‘കാരവാനിൽ സ്ഥലമില്ലെങ്കിൽ പ്രണവ് നിലത്ത് ഇരിക്കും’

പ്രണവ് മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് സായ ഡേവിഡ്. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് സായ നായികയായി എത്തുന്നത്. പ്രണവിന്റെ വിനയം മറ്റുള്ളവർ കണ്ടുപഠിക്കണമെന്നും നല്ലൊരു വ്യക്തിത്വത്തിനുടമയാണ് പ്രണവെന്നും സായ പറയുന്നു...

കണ്ടു പഠിക്കണം പ്രണവിനെ

സിനിമയുടെ ഷൂട്ടിങിന് മുമ്പുള്ള പരിശീലനക്കളരിയിലാണ് പ്രണവിനെ ആദ്യമായി കാണുന്നത്. ആദ്യം കാണുമ്പോൾ ‍ഞങ്ങൾ രണ്ടുപേർക്കും അൽപം ടെന്‍ഷൻ ഉണ്ടായിരുന്നു. എന്നാൽ ഒന്നുരണ്ടുദിവസം കഴിഞ്ഞപ്പോൾ നല്ല സുഹൃത്തുക്കളായി. വ്യക്തി എന്ന നിലയിൽ കുറേകാര്യങ്ങൾ അപ്പുവിന്റേതായി മനസ്സിലാക്കാൻ കഴിഞ്ഞു. അധികമൊന്നും സംസാരിക്കാത്ത ആളാണ് അപ്പു. എന്നാൽ അടുപ്പം കൂടിയാൽ രസികനുമാണ്.

ചിലപ്പോൾ ഭക്ഷണം കഴിക്കാൻ നമുക്ക് ഇടമില്ലെങ്കിൽ അപ്പു തന്നെ എഴുന്നേറ്റ് വന്ന് നമ്മളോട് ഇരിക്കാൻ പറയും. കാരവാനിൽ സ്ഥലമില്ലെങ്കില്‍ നിലത്തുപോയി ഇരിക്കും. സത്യത്തിൽ നമ്മള്‍ കണ്ടുപഠിക്കേണ്ടതാണ് പ്രണവിന്റെ വിനയം. സൂപ്പർതാരത്തിന്റെ മകനാണോ ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന് തോന്നിപ്പോകും. അത്രയ്ക്ക് പാവമാണ് അപ്പു.

പ്രണവിന്റെ സർഫിങ്

ചിത്രീകരണം തുടങ്ങുന്നതിന് മുമ്പേ ബാലിയിൽ പോയി അപ്പു സർഫിങ് പഠിച്ചു. ഏകദേശം ഒരുമാസത്തോളം പരിശീലനം ഉണ്ടായിരുന്നു. അപ്പു ഇപ്പോൾ പ്രഫഷനൽ സർഫർ ആയി കഴിഞ്ഞു. സിനിമകളിൽ നിങ്ങൾക്കത് കാണാൻ കഴിയും.

എന്താണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ആക്‌ഷനും ഡ്രാമയും റൊമാൻസും നിറഞ്ഞ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അപ്പുവിന്റെ എല്ലാ മുഖങ്ങളും സിനിമയിൽ കാണാം. പീറ്റർ ഹെയ്ൻ സാറിന്റെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾ ഗംഭീരമാണ്.

ഈ ചിത്രത്തിൽ ട്രെയിൻ രംഗങ്ങളൊക്കെ പ്രണവിന്റെ ആക്‌ഷന്‍ രംഗങ്ങൾ കണ്ടാൽ ശ്വാസമടക്കിനിന്നുപോകും. ഡ്യൂപ്പ് വെച്ചല്ല അദ്ദേഹം ഇത് ചെയ്തിരിക്കുന്നത്. സാഹസികനായ വ്യക്തിയാണ് പ്രണവ്.

സായയുടെ യഥാർത്ഥ പേര് റേച്ചൽ ഡേവിഡ് എന്നാണ്. കഴിഞ്ഞ വർഷം ചിത്രീകരിച്ച ഒരൊന്നൊന്നര പ്രണയകഥ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും ചിത്രം റിലീസ് ചെയ്തിരുന്നില്ല.

 

ബെംഗളൂരിലായിരുന്നു സായ ജനിച്ചതും വളർന്നതും. ബിബിഎ പൂർത്തിയാക്കിയ ശേഷം മുംബൈയിൽ അഭിനയത്തിനുള്ള പ്രത്യേക പരിശീലനക്ലാസിലും പങ്കെടുത്തിരുന്നു.