പിണങ്ങിയാൽ മോഹൻലാൽ ‘രഞ്ജിത്ത്’ എന്നുവിളിക്കും, ഞാൻ ‘ലാൽ സാർ’ എന്നും

ഒട്ടും നാടകീയതയില്ലാത്ത ബന്ധമാണ് മോഹൻലാലും രഞ്ജിത്തും തമ്മിൽ. പക്ഷേ, കാണുന്നവർക്കു തോന്നും റിഹേഴ്സൽ നടത്തി അഭിനയിക്കുകയാണെന്ന്. ഒരു നോട്ടം കൊണ്ട് ഒരു സിനിമയോളം കാര്യങ്ങൾ ഇവർ കൈമാറും.    ഷൂട്ടിങ് കണ്ടു നിൽക്കുന്നവർക്ക് ഇതൊരു അൽഭുതമാണ്. ഒരിക്കൽ കൊച്ചിൻ ഹനീഫ ഇക്കാര്യം രഞ്ജിത്തിനോട് ചോദിച്ചു:  ‘‘എന്താണ് നിങ്ങൾക്കിടയിലെ ഈ ബന്ധത്തിന്റെ രഹസ്യം?’’ പത്മരാജന്റെ ‘‘കരിയിലക്കാറ്റുപോലെ’’ എന്ന ചിത്രത്തിലെ ഒരു ഡയലോഗായിരുന്നു ര‍ഞ്ജിത്തിന്റെ ഉത്തരം. ‘‘രക്തം രക്തത്തെ തിരിച്ചറിയുന്ന സൈലന്റ് കമ്യൂണിക്കേഷൻ’’.   ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘ഡ്രാമ’. ‘‘പേര് ഡ്രാമ എന്നാണെങ്കിലും നാടകീയത  തീരെയില്ലാത്ത സിനിമ’’ എന്ന് രഞ്ജിത്ത് പറയും.  

∙ബിഗ് ബജറ്റ് സിനിമകളുടെ ഇക്കാലത്ത് ഡ്രാമ പോലൊരു ചെറിയ ചിത്രത്തിന്റെ  പ്രതീക്ഷ എന്താണ്?

ഞാനൊരു ഉദാഹരണം പറയാം. ‘വിക്രം വേദ’ എന്ന നമ്പർ വൺ ആക്​ഷൻ ത്രില്ലറിലെ നായകനായ വിജയ് സേതുപതിയുടെ പുതിയ ചിത്രമാണ് ‘96’. ആദ്യത്തേത് ഞരമ്പുകളെ ത്രസിപ്പിക്കുന്ന ചിത്രമായിരുന്നെങ്കിൽ രണ്ടാമത്തേത് പതിഞ്ഞ താളത്തിൽ ഹൃദയത്തെ കീഴടക്കുന്ന ചിത്രമാണ്. രണ്ടിലും നായകൻ ഒരാൾ തന്നെ. രണ്ടും വലിയ വിജയങ്ങളാണ്.  മോഹൻലാലിന്റെ കരിയറിലും ഇങ്ങനെ സംഭവിച്ചിട്ടില്ലേ,  ‘രാജാവിന്റെ മകൻ’  സൂപ്പർ ഹിറ്റായ വർഷം തന്നെയാണ് ‘ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റും’ സൂപ്പർ ഹിറ്റായത്. 

ഒന്ന് അധോലോക രാജകുമാരന്റെ കഥയാണെങ്കിൽ മറ്റത് തൊഴിൽ തേടി അലയുന്ന ചെറുപ്പക്കാരന്റെ സങ്കടമാണ്.    ‘ടൈറ്റാനിക്കി’ന്  മാത്രമല്ല ‘ഹോം എലോൺ’ പോലുള്ള ചെറിയ ചിത്രങ്ങൾക്കും  ലോകത്ത് ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയും. നന്ദനം, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ഇന്ത്യൻ റുപ്പി എന്നിവ പോലെ ഒരു ചെറിയ ചിത്രമാണ് ഡ്രാമ. ജീവിതത്തിലെ ചെറിയ സന്ദർഭങ്ങൾ വലിയ ഭാരങ്ങളില്ലാതെ അവതരിപ്പിക്കാനാണ്  ശ്രമിക്കുന്നത്. കസേരയുടെ തുമ്പിലേക്ക് ഇറങ്ങിയിരുന്ന് ചങ്കിടിപ്പോടെ കാണേണ്ട ചിത്രമല്ല ഇത്; ചാരിയിരുന്ന് റിലാക്സ്ഡ് മൂഡിൽ അസ്വദിക്കേണ്ട ചിത്രമായിരിക്കും ഡ്രാമ. മോഹൻലാൽ മുഴുനീള ഹ്യൂമർ വേഷം അഭിനയിക്കുന്നു എന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. 

∙മോഹൻലാലിന്റെ ആരാധകർ ഇതാണോ രഞ്ജിത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്?

‘ദൃശ്യം’ എന്ന സിനിമയുടെ ഷൂട്ടിങ് തൊടുപുഴയിൽ നടക്കുന്ന സമയം. ഞാൻ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ‘‘എന്താ ചേട്ടാ’’ എന്നുപറഞ്ഞു കൊണ്ട് ഫോൺ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തിൽ വല്ലാത്തൊരു മാറ്റം എനിക്കു ഫീൽ ചെയ്തു. ലൊക്കേഷനിൽനിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് അന്റണി സംസാരിക്കുന്നത്.  ‘‘എന്തു പറ്റിയെടാ’’ എന്ന് ഞാൻ ചോദിച്ചു. ‘‘ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാൽസാറിനെ ഷാജോൺ ഇടിക്കുകയാണ്. അത് കണ്ടുനിൽക്കാൻ കഴിയുന്നില്ല.’’ എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിർമാതാവുകൂടിയാണ് ആന്റണി എന്നോർക്കണം. 

പക്ഷേ അതിനേക്കാളുപരി അവൻ മോഹൻലാലിന്റെ വലിയ ഫാനാണ്. ഈ ആരാധന ജീത്തു ജോസഫിനു തോന്നിക്കഴിഞ്ഞാൽ ‘ദൃശ്യം’ എന്ന സിനിമ ഉണ്ടാകില്ല. കഥാപാത്രങ്ങൾ സൃഷ്ടിച്ച് നടന്മാർക്ക് വെല്ലുവിളി ഉയർത്തേണ്ടവരാണ് സംവിധായകർ; അല്ലാതെ ആരാധകരാവേണ്ടവരല്ല.  എനിക്കുതോന്നുന്നത് മോഹൻലാലിനെയോ മമ്മൂട്ടിയെയോ ചലഞ്ച് ചെയ്യാൻ മലയാള സിനിമയ്ക്ക് ആയിട്ടില്ല എന്നാണ്. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാൽ, ഇതിലും വലിയ അൽഭുതങ്ങൾ സൃഷ്ടിക്കാൻ അവർക്കു കഴിയും. അവർക്കുമാത്രമല്ല അവർക്കു ശേഷം വന്ന നടന്മാർക്കും കഴിയും. 

∙മോഹൻലാലിന്റെ സംഭാഷണ രീതിക്ക് ഒരു താളമുണ്ട്. ആ താളത്തിന് കൃത്യമായി ഇണങ്ങുന്ന വിധത്തിലാണ് രഞ്ജിത്തിന്റെ സംഭാഷണങ്ങൾ. വ്യക്തിപരമായ അടുപ്പമാണോ അതിനു കാരണം.?

അത് ബോധപൂർവമല്ല. എന്റെ നായകൻ മോഹൻലാൽ ആണെന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ അങ്ങനെ സംഭവിച്ചുപോകുന്നതാണ്. മനസിൽ പറഞ്ഞുകൊണ്ടാണ് ഞാൻ സംഭാഷണം എഴുതുന്നത്. അത് മോഹൻലാൽ പറഞ്ഞാൽ എങ്ങനെയിരിക്കുമെന്ന് എനിക്കറിയാം. നിങ്ങൾ പറഞ്ഞ താളം അങ്ങനെ കയറി വരുന്നതാണ്.  മറ്റൊന്ന്,  ഷോട്ടിനു മുൻപ് ഞാൻ തന്നെയാണ് എന്റെ നടന്മാർക്ക് സ്ക്രിപ്റ്റ്  വായിച്ചുകൊടുക്കുന്നത്. കുത്തും കോമയുമൊക്കെ  കൃത്യമായി ഒബ്സർവ് ചെയ്യാൻ അവരെ അത് സഹായിക്കും. ദീർഘകാലത്തെ അടുപ്പവും സ്നേഹവുമൊക്കെ അതിനൊരു കാരണമാവാം. പുതിയ തലമുറയിലെ ഒരാൾക്കു വേണ്ടി  ഇത്രയും കൃത്യമായി എഴുതാൻ പറ്റിയെന്നു വരില്ല. 

  

∙പക്ഷേ, ലൊക്കേഷനിൽ നിങ്ങൾ തമ്മിൽ പിണങ്ങാറുണ്ടെന്നും കേട്ടിട്ടുണ്ട്.

