കിങ് ഖാനെ മലർത്തിയടിച്ച് 200 കോടി കടന്ന് കെജിഎഫ്

കെജിഎഫ് എന്ന കന്നഡ ചിത്രം ചരിത്രമാകുകയാണ്. യുവതാരം യാഷ് നായകനായ സിനിമ മൂന്നാം വാരം പിന്നിട്ടിട്ടും നിറ‍ഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കോളാറിലെ സ്വർണ്ണഖനിയുടെ കഥ പറയുന്ന ചിത്രത്തിന് കേരളത്തിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഹിന്ദി ബെൽറ്റുകളിലും അതിശയിപ്പിക്കുന്ന നേട്ടമാണ് കെജിഎഫ് സ്വന്തമാക്കിയതെന്ന് നിരീക്ഷകര്‍ പറയുന്നു.

‌ഒരു കന്നഡചിത്രത്തിന് ഇതുവരെ ലഭിക്കാത്തത്ര സ്വീകാര്യതയാണ് കെജിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ 200 കോടി കടന്നു. ചിത്രത്തിൻറെ ഹിന്ദി പതിപ്പ് 40 കോടിയോടടുക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. അവധിക്കാലത്ത് ബോളിവു‍ഡ് താരങ്ങളുടെ മത്സരം മറികടന്നാണ് യാഷ് ചിത്രത്തിൻറെ നേട്ടമെന്നും വിലയിരുത്തലുണ്ട്.‌ ഷാരൂഖിന്റെ സീറോയ്ക്ക് അടി പതറിയ സ്ഥലത്താണ് യാഷ് വെന്നിക്കൊടി പാറിച്ചത്. 

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാർ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്.