‘കണ്ണിന് കാണാൻ പോലും ഇല്ലാതിരുന്ന ഞാൻ’

ജീവിതത്തിൽ വളരെ അപൂർമായി മാത്രം ലഭിക്കുന്ന മഹാഭാഗ്യം. സ്വപ്നതുല്യമായ ആ ഭാഗ്യം ജീവിത്തില്‍ സംഭവിച്ചതിന്‍റെ ത്രില്ലിലാണ് നടൻ ഇന്ദ്രൻസ്. മികച്ച നടനുള്ള പുരസ്കാരം മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുക. ചടങ്ങിന് സാക്ഷിയായി സൂപ്പർതാരം മോഹൻലാലും മറ്റുള്ളവരും. വിവാദങ്ങൾ കയ്യടിക്കു വഴിമാറിയപ്പോൾ കേരളമൊന്നാകെ സന്തോഷിച്ചു. 

‘കണ്ണിന് കാണാൻ പോലും ഇല്ലാതിരുന്ന എന്നെ മികച്ച നടനാക്കിയില്ലെ, നിങ്ങളെ സമ്മതിക്കണം’ എന്ന ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞചിരിയോടെയും കയ്യടിയോടെയുമാണ് സദസ് സ്വീകരിച്ചത്. പുരസ്കാരദാന ചടങ്ങിൽ പങ്കെടുത്ത അനുഭവം ഇന്ദ്രൻസ് പങ്കുവയ്ക്കുന്നു.

പുരസ്കാരം ലഭിച്ച മുഹൂർത്തത്തെക്കുറിച്ച്?

ഒരുപാട് നാളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹമാണിത്. ഇതിനുമുമ്പ് അപ്പോത്തിക്കിരിയിലെ അഭിനയത്തിന് സ്പെഷ്യൽ  ജൂറി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പക്ഷെ, മികച്ച നടനുള്ള പുരസ്കാരത്തിന് വീണ്ടും കാത്തിരിക്കേണ്ടി വന്നു. കഥയും കഥാപാത്രവും ഒക്കെ ഒത്തുവന്നാലേ ഇത്തരമൊരു വേഷം ലഭിക്കൂ. ഇന്നലെ ശരിക്കും എന്താണ് സംഭവിക്കുന്നതെന്നുപോലും മനസിലാക്കാൻ പറ്റാത്ത മാനസികാവസ്ഥയിലായിരുന്നു ഞാൻ. ഒരു ഒഴുക്കിലങ്ങുപോയി എന്നു പറയേണ്ടിവരും. യാന്ത്രികമായിരുന്നു ഇന്നലെ എന്റെ പ്രവൃത്തികൾ എന്നുവേണം കരുതാൻ

മോഹൻലാലിന്റെ പ്രസംഗം?

ലാൽ സാറിന്റെ മനസ്സിലെ നന്മയാണ് ആ പ്രസംഗത്തിലൂടെ കാട്ടിയത്. പലസമയത്ത് പലതരത്തിലുള്ള വാക്കുകൾ പലരിൽ നിന്നുമുണ്ടായേക്കാം. അതെല്ലാം ആ ഒരു രോഷത്തിൽ നിന്നുണ്ടാകുന്നത്. പിന്നീട് ഒരുമിച്ചുകാണുമ്പോൾ ചിരിക്കും സംസാരിക്കും, പരസ്പരം ബഹുമാനിക്കും. ഇതാണ് മനുഷ്യരിലുള്ള നന്മ, അത് തന്നെയാണ് സിനിമയിലും.

ഇന്ദ്രന്‍സിനെപ്പോലെ അഭിനയിക്കാൻ ആയില്ലല്ലോ എന്ന് ലാൽ സാർ പറയുമ്പോൾ, അത് ആ ഒരു സിനിമയിലേ കഥാപാത്രമോ ആയി ബന്ധപ്പെട്ടിരിക്കും. നല്ല വേഷങ്ങൾ ലഭിച്ചാൽ മാത്രമേ നല്ല രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാനും കഴിയൂ. അപ്പോഴാണ് പുരസ്കാരങ്ങളും നിർണയിക്കപ്പെടുന്നത്. അതായിരിക്കും ലാൽസാർ ഉദ്ദേശിച്ചത്.

പുരസ്കാരദാന ചടങ്ങിനെച്ചൊല്ലിയുള്ള വിവാദങ്ങൾ വിഷമിപ്പിച്ചോ?

വിവാദങ്ങളുണ്ടായപ്പോൾ ശരിക്കും മനസു വിഷമിച്ചിരുന്നു. പ്രതിഷേധിച്ചവരെ ഒന്നും പുരസ്കാരചടങ്ങിന്റെ വേദിയിൽ കാണാനാകില്ലല്ലോ എന്നൊക്കെ ഒാർത്ത് ആധിയായി. എനിക്ക് മാത്രമേ ഇങ്ങനെ ആധിയുള്ളോ എന്നൊക്കെ ഞാൻ ‍ചിന്തിച്ചിരുന്നു. പക്ഷെ അവസാനം സമയമായപ്പോൾ എല്ലാം കെട്ടടങ്ങി, സന്തോഷമായി പര്യവസാനിച്ചു. എല്ലാവരുടെ മുഖത്തും ആ സന്തോഷം കാണാമായിരുന്നു

ഫാൻസുകാരെ തള്ളിപ്പറഞ്ഞത് കുഴക്കിയോ?

ശരിക്കും ഞാൻ അന്ന് പത്രസമ്മേളനത്തിനായി പോയതൊന്നുമല്ല. പാലക്കാട് സുഹൃത്തുക്കളോട് കുറച്ചു നേരം സംസാരിച്ചിരിക്കാം എന്നു കരുതിപ്പയതാണ്. അപ്പോഴാണ്, പത്രക്കാർ വന്ന് ഫാൻസ് അസോസിയേഷനുകളെപ്പറ്റി ചോദിക്കുന്നത്. ചോദ്യം ഇങ്ങനെയായിരുന്നു, ഫാൻസുകാർ വന്ന് മറ്റുള്ളവരുടെ ചിത്രങ്ങൾ കൂകിത്തോൽപ്പിക്കുന്നത് ശരിയാണോ എന്നായിരുന്നു ചോദ്യം. ഞാൻ പറഞ്ഞു അത് തെറ്റാണ്. ഫാൻസുകാരോടൊപ്പം വരുന്ന ഗുണ്ടകളെയാണ് ഞാൻ ഉദ്ദേശിച്ചത്. 

അവർ വന്ന് തീയറ്ററുകൾ തല്ലിപ്പൊളിക്കുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നത് ശരിക്കും ഫാൻസായിട്ടുള്ളവർക്ക് ഇത് ദോഷം ചെയ്യും. അവർ അറിയാതെയാണ് ഇത് സംഭവിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികൾ ഇത് മനസിലാക്കുമെന്ന് കരുതുന്നു, ഇതിൽ ഞാൻ മമ്മൂക്കയുടെ പേരോ ലാൽസാറിന്റെ പേരോ പറഞ്ഞിട്ടില്ല, പക്ഷെ പിറ്റേ ദിവസം ഇത് വലിയ വാർത്തയായി, ചർച്ചയായി. അതിൽപ്പിന്നെ എന്തെങ്കിലും പറയാൻ പേടിയാണ്– ഇന്ദ്രൻസ് പറഞ്ഞു നിർത്തി.