 ലാൽ ഒരു സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുന്നത് അദ്ദേഹം ആ സിനിമയെ സ്നേഹിക്കുന്നതുകൊണ്ടാണ്. അങ്ങനെ സ്നേഹിച്ചു കഴിഞ്ഞാൽ കഥാപാത്രത്തിനുവേണ്ടി എന്തു ത്യാഗത്തിനും  തയാറാവും. എന്നാൽ, ലാലിന്റെയുള്ളിൽ ഒരു ചെറിയ കുട്ടിയുണ്ട്. വളരെ സെൻസിറ്റീവ് ആണ് ആ കുട്ടി. അങ്ങനെയൊരു കുട്ടി എന്റെയുള്ളിലും ഉണ്ടാവാം. അതുകൊണ്ട് ഞങ്ങൾ തമ്മിൽ കുട്ടികളെപ്പോലെ തല്ലുകൂടാറുണ്ട്. 

ഡ്രാമയുടെ ലണ്ടനിലെ ലൊക്കേഷനിലും ഞങ്ങൾ പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട്. സാധാരണ  ‘അണ്ണാ’ എന്നാണ് ലാൽ എന്നെ വിളിക്കാറ്. ഞാൻ തിരിച്ച് ‘അണ്ണാച്ചി’ എന്നും.  പിണങ്ങിക്കഴിഞ്ഞാൽപ്പിന്നെ രഞ്ജിത്ത് എന്നേ അദ്ദേഹം വിളിക്കൂ. ഞാൻ അപ്പോൾ ‘ലാൽ സാർ’ എന്നായിരിക്കും വിളിക്കുക. ലാൽ എന്നെ അപൂർവമായേ രഞ്ജീ എന്നു വിളിക്കാറുള്ളു. അത് സ്നേഹം കൂടി നിൽക്കുമ്പോഴാണ്. വളരെ സ്വകാര്യമായി ഞാനും ലാലു എന്നു വിളിക്കാറുണ്ട്; അതും സ്നേഹം കൂടുമ്പോൾ മാത്രം.  

∙ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നത് അരുന്ധതി നാഗ് എന്ന നടിയാണല്ലോ; മലയാളത്തിൽ പറ്റിയ നടിമാർ ഇല്ലാതിരുന്നതുകൊണ്ടാണോ ഇവരെ കാസ്റ്റ് ചെയ്തത്.?

ഒരിക്കലുമില്ല. ഈ കഥാപാത്രം മനസിൽ വന്നപ്പോഴേ അവർക്ക് അരുന്ധതി നാഗിന്റെ മുഖമായിരുന്നു.  ഇന്ത്യയിലെ തന്നെ മികച്ച  തിയറ്റർ ആർട്ടിസ്റ്റുകളിൽ ഒരാളാണ് അവർ. ഹിന്ദി–കന്നഡ–സിനിമകളിലും നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഡ്രാമയിലെ വേഷം വളരെ മനോഹരമായാണ് അവർ അഭിനയിച്ചിരിക്കുന്നത്. അവർക്കുവേണ്ടി ഡബ് ചെയ്തിരിക്കുന്നത് നടി മുത്തുമണിയുടെ അമ്മ ഷെർളി സോമസുന്ദരമാണ്. അവരും ഒരു ഡ്രാമ ആർട്ടിസ്റ്റാണ്. രണ്ടുപേരുടെയും ശബ്ദത്തിലും സംഭാഷണ രീതിയിലും തോന്നിയ സാമ്യം ഞങ്ങളെ അൽഭുതപ്പെടുത്തിക്കളഞ്ഞു. 

∙നാലു സംവിധായകർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ടല്ലോ? 

രൺജി പണിക്കരും ദിലീഷ് പോത്തനും ഇതിനകം നടന്മാരായി പേരെടുത്തവരാണ്. ശ്യാമപ്രസാദും ജോണി ആന്റണിയുമാണ് മറ്റു രണ്ടുപേർ. കഥാപാത്രങ്ങളായി അത്ര പരിചിതമല്ലാത്ത ചില മുഖങ്ങൾ വേണമെന്നു തോന്നിയതുകൊണ്ടാണ് അവരെ വിളിച്ചത്. 

∙‘96’ കഴിഞ്ഞ് വിജയ് സേതുപതി വീണ്ടും ചില ആക്​ഷൻ ചിത്രങ്ങളിലേക്കാണ് പോയത്. തിയറ്ററുകളെ ഇളക്കിമറിക്കുന്ന പടങ്ങളുമായി ഇനിയും  രഞ്ജിത്ത് എന്ന സംവിധായകൻ വരുമോ?

അങ്ങനെയൊരു പടം ഇനി ചെയ്യില്ല എന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ല. പക്ഷേ, ഇപ്പോൾ എന്റെ മനസിൽ അതില്ല.