കേരളത്തിൽ ‘വിശ്വാസ’ത്തിന് വമ്പൻ റിലീസ്; എത്തുന്നത് ഇരുന്നൂറോളം തിയറ്ററുകളിൽ

കേരളത്തിൽ വമ്പൻ റിലീസിനൊരുങ്ങി തമിഴ് സൂപ്പർതാരം അജിത്തിന്റെ ‘വിശ്വാസം’. കേരളത്തില്‍ മാത്രം ഇരുന്നൂറോളം തിയറ്ററുകളിലാണ് ചിത്രം നാളെ റിലീസിനെത്തുന്നത്. പ്രമുഖ നിർമാതാവ് ടോമിച്ചൻ മുളകുപാടമാണ് ‘വിശ്വാസം’ േകരളത്തിൽ വിതരണത്തിനെടുത്തിരിക്കുന്നത്.

സൂപ്പർ ഹിറ്റായി മാറിയ 2.0 ക്കു ശേഷം മുളകുപാടം ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് വിശ്വാസം. രജനിയുടെ പേട്ടയും നാളെയാണ് റിലീസ്. ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്.

‘തല’ അജിത്ത് ഇരട്ടഗെറ്റപ്പിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. നയന്‍താരയാണ് ചിത്രത്തില്‍ നായികാവേഷം ചെയ്യുന്നത്. ബില്ല, ഏകന്‍, ആരംഭം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം.അജിത്തിന്റെ മകളായി മലയാളിതാരം അനിഘ എത്തുന്നു.