക, ആ ചിത്രം സൂപ്പർഹിറ്റായി മാറുക. മമ്മൂട്ടിയുടെ നല്ല മനസ്സുകൊണ്ടാണ് ഈ ചിത്രത്തിൽ താൻ എത്തിപ്പെട്ടതെന്ന് രതീഷ് പറയുന്നു.

നേരിട്ട് കാണാതെയോ പരിചയപ്പെടാതെയോ വെറും ഫോണിലൂടെയുള്ള ബന്ധത്തിലൂടെയാണ് മമ്മൂട്ടി, രതീഷിന് ഈ ചിത്രത്തിൽ അവസരം നൽകുന്നത്. ആ കഥ രതീഷ് തന്നെ പറയുന്നു.

‘ഒരു ദിവസം എനിക്ക് മമ്മൂക്കയുടെ പേഴ്സണല്‍ നമ്പര്‍കിട്ടി. ഞാനൊരു മെസ്സേജ് അയച്ചു.  ഈ വിവരം കൂട്ടുകാരോടൊക്കെ പറഞ്ഞപ്പോള്‍ അവരെന്നെ കളിയാക്കി. പക്ഷേ അടുത്തദിവസംതന്നെ എന്നെ തന്നെ ഞെട്ടിച്ച് മമ്മൂക്കയുടെ ഒരു മെസ്സേജ് മറുപടിയായി കിട്ടി. എനിക്കും അതൊരു അത്ഭുതമായി. കാരണം എത്രയോ മെസേജുകള്‍ കോളുകള്‍ നിത്യവും വരുന്ന ഒരാളാണ്’. 

‘സിനിമയില്‍ അഭിനയിക്കണമെന്ന എന്‍റെ മോഹത്തെക്കുറിച്ച് ഞാന്‍ മമ്മൂക്കയോട് പറഞ്ഞിട്ടുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ അദ്ദേഹം തന്നെ എന്നെ മലയാളസിനിമാ ഇൻഡസ്ട്രിയിലേയ്ക്ക് പരിചയപ്പെടുത്തുന്നത് സ്വപ്നം കണ്ടു. ഇക്കാര്യം ഞാൻ മമ്മൂക്കയ്ക്ക് മെസ്സേജ് അയച്ചു, ‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം’ എന്നായിരുന്നു എന്റെ സന്ദേശം. അതിനൊരു സ്മൈലി ആയിരുന്നു മമ്മൂക്കയുടെ മറുപടി’.

‘മുദ്ദുഗൗ എന്ന സിനിമയിൽ അക്കാലത്ത് ചെറിയൊരു വേഷം ചെയ്തിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഒത്തിരി വൈകിയില്ല. എനിക്കൊരു ഫോണ്‍കോള്‍ വന്നു. അബ്രഹാമിന്‍റെ സന്തതികളുടെ ലൊക്കേഷനിലെത്തണമെന്നായിരുന്നു ഫോണില്‍ പറഞ്ഞത്. ആരാണെന്നറിയില്ല, വിശ്വസിക്കാനും കഴിഞ്ഞില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ പോകാന്‍ തീരുമാനിച്ചു. ഞാന്‍ സന്തോഷം കൊണ്ട് കരഞ്ഞു. ഒന്നല്ല, അങ്ങനെയാണ് അബ്രഹാമിന്‍റെ സന്തതികളില്‍ വില്ലനായി ഞാനഭിനയിച്ചത്.

‘ഫൈറ്റ് സീനില്‍ മമ്മൂക്കയുടെ നെഞ്ചില്‍ ചവിട്ടി അഭിനയിക്കണമെന്ന കാര്യം സംവിധായകന്‍ പറയുമ്പോള്‍ ഉള്ളില്‍ ഭയമായിരുന്നു. മമ്മൂക്ക അതൊന്നും അനുവദിക്കില്ലെന്നും വളരെ അടുപ്പമുള്ളവരെയും ഇഷ്ടമുള്ളവരെയും മാത്രമെ ഫൈറ്റ് സീനില്‍ ദേഹത്തുപോലും തൊടീക്കാറുള്ളൂ എന്നൊക്കെ ആ സീന്‍ ഷൂട്ടുചെയ്യുന്നതിനുമുമ്പ് ആരൊക്കെയോ എന്‍റെ ചെവിയില്‍ മന്ത്രിച്ചുകൊണ്ടിരുന്നു. എല്ലാം കൂടി കേട്ടപ്പോള്‍ ആരാണ് ഭയന്നുപോകാത്തത്.’ 

‘മമ്മൂക്ക എന്‍റെ കാര്യത്തില്‍ എങ്ങനെയായിരിക്കും? ഇഷ്ടപ്പെടുമോ ആവോ? ഞാന്‍ മടിച്ചുമടിച്ചാണ് ആ ഷോട്ടില്‍ അഭിനയിക്കാനെത്തിയത്. റിഹേഴ്സല്‍ നടക്കുമ്പോള്‍ ആംഗ്യം കാണിച്ചുകൊണ്ടിരുന്ന എന്നോട് നെഞ്ചില്‍ ചവിട്ടാന്‍ പറഞ്ഞത് മമ്മൂക്ക തന്നെയാണ്. എല്ലാം മമ്മൂക്ക എന്ന പുണ്യമാണ്.’–രതീഷ് കൃഷ്ണന്‍ പറഞ്ഞു.