മലയാളത്തിൽ സഹനടനു നായകനാകാൻ തടസമില്ല: സൈജു കുറുപ്പ്

സൈജു കുറുപ്പ് സിനിമയിൽ സെഞ്ചുറിയുടെ വക്കിലാണ്.കരിയർ ഗ്രാഫിൽ 89 സിനിമകൾ. സെഞ്ചുറിയിലേക്കു 11 സിനിമകളുടെ ദൂരം മാത്രം.2005ൽ ഹരിഹരന്റെ മയൂഖത്തിലൂടെ മലയാളത്തിലെത്തിയ നടനാണു സൈജു കുറുപ്പ്. ആട് 2, 1983, ട്രിവാൻഡ്രം ലോഡ്ജ്, തരംഗം, വിമാനം, ക്യാപ്ടൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള അലമാര, ആൻമരിയ കലിപ്പിലാണ്..തുടങ്ങിയ ഒട്ടേറെ സിനിമകളിലെ ചെറുതും വലുതമായ വേഷങ്ങൾ. മലയാളത്തിൽ സജീവസാന്നിധ്യമായി മാറിയ സൈജു  സംസാരിക്കുന്നു. 

∙ഇവിടെ ഏത് ഐറ്റവും എടുക്കും

ട്രിവാൻഡ്രം ലോഡ്ജാണ് ബ്രേക്ക് നൽകിയ ചിത്രം.അതിലെ ഷിബു വെളളായണി എന്ന കഥാപാത്രം പ്രേക്ഷകർക്കു ഇഷ്ടമായി.അതിനു ശേഷമാണു അൽപം തമാശ കലർന്ന കഥാപാത്രങ്ങൾ വന്നു തുടങ്ങിയത്. കുടുംബപ്രേക്ഷകർക്കിടിയിൽ അംഗീകാരം ലഭിക്കാൻ അത്തരം കഥാപാത്രങ്ങൾ നല്ല പോലെ സഹായിച്ചു. ഇഷ്ടപ്പെടുന്ന സിനിമകളാണു ചെയ്യുന്നത്. മുൻപത്തേതിൽ നിന്നു വ്യത്യസ്തമായി മലയാളത്തിൽ ഒട്ടേറെ വ്യത്യസ്തമായ സിനിമകൾ വരുന്നുണ്ട്. ആ മാറ്റത്തിന്റെ ഭാഗമായാണു വ്യത്യസ്തമായ കഥാപാത്രങ്ങൾ കിട്ടുന്നത്. നേരത്തെ അങ്ങനെ ഒരു ഒാപ്ഷനില്ലായിരുന്നു. തുടക്കകാരൻ എന്ന നിലയിൽ നമ്മൾ പിടിച്ചു നിൽക്കാനായി വരുന്ന സിനിമകൾ‍ ചെയ്യുമായിരുന്നു. ഇപ്പോൾ ഒരുപാട് ഒാപ്്ഷനുകളുണ്ട്

∙സിനിമ ഫസ്റ്റ്

രണ്ടു വർ‍ഷം മുൻപു വരെ എന്റെ കഥാപാത്രം എന്താണെന്നു മാത്രം കേട്ടു സിനിമ ചെയ്തിട്ടുണ്ട്.പലപ്പോഴും രണ്ടോ മൂന്നോ ദിവസം മാത്രം ഷൂട്ടുളളപ്പോൾ മുഴുവൻ കഥ കേൾക്കാനും സമയം കാണില്ല.എന്നാൽ അത്തരമൊരു തിരഞ്ഞെടുപ്പു കൊണ്ടു കാര്യമില്ലെന്നാണു അനുഭവത്തിൽ നിന്നു മനസ്സിലായത്.സിനിമയെ മൊത്തമായി കാണണം.ഏതെങ്കിലും ഒരു കഥാപാത്രത്തിന്റെ മികവ് കൊണ്ടു സിനിമയെ അളക്കുന്നതിൽ അർത്ഥമില്ല.ഫൈനൽ പ്രൊഡക്ടാണു പ്രേക്ഷകർ കാണുന്നത്.സിനിമ കമ്മിറ്റ് ചെയ്യുന്നതിനു മുൻപു സംവിധായകനിൽ നിന്നോ തിരക്കഥാകൃത്തിൽ നിന്നോ കഥയുടെ ചുരുക്കമെങ്കിലും ഇപ്പോൾ ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. 

∙പുതിയ ചിത്രങ്ങൾ

ടി.പി.ഫെലിനി സംവിധാനം ചെയ്ത തീവണ്ടി ഇന്ന് റിലീസാകും. ചിത്രത്തിൽ ടൊവിനോയുടെ അളിയന്റെ വേഷമാണ്. സ്വന്തമായി പാർട്ടി രൂപീകരിച്ചു അതിൽ പ്രവർത്തിക്കുന്ന കഥാപാത്രമാണ്. ബിജു മേനോനൊപ്പം പടയോട്ടം എന്ന സിനിമയും വൈകാതെ തിയറ്ററിലെത്തും. അഞ്ചു കൂട്ടുകാർ ചേർന്നു തിരുവനന്തപുരം മുതൽ കാസർകോട് വരെയും തിരിച്ചും നടത്തുന്ന യാത്രയിലെ രസകരമായ നിമിഷങ്ങളാണ് സിനിമ. മനോജ് നായർ സംവിധാനം െചയ്യുന്ന വാർത്തകൾ ഇതുവരെയിൽ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷന്റെ കഥയാണു പറയുന്നത്. കോമഡിയും പ്രണയവുമെല്ലാം ഉളള സിനിമയാണത്. ബി. ഉണ്ണികൃഷ്ണൻ–ദിലീപ് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. 

∙വില്ലനാകണം

നെഗറ്റീവ് ഷെയ്ഡ് ഉളള ചില കഥാപാത്രങ്ങൾ നേരത്തെ ചെയ്തിട്ടുണ്ടെങ്കിലും മുല്ലയിലെ പോലെ മുഴുവൻ സമയ വില്ലൻ കഥാപാത്രം വീണ്ടും ചെയ്യണമെന്നാണ് ആഗ്രഹം.ഏറെക്കാലമായി പോസിറ്റീവ് വേഷങ്ങളാണു ചെയ്യുന്നത്.ഇടയ്ക്കൊരു മാറ്റം വേണമല്ലോ

∙തമിഴ് 

ജയം രവി നായകനായ തനിഒരുവനിൽ നല്ല വേഷമായിരുന്നു.പിന്നീട് തമിഴ് സിനിമ വന്നെങ്കിലും മലയാളത്തിലെ തിരക്ക് കാരണം നടന്നില്ല. നല്ല വേഷങ്ങൾ വന്നാൽ തീർച്ചയായു ചെയ്യും. ആദി ഭഗവാൻ, മറുപടിയും ഒരു കാതൽ, സിദ്ധു എന്നീ സിനിമകളാണു തമിഴിൽ ചെയ്തത്.പൊലീസ് വേഷങ്ങളായിരുന്നു കൂടുതൽ.

∙നായകൻ 

നായകനായാണു തുടങ്ങിയത്. പിന്നീട് സഹനടൻ വേഷങ്ങൾ കൂടതലായി കിട്ടി തുടങ്ങി. സഹനടൻ വലിയ റിസ്കില്ലാത്ത സംഭവമാണ്. ഹിറോയുടെ അത്രയും ഭാരിച്ച ഉത്തരവാദിത്തമില്ല. മലയാളത്തിൽ സഹനടനു നായകനാകാൻ തടസമില്ല. ഏതു വേഷവും ചെയ്യാൻ കഴിയുമെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാൻ.