സ്ലീവ്‌ലെസ് എനിക്ക് ചേരില്ല, ഗ്ലാമർ വേഷങ്ങൾ ചെയ്യും: ഐശ്വര്യ രാജേഷ്

ജോമോന്റെ സുവിശേഷങ്ങളിലൂടെ ദുൽഖർ സൽമാന്റെ നായികയായി മലയാളത്തിൽ അരങ്ങേറിയ തമിഴ് പേശും പെൺകൊടി ഐശ്വര്യ രാജേഷിനു കേരളമെന്നാൽ റൊമ്പ പുടിക്കും. 2018ൽ തമിഴിലെ ഭാഗ്യ നായിക കൂടിയായിരുന്നു ഐശ്വര്യ. മണിരത്നത്തിന്റെ ചെക്കചിവന്തവാന, ധനുഷിന്റെ വടാചെന്നൈ എന്നിവ സൂപ്പർഹിറ്റായി മാറി. ഐശ്വര്യ പ്രധാനവേഷത്തിൽ അഭിനയിച്ച ‘കനാ’യും മികച്ച വിജയം നേടി. കേരളത്തിലും ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. സിനിമാ വിശേഷങ്ങളുമായി ഐശ്വര്യ രാജേഷ് മനോരമ ഓൺലൈനിൽ...

കനാ

മലയാളത്തിൽ രണ്ടു പടത്തിൽ അഭിനയിച്ചു. ജോമോന്റെ സുവിശേഷങ്ങൾ, സഖാവ്. വളരെ നാളുകൾക്കു ശേഷം വീണ്ടും എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം. 2018 ൽ ആദ്യത്തെ ആറു മാസം ഒരു പടവും റിലീസിനെത്തിയിരുന്നില്ല. കഴിഞ്ഞ വർഷത്തെ ആദ്യ സിനിമയാണ് ലക്ഷ്മി. പത്തു വയസ്സുള്ള ഒരു കുട്ടിയുടെ അമ്മ ആയിട്ടാണ് അതിൽ അഭിനയിച്ചത്. എ എൽ വിജയിയുടെ സംവിധാനത്തിൽ പ്രഭുദേവയോടൊപ്പം ആണ് അതിൽ അഭിനയിച്ചിരിക്കുന്നത്. സാമി 2 ചിയാൻ വിക്രത്തിനൊപ്പം ഒരു ചെറിയ വേഷം, അതിനു ശേഷം മണിരത്നം സാറിനൊപ്പം ചെക്കചെവന്ത വാനം, അതൊരു ബ്ലോക്ബസ്റ്റർ ഹിറ്റായിരുന്നു. പിന്നീട് ധനുഷിനൊപ്പം വടചെന്നൈ അതും വലിയൊരു ഹിറ്റായി.

2018ൽ അവസാനം ചെയ്ത ചിത്രമാണ് കനാ. ഇത് എന്റെ വലിയൊരു പ്രോജക്ടാണ്. ഫീമെയിൽ കാരക്ടർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം. സിനിമയ്ക്കായി ഒരുപാട് കഷ്ടപ്പെട്ടു. എന്റെ മാത്രമല്ല ഞങ്ങളുടെ ഒരു ടീമിന്റെ മുഴുവൻ കഠിനാദ്ധ്വാനം ചിത്രത്തിന് പിന്നിലുണ്ട്. ഞങ്ങളുടെയെല്ലാം വലിയൊരു സ്വപ്നമാണ് കനാ എന്ന ഈ ചിത്രം.

നയൻതാരയോട് നന്ദി

സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നല്ല കഥകൾ ഒന്നുരണ്ടു വർഷമായി സിനിമയിൽ വരുന്നുണ്ട്. നയൻതാരയിൽ നിന്നാണ് ഇതിനൊരു തുടക്കമുണ്ടായത്. എന്നെപ്പോലുള്ള പുതുമുഖങ്ങൾക്കെല്ലാം അവരിൽ നിന്നാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള പ്രചോദനം വരെ ലഭിച്ചത്. അതിന് ഞാൻ അവരോട് നന്ദി പറയുന്നു.

അതേ പോലെതന്നെ ജ്യോതികയും തൃഷയുമൊക്കെ സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളായിട്ടുള്ള ഒരു പാട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ബോളിവുഡിൽ നായിക പ്രാതിനിത്യമുള്ള ഒരുപാട് സിനിമകൾ വരുന്നുണ്ട്. പ്രേക്ഷകരും അതിനെ പ്രോത്സാഹിപ്പിക്കുന്നു. നായികമാർക്കും നല്ല പിന്തുണയാണ് ഇൻഡസ്ട്രിയിൽ നിന്നും ലഭിക്കുന്നത്. കങ്കണ, രാധിക ആപ്തെ, പ്രിയങ്ക ചോപ്ര, ദീപിക, സോനം കപൂർ, അനുഷ്ക, കരീന അങ്ങനെ എത്രപേർ. പികു, പിങ്ക് അങ്ങനെ ഒരുപാട് ചിത്രങ്ങളും.

എന്തുകൊണ്ട് തെന്നിന്ത്യൻ സിനിമകളിൽ അങ്ങനെയുള്ള ചിത്രങ്ങൾ കുറച്ച് മാത്രം സംഭവിക്കുന്നു. ഭാവിയിൽ സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കിയുള്ള സിനിമകൾ പ്രതീക്ഷിക്കുന്നു. കനാ ഇപ്പോൾ തമിഴ്നാട്ടിൽ വലിയൊരു ഹിറ്റാണ്. അതുപോലെ അറം, കൊലമാവ് കോകില, കാട്രിൻ മൊഴി തുടങ്ങിയ നല്ല ചിത്രങ്ങളും ആളുകൾ ഏറ്റെടുത്തിരുന്നു.

ആദ്യം നിവിനൊപ്പം

മലയാളത്തിൽ ഞാൻ ആദ്യം ചെയ്ത സിനിമ നിവിൻ പോളിക്കൊപ്പം ആയിരുന്നു. പക്ഷേ റിലീസ് ആയത് ദുൽഖറിനൊപ്പം ചെയ്ത ചിത്രവും. മലയാളത്തിലെ വലിയ താരങ്ങൾക്കൊപ്പം ആദ്യത്തെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. എല്ലാവർക്കും കിട്ടുന്ന ഒരു ഭാഗ്യമല്ല അത് .അതുപോലെ സത്യൻ അന്തിക്കാട് സാറിന്റെ ഒപ്പം ഒരു സിനിമ ചെയ്യാൻ പറ്റിയതിൽ വലിയ സന്തോഷം ഉണ്ട്. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു.

അദ്ദേഹം വളരെ ക്ഷമയുള്ള ആളാണ്. എനിക്ക് മലയാളം തീരെ അറിയില്ല. ചില സീനൊക്കെ പത്ത് ടേക്കു വരെ എടുത്താണ് ചെയ്തത്. അപ്പോഴൊക്കെ ഒരു ചെറിയ കുട്ടിയോട് പറഞ്ഞു തരുന്നതുപോലെ അദ്ദേഹം എനിക്ക് മനസ്സിലാക്കി തന്നു. അങ്ങനെ തന്നെയായിരുന്നു ദുൽഖർ സൽമാനും‍. മലയാളസിനിമയിലെ വലിയൊരു താരം. ആദ്യത്തെ രണ്ടു മൂന്നു ദിവസങ്ങളിൽ ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. എനിക്ക് മലയാളം അറിയില്ലാത്തതിനാൽ ആദ്യത്തെ ദിവസങ്ങളില്‍ കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പിന്നീട് ഞങ്ങളൊരുമിച്ചുളള ആദ്യ സീനെടുത്ത ശേഷം അദ്ദേഹം എന്നോട് സംസാരിച്ചു. ഇത്രയും ഡൗൺ ടു എർത്തായിട്ടുള്ള ഒരു വ്യക്തിയെ ഞാൻ കണ്ടിട്ടില്ല. താരജാഡകളൊന്നും ഇല്ലാത്ത ഒരാളാണദ്ദേഹം.

സഖാവിലേയ്ക്ക് എത്തിയത്

കാക്കമുട്ടൈ എന്ന ചിത്രം കണ്ടാണ് സംവിധായകൻ സിദ്ധാർത്ഥ് ശിവ എന്നെ സഖാവിലേയ്ക്ക് കാസ്റ്റ് ചെയ്യുന്നത്. സിദ്ധാർത്ഥ് സാർ എന്നെ ഫോണിൽ വിളിച്ച് സ്ക്രിപ്റ്റ് പറഞ്ഞു തന്നു. പക്ഷേ എനിക്ക് ഒന്നും മനസ്സിലായില്ല. അപ്പോൾ ജോർജ് സി. വില്യം (തമിഴിലെ ക്യാമറാമാനാണ്) പറഞ്ഞു ‘ഐശ്വര്യ ഇത് നല്ലൊരു സ്ക്രിപ്റ്റാണെന്നും നഷ്ടപ്പെടുത്തരുതെന്നും.’ കൂടാതെ കഥയുടെ ഏകദേശ പ്രമേയവും ജോർജ് വിശദീകരിച്ചു തന്നു. സിദ്ധാർഥിന്റെ രണ്ട് സിനിമകൾക്കും ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നരേഷൻ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് സഖാവിലേയ്ക്കെത്തന്നത്.

കനായിലെ കഥാപാത്രം

കനാ എന്നാൽ ഒരു വനിതാ ക്രിക്കറ്ററുടെ കഥയാണ്. എനിക്ക് ക്രിക്കറ്റ് അറിയില്ലായിരുന്നു. ഈ സിനിമയിൽ എന്റെ കഥാപാത്രം ഒരു ബൗളറുടേതാണ്. ബൗളിങ് പഠിക്കാൻ 65–75 ദിവസത്തോളം പ്രാക്ടീസ് ചെയ്യേണ്ടി വന്നുനമുക്ക് ഒട്ടും അറിയാത്ത ഒരു കാര്യം പഠിച്ച് ചെയ്യുക എന്നത് വ്യത്യസ്തമായ അനുഭവമായിരുന്നു. വനിതാ ക്രിക്കറ്റ് താരങ്ങളായ മിതാലി രാജ്, സ്മൃതി മന്ദാന ഇവരൊക്കെ പ്രചോദനമായി.

ശിവയാണ് താരം

ഇങ്ങനെയൊരു ചിത്രം നിർമിക്കാൻ തീരുമാനിച്ച ശിവകാർത്തികേയനെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹത്തിന് വേണമെങ്കിൽ കൊമേഴ്സ്യൽ അല്ലെങ്കിൽ ആക്‌ഷൻ സിനിമ ചെയ്യാമായിരുന്നു. സംവിധായകനായ അരുൺ രാജ് ഒരുപാട് നിർമാതാക്കളെ പോയി കണ്ടു. എന്നാൽ സ്ത്രീകേന്ദ്രീകൃതമായിരുന്നതിനാൽ ഇങ്ങനെ ഒരു സിനിമ വലിയ റിസ്ക് ആകുമെന്നായിരുന്നു പലരും പറഞ്ഞത്. പക്ഷേ ശിവ ധൈര്യപൂർവം കനായുടെ നിർമാണം ഏറ്റെടുത്തു.

ശിവ നല്ലൊരു നിർമാതാവാണ്. എല്ലാവർക്കും തുല്യ പ്രാധാന്യമാണ് അദ്ദേഹം നൽകിയത്. 25 േപര് വന്നാലും ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസം ഒരുക്കും. എല്ലാവരുടെയും കാര്യങ്ങൾ കൃത്യമായി നോക്കി എല്ലാം നന്നായി ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇനിയും ശിവ ഇതുപോലുള്ള നല്ല സിനിമകൾ ചെയ്യണം. ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹം എനിക്ക് ഒരു പാട് കാര്യങ്ങൾ പറഞ്ഞുതന്നിട്ടുണ്ട്. എനിക്ക് ക്രിക്കറ്റ് ഒട്ടും അറിയില്ല. നല്ല ഗൈഡൻസ് തരാൻ അദ്ദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്ത് നല്ലൊരു എക്സ്പീരിയൻസായിരുന്നു.

ഗ്ലാമര്‍ വേഷങ്ങളോട്

ഗ്ലാമർ റോളുകൾ ചെയ്യുന്നത് തെറ്റാെണന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് ചേരുന്ന റോൾ അതിൽ ഗ്ലാമർ ഉണ്ടെങ്കിലും ഞാൻ ചെയ്യും. പക്ഷേ എനിക്ക് യോജിച്ചതല്ലെങ്കിൽ ഞാൻ ചെയ്യില്ല. ഗ്ലാമർ വേഷങ്ങൾ ചെയ്താലേ സിനിമയിൽ പിടിച്ചു നിൽക്കാൻ പറ്റൂ എന്ന തോന്നലൊന്നും എനിക്കില്ല. കഥയുടെ പ്രാധാന്യം അറിഞ്ഞാകും വേഷങ്ങൾ തിരഞ്ഞെടുക്കുക.

ഞാൻ ഇപ്പോൾ തെലുങ്കിലും ഹിന്ദിയിലും സിനിമ ചെയ്യുന്നുണ്ട്. അതൊന്നും ഗ്ലാമർ േവഷങ്ങളല്ല, എല്ലാം ശക്തമായ റോളുകളാണ്. കഥാപാത്രം മികച്ചതാണെങ്കിൽ ഗ്ലാമർ ഉണ്ടെങ്കിലും ഞാൻ തീർച്ചയായും ചെയ്യും. അങ്ങനെ ചെയ്യുന്നത് എന്റെ കരിയറിനെ ബാധിക്കുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് നല്ലതെന്ന് തോന്നുന്ന ചേരുന്ന വേഷങ്ങൾ ഞാൻ ചെയ്യും. എനിക്ക് എന്ത് ചേരുമെന്ന് എനിക്ക് നന്നായി അറിയാം.

സ്ലീവ്‌ലെസിൽ അല്ലെങ്കിൽ ഷോര്‍ട്സ് ധരിച്ച് കഥാപാത്രം ചെയ്യാൻ എനിക്ക് ആകില്ല, കാരണം അത് എനിക്ക് ചേരില്ല. ആ ബോധ്യം എനിക്കുണ്ട്. പിന്നെ ഞാനെന്തിന് അത്തരം വസ്ത്രങ്ങള്‍ ധരിക്കണം. എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിക്കും അതും ആ കഥാപാത്രത്തിന് അനുസരിച്ച്. ഇപ്പോൾ എനിക്ക് ലഭിക്കുന്ന വേഷങ്ങളിൽ പൂർണതൃപ്തയാണ്. അമ്മ വേഷമാണെങ്കിലും സ്കൂൾ കുട്ടിയുടേതാണെങ്കിലും ഞാൻ റെഡി. കാക്കമുട്ടൈയിൽ രണ്ടു കുട്ടികളുടെ അമ്മയായിരുന്നു. കനായിൽ 15 വയസ്സു മുതൽ 25 വയസ്സുവരെയുള്ള കഥാപാത്രമാണ്. ഇതൊന്നും എന്നെ ബാധിക്കുന്നതേയില്ല. കഥാപാത്രമാണ് പ്രധാനം.