മോഹൻലാലിന് വില്ലനോ; മരക്കാറിലെ സുനിൽ ഷെട്ടിയുടെ ലുക്ക് പുറത്ത്

പ്രിയദര്‍ശന്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിലെ സുനില്‍ ഷെട്ടിയുടെ ലുക്ക് പുറത്ത്. മുടി നീട്ടി പടച്ചട്ട അണിഞ്ഞുനിൽക്കുന്ന താരത്തിന്റെ ചിത്രമാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നത്. നേരത്തെ മരക്കാരായി എത്തുന്ന മോഹൻലാലിന്റെ ലുക്കും റിലീസ് ചെയ്തിരുന്നു.

സുനില്‍ ഷെട്ടിയ്ക്ക് കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഹേര ഫേരി’യാണ്. മലയാളചിത്രമായ ‘റാംജിറാവു സ്പീക്കിംഗി’ന്റെ ഹിന്ദി റിമേക്കായിരുന്നു ഈ ചിത്രം . തുടര്‍ന്ന് നിരവധി പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ സുനില്‍ ഷെട്ടി അഭിനയിച്ചു. പ്രിയദര്‍ശന്റെ മലയാളചിത്രമായ ‘കാക്കക്കുയിലി’ലും അതിഥി വേഷത്തില്‍ സുനില്‍ ഷെട്ടിയെത്തിയിരുന്നു. ‘ദേ ദനാ ദന്‍’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്.

പ്രണവ് മോഹൻലാൽ ആണ് മരക്കാരിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്. പ്രിയദർശന്റെ മകൾ കല്യാണി, കീർത്തി സുരേഷ് എന്നിവരും അഭിനയിക്കുന്നു. മഞ്ജു വാരിയര്‍ ആണ് നായിക.

തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം ഫിലിം സിറ്റിയിലും ബാക്കി ഭാഗങ്ങള്‍ ഊട്ടി, രാമേശ്വരം എന്നിവിടങ്ങളിലും ചിത്രീകരിക്കും. ആന്റണി പെരുമ്പാവൂര്‍, സി.ജെ റോയ്, സന്തോഷ് കുരുവിള എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കള്‍.