സ്ക്രീനിലെത്താതെ ആ സ്വപ്നം

ദൈവത്തിന്റെ വികൃതികൾക്ക് ശേഷം എന്റെ ഒരു കഥ കൂടി സിനിമയാക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ലെനിൻ രാജേന്ദ്രൻ മടങ്ങുന്നത്. ഒടുവിൽ കണ്ടപ്പോഴും ‍‍‍ഞങ്ങൾ ചർച്ച ചെയ്തത് സിനിമയാക്കാൻ പറ്റിയ കഥയെക്കുറിച്ചായിരുന്നു. ന്യൂഡൽഹിയിൽ ഞാൻ ജോലി ചെയ്യുന്ന കാലത്താണ് ലെനിൻ രാജേന്ദ്രനുമായി സൗഹൃദത്തിലാകുന്നത്. ഡൽഹിയിൽ വരുമ്പോഴെല്ലാം അദ്ദേഹം എന്നെക്കാണാൻ എത്തുമായിരുന്നു. അത്തരമൊരു കൂടിക്കാഴ്ചയിലാണ് ദൈവത്തിന്റെ വികൃതികൾ എന്ന നോവൽ സിനിമയാക്കാമെന്ന ആശയം പിറന്നത്.

അത്രയും വലിയൊരു നോവൽ ഒരു സിനിമയുടെ ചട്ടക്കൂടിൽ ഒതുങ്ങുമോയെന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ, ആ ആശങ്കകളെല്ലാം അദ്ദേഹം പരിഹരിച്ചു. സംശയങ്ങൾ തീർന്നതോടെ എന്റെ നോവൽ‌ ലെനിൻ രാജേന്ദ്രനെ വിശ്വസിച്ച് ഏൽപിക്കുകയായിരുന്നു. പക്ഷേ, അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ‍ഞങ്ങൾ തമ്മിൽ ചില തർക്കങ്ങളുണ്ടായി.

കഥയിൽ അൽഫോൻസച്ചൻ തടിച്ചുവീർത്ത ഒരു മനുഷ്യനാണ്. എന്നാൽ, ആ കഥാപാത്രത്തിനായി കണ്ടെത്തിയതു രഘുവരനെയാണ്. ഇത് ഞാൻ‌ എതിർത്തെങ്കിലും രഘുവരൻ തന്നെ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മെലിഞ്ഞുനീണ്ട രഘുവരൻ ആ കഥാപാത്രം എങ്ങനെ ചെയ്തിട്ടുണ്ടാകുമെന്ന് ഓർ‌ത്ത് സിനിമ കാണുന്നതു വരെ എനിക്കു നെഞ്ചിടിപ്പായിരുന്നു. എന്നാൽ, കണ്ടുതീർന്നപ്പോൾ അദ്ഭുതപ്പെട്ടുപോയി. ആ കഥാപാത്രത്തെ അയാൾ അത്ര മനോഹരമാക്കിയിരുന്നു.

എല്ലാ അർഥത്തിലും വിജയിച്ച സിനിമയായിരുന്നു ദൈവത്തിന്റെ വികൃതികൾ. എന്റെ നാലു കഥകൾ സിനിമയായിട്ടുണ്ട്. അതിൽ ഏറ്റവും മനോഹരമായിട്ടുള്ളത് ലെനി‍ൻ രാജേന്ദ്രന്റെ കയ്യൊപ്പു പതിഞ്ഞ ദൈവത്തിന്റെ വികൃതികളാണ്. അതുകൊണ്ടു തന്നെയാണ് ലെനിൻ രാജേന്ദ്രനുമായി ചേർന്ന് വീണ്ടുമൊരു സിനിമ ആലോചിച്ചു തുടങ്ങിയത്.