ബോളിവുഡ് ചിത്രത്തിന് ചെലവാകുന്ന തുക; രണം നിർമാതാവ് അഭിമുഖം

കേരളത്തിലെ പ്രളയകാലം കഴിഞ്ഞുള്ള അതിജീവനകാലത്ത് ഇറങ്ങിയ ആദ്യ ചിത്രമാണ് പൃഥ്വിരാജ് നായകനായ രണം. സിനിമയെ അഭിനിവേശമായിക്കാണുന്ന ഒരുകൂട്ടം ആളുകളുടെ സമ്മേളനം കൂടിയാണ് ഈ സിനിമ. ബോളിവുഡ് സിനിമകളെവെല്ലുന്ന സങ്കേതികമികവോടെ പുറത്തിറങ്ങിയ സിനിമയെക്കുറിച്ച് നിർമാതാവ് ബിജു തോമസ് സംസാരിക്കുന്നു. അമേരിക്കയിൽ വ്യവസായിയായ ബിജുവിന്റെ, ലോസൺ കമ്പനിയാണ് സിനിമ നിർമിച്ചിരിക്കുന്നത്.

അമേരിക്കയിലെ വ്യവസായി എങ്ങനെയാണ് മലയാളസിനിമ നിർമാതാവാകുന്നത്?

അമേരിക്കയിലാണെങ്കിലും മലയാളത്തോടും മലയാളസിനിമയോടുമുള്ള താൽപര്യം എപ്പോഴും മനസിൽ കാത്തുസൂക്ഷിച്ചിട്ടുണ്ട്. പത്തനംതിട്ടയാണ് എന്റെ നാട്. പണ്ടുമുതൽ തന്നെ സിനിമയോടുള്ള അടങ്ങാത്ത സ്നേഹമാണ് നിർമാതാവാകാൻ പ്രേരിപ്പിച്ചത്. 

ബിജു തോമസ്

പേരു സൂചിപ്പിക്കുന്നത് ക്രൈംത്രില്ലറാണോ രണം? 

ക്രൈം- ഡ്രാമ വിഭാഗത്തിൽ കഥ പറയുന്ന ചിത്രമാണ് രണം. ഡിട്രോയിറ്റ്‌ എന്ന അമേരിക്കൻ നഗരത്തിലാണു കഥ നടക്കുന്നത്. ഒരു കാലത്ത് ലോകത്തെ പ്രൗഢമായ ഓട്ടോമൊബീൽ വ്യവസായതലസ്ഥാനമായിരുന്ന ഡിട്രോയിറ്റ് ആഭ്യന്തരകലാപങ്ങളെ തുടർന്ന് ഒറ്റപ്പെടുകയും തുടർന്ന് അധോലോക സംഘങ്ങളും മയക്കുമരുന്നു മാഫിയകളും തഴച്ചു വളരുകയും ചെയ്തു. ശേഷമുള്ള ഡിട്രോയിറ്റ്‌ നഗരമാണ് കഥാപശ്ചാത്തലം. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ മാഫിയ ഗ്യാങ്ങുകൾ തമ്മിലുള്ള മൽസരത്തിന്റെയും കുടിപ്പകയുടെയും പകപോക്കലിന്റെയും കഥയാണ് രണം പറയുന്നത്. 

അമേരിക്കയിലെ ഷൂട്ടിങ്ങിനെക്കുറിച്ച്?

സിനിമയുടെ കൂടുതൽ ഭാഗവും അമേരിക്കയിൽതന്നെയായിരുന്നു ഷൂട്ടിങ്ങ്. കഥ ആവശ്യപ്പെടുന്ന ലൊക്കേഷനും അമേരിക്കയായിരുന്നു. നാട്ടിലേക്കാൾ ഷൂട്ടിങ്ങ് ചെലവേറിയതായിരുന്നു. എങ്കിലും വർഷങ്ങളായി അമേരിക്കയിലായിരുന്നതുകൊണ്ട് ഷൂട്ടിങ്ങ് ലൊക്കേഷനുകളെല്ലാം പരിചിതമായിരുന്നു. 

മലയാളികൾക്ക് ഒരു പുത്തൻ അനുഭവമാണ് രണം?

മലയാളത്തിൽ ഒരു ഹോളിവുഡ് രീതിയിലുള്ള ചിത്രം എന്നുള്ളത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് മലയാളികൾക്ക് പുതുമയുള്ള മേക്കിങ്ങ് രീതികൾ പരീക്ഷിച്ചത്. ഒരു ബോളിവുഡ് ചിത്രത്തിന് ചെലവാകുന്ന അത്രയും തുക തന്നെ രണത്തിനും ചെലവായിട്ടുണ്ട്. സങ്കേതികതയുടെ കാര്യത്തിലൊന്നും യാതൊരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. മികച്ച സാങ്കേതിക വിദഗ്ധരാണ് സിനിമക്ക് പിന്നിൽ പ്രവർത്തിച്ചത്.

പൃഥ്വിരാജിനെ തിരഞ്ഞെടുക്കാനുള്ള കാരണം?

രണം പോലെയൊരു സിനിമയിലെ കഥാപാത്രം പൃഥ്വിരാജിന്റെ കൈയിൽ ഭദ്രമായിരിക്കുമെന്ന് ഉറപ്പായിരുന്നു. ചെയ്യുന്ന സിനിമകളിൽ വ്യത്യാസം വേണമെന്ന് ആഗ്രഹിക്കുന്ന നടനാണ് പൃഥ്വിരാജ്. കഥ അദ്ദേഹത്തിന് ഇഷ്ടമായി. സിനിമയുടെ ഭാഗമാകുകയായിരുന്നു.