ചന്തപ്പെണ്ണ് എന്ന വിളിപ്പേര് ഒരു കോംപ്ലിമെന്റാണ്: റിമ കല്ലിങ്കൽ

ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകൾ ജാതി പറഞ്ഞു വിളിക്കുന്നതിനു സമാനമായേ തോന്നിയിട്ടുളളുവെന്ന് നടി റിമ കല്ലിങ്കൽ. അതൊരു കോംപ്ലിമെന്റായാണ് സ്ത്രീയെന്ന നിലയിൽ എടുക്കുന്നതും. ഏതൊരു കാര്യത്തിനും മുന്നിട്ടിറങ്ങുന്ന, മെനക്കെട്ടു പണിയെടുക്കുന്ന സ്ത്രീകൾ െപാതുവെ കേൾക്കുന്ന പഴിയാണ് ഇതെന്നും അതിനാൽ വിഷമം തോന്നുന്നില്ലെന്നും റിമ തിരുവനന്തപുരത്ത് സൂര്യ ഫെസ്റ്റിവല്ലിൽ പറഞ്ഞു. 

ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുളള വിളിപ്പേരുകളെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നത്. ശബരിമല വിഷയം കത്തി നിൽക്കുമ്പോൾ ഞങ്ങൾ അശുദ്ധകളാണ് എന്ന് സ്വയം പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ സ്ത്രീകളുടെ കാഴ്ച വേദനിപ്പിച്ചു. സാമൂഹികസാസ്കാരിക വിഷയങ്ങൾ വരുമ്പോൾ സ്ത്രീകൾ ഇന്നും മുഖ്യധാരയിൽ നിന്നും മാറ്റി നിർത്തപ്പെടുന്നു. വനിതാമതിൽ സംഘടിപ്പിച്ച സമയത്ത് കോട്ടയത്ത് കേട്ട ഒരു നർമ്മുണ്ട്. വനിതാമതിൽ പങ്കെടുത്ത വീട്ടിൽ കയറി വരുന്ന ഭാര്യയോട് ഭർത്താവ് പറയുകയാണ് ഒരു ചായയെടുക്കാൻ. കേരളത്തിലെ നവോത്ഥാനം എവിടെയെത്തി നിൽക്കുന്നുവെന്നതാണ് അത് സൂചിപ്പിക്കുന്നതെന്നും റിമ പരിഹസിച്ചു.  

കുലസ്ത്രീകൾ ഫെമിനിച്ചികൾ എന്നീ ടാഗുകളോട് തനിക്കു പ്രശ്നമുണ്ടെന്ന് നേരത്തെ തന്നെ റിമ വ്യക്തമാക്കിയിരുന്നു. ജനിച്ചു വളര്‍ന്ന സാഹചര്യം അനുസരിച്ച് എല്ലാവര്‍ക്കും അവരവരുടേതായ വിശ്വാസങ്ങള്‍ ഉണ്ടായിരിക്കും. ഞാന്‍ ആരെയും കുറ്റപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഈ സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ കൃത്യമായി സംവദിച്ച് നമുക്ക് മുന്‍പോട്ട് പോകാം– റിമ പറഞ്ഞു